'ഇത്തരം ഒരു സിനിമ എനിക്ക് ചെയ്യാനാവില്ല, പക്ഷെ, ജീവിതത്തിൽ പച്ചയ്ക്ക് സംസാരിക്കുന്നയാൾ തന്നെയാണ്': ചുരുളിയെക്കുറിച്ച് വി എ ശ്രീകുമാർ 

മലയാളിയുടെ കപടധാർമ്മികതയെ പൊളിച്ചെഴുതുന്ന ഒന്നാണ് ചുരുളിയെന്ന് ശ്രീകുമാർ
ചിത്രം: ഫേസ്ബുക്ക്
ചിത്രം: ഫേസ്ബുക്ക്

റിലീസ് മുതൽ ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിയൊരുക്കിയ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളിക്ക് അഭിനന്ദനവുമായി സംവിധായകൻ വി എ ശ്രീകുമാർ. കുറ്റം ചെയ്തവർ ഒളിച്ചു താമസിക്കുന്ന ഇടമാണ് ചുരുളി എന്നതിനപ്പുറം ആരാണ് കുറ്റവാളി അല്ലാത്തത് എന്ന ചോദ്യം ചുരുളി ഉയർത്തുന്നു. മലയാളിയുടെ കപടധാർമ്മികതയെ പൊളിച്ചെഴുതുന്ന ഒന്നാണ് ചുരുളിയെന്നാണ് ശ്രീകുമാറിന്റെ വാക്കുകൾ. 

ഇത്തരം ഒരു സിനിമ എനിക്ക് ചെയ്യാനാവില്ലെന്ന് പറഞ്ഞ ശ്രീകുമാർ പക്ഷെ, ഇത്തരത്തിൽ പച്ചയ്ക്ക് ജീവിതത്തിൽ സംസാരിക്കുന്നയാൾ തന്നെയാണ് ഞാൻ എന്നും കുറിപ്പിൽ പറയുന്നു. സിനിമയിലെ പദപ്രയോ​ഗങ്ങൾ സിനിമ ആവശ്യപ്പെടുന്നത് തന്നെയാണെന്നും അസഹ്യമായി തോന്നുന്നവർ കാണണ്ട എന്നേ പറയാനുള്ളു എന്നുമാണ് കുറിപ്പിൽ ശ്രീകുമാർ പറയുന്നു. ചില ക്ലിപ്പുകൾ അടർത്തി എടുത്ത് പ്രചരിപ്പിച്ച് ഇത് 'തൊട്ടുകൂടാൻ' പാടില്ലാത്ത സിനിമയാണ് എന്നു പറയുന്നതിൽ യാതൊരർത്ഥവുമില്ല, അദ്ദേഹം കുറിച്ചു

ശ്രീകുമാർ മേനോന്റെ കുറിപ്പ്

ചുരുളി കണ്ടു.
ലിജോയുടെ സിനിമ എന്നതിനൊപ്പം മധു നീലകണ്ഠന്റെ ക്യാമറ എന്നതും എന്നെ ചുരുളിയോട് അടുപ്പിക്കുന്ന ഘടകമാണ്. മധുവിന്റെ ക്യാമറ എനിക്ക് അത്രയേറെ പ്രിയപ്പെട്ടതാണ്. നിരവധി പരസ്യചിത്രങ്ങളിൽ ഞങ്ങൾ ഒന്നിച്ച് വർക്ക് ചെയ്തിട്ടുണ്ട്. മധുവിനു മാത്രം കഴിയുന്ന ചിലതുണ്ട്. പ്രത്യേകിച്ച്, റിയലും അതേ സമയം ഫാന്റസിയും എന്ന ചുരുളിയുടെ ചേരുവ. മിത്തേത് യാഥാർത്ഥ്യമേത് എന്ന് തിരിച്ചറിയാനാവാത്ത വിധമുള്ള ചുരുളിയുടെ കെട്ടുപിണച്ചിലിന്റെ അനുഭവം കാഴ്ചയും കേൾവിയുമായി സിനിമയിൽ സന്നിവേശിക്കപ്പെട്ടിരിക്കുന്നു. 
സിനിമയുടെ കേൾവിയിലേയ്ക്ക് തന്നെ വരാം. ശബ്ദങ്ങളാണ് സിനിമയുടെ തലമുയർത്തുന്നത്. സിനിമ തുടങ്ങുമ്പോൾ ഷാജിവനോട് പെങ്ങളുടെ ശബ്ദം പറയുന്ന മാടന്റെ കഥ, പിന്നീട് അവർ കണ്ടുമുട്ടുമ്പോൾ പറഞ്ഞതാണ്. ആ പെൺശബ്ദത്തെ തിരഞ്ഞെടുത്തതുമുതൽ ചുരുളിയുടെ ശബ്ദലോകം ആരംഭിക്കുന്നു. പിന്നീട് ആന്റണിയും ഷാജിവനും നടത്തുന്ന ബസ് യാത്രയിലേയ്ക്ക് എത്തുമ്പോൾ, അവരുടെ സംഭാഷണങ്ങളിൽ നിന്നും ഇരുവരും പൊലീസുകാരാണെന്നും ഏൽപ്പിക്കപ്പെട്ട ദൗത്യം എന്താണെന്നും പറയുന്നു. പറച്ചിലിലൂടെയാണ് യാഥാർത്ഥ്യത്തെ കാഴ്ചയിലേയ്ക്ക് ബന്ധിപ്പിച്ചിരിക്കുന്നത്. വിശ്വസിപ്പിക്കുക എന്നതാണല്ലോ മേക്കിങ്. ചുരുളിയും അവിടുള്ള മനുഷ്യരും മാടനുമെല്ലാം ഉള്ളതെന്ന് വിശ്വസിക്കാൻ കഴിയുന്നത്, ഉള്ള ഭാഷയിൽ സംസാരിക്കുന്നതിനാലാണ്. പച്ചയ്ക്ക് പറയുകയാണ് കാര്യവും കഥയും. ആ ഒരു പച്ചപ്പു തന്നെയാണ് ചുരുളിയിലുടനീളമുള്ളത്.
ഇത്തരം ഒരു സിനിമ എനിക്ക് ചെയ്യാനാവില്ല. പക്ഷെ, ഇത്തരത്തിൽ പച്ചയ്ക്ക് ജീവിതത്തിൽ സംസാരിക്കുന്നയാൾ തന്നെയാണ് ഞാൻ. സംസ്‌കൃതീകരിച്ച ശാസ്ത്രീയതയൊന്നും ചില വൈകാരിക ഘട്ടങ്ങളിൽ എന്റെ ഭാഷയ്ക്കും ഉണ്ടാകാറില്ല. സിനിമയിലെ ഭാഷയെ കുറിച്ചുള്ള ചർച്ചകൾ കണ്ടു. 
ഒളിപ്പിച്ചിരിക്കുന്ന ഒരാളെ തേടി അജ്ഞാതരായ രണ്ടു പേർ വരുന്നു. അവർ പൊലീസുകാരാണെന്ന് എല്ലാവർക്കും അതിനു മുൻപേ അറിയാം. അങ്ങനെയുള്ള കഥാഘട്ടത്തിൽ ജോജുവിന്റെ ക്യാരക്ടർ അങ്ങനെ തന്നെ സംസാരിക്കുന്നതാണ് സ്വാഭാവികത. ആ സമയത്ത് 'മാന്യമായ' ഭാഷയിൽ സംസാരിക്കുന്നത് ആ കഥാപാത്രത്തിന് ചേർന്നതല്ല. സിനിമയിലെ ഭാഷ തന്നെ ഉപയോഗിക്കണം. അപ്പോൾ മാത്രമേ സത്യസന്ധത ഉണ്ടാകു. ചുരുളിയിൽ തെറിയുണ്ട് എന്നു പറയുന്നവരുണ്ടാകാം. അസഹ്യമാണെങ്കിൽ അവരത് കാണണ്ട എന്നേ പറയാനുള്ളു. ചില ക്ലിപ്പുകൾ അടർത്തി എടുത്ത് പ്രചരിപ്പിച്ച് ഇത് 'തൊട്ടുകൂടാൻ' പാടില്ലാത്ത സിനിമയാണ് എന്നു പറയുന്നതിൽ യാതൊരർത്ഥവുമില്ല. നമ്മുടെ സാഹിത്യകാരന്മാർ സിനിമാ പാട്ടുകൾ എന്ന നിലയ്ക്ക് എഴുതി വെച്ചിരിക്കുന്നത് ഇഴ പിരിച്ചു നോക്കൂ. അതിൽ പലതും പച്ചത്തെറികളല്ലേ. നമ്മുടെ കുഞ്ഞുങ്ങൾ അതെല്ലാം വേദികളിൽ നിന്ന് പാടുന്നത് കേട്ടിട്ടില്ലേ. നമ്മൾ തന്നെ അത് പാടി നടക്കാറുമുണ്ട്. അതൊന്നും അപഗ്രഥിക്കപ്പെട്ടിട്ടില്ല. ലിജോയെ പോലെ മലയാളിക്ക് അഭിമാനമായ ഒരു സംവിധായകനെ ഇകഴ്ത്താൻ വേണ്ടിയുള്ള ഒരു വിവാദം മാത്രമായേ, ചുരുളി തെറിയാണ് എന്നു പറയുന്നതിനെ കാണാൻ സാധിക്കു. ചുരുളി മലയാളിയുടെ കപടധാർമ്മികതയെ പൊളിച്ചെഴുതുന്നുണ്ട്. നാമത് ഉൾക്കൊള്ളണം.
അധികാരത്തിന്റെയും അധീശത്വത്തിന്റെയും മാത്രമല്ല നിസഹായതയുടേയും ഭയത്തിന്റെയുമെല്ലാം ശബ്ദമായും ചിലത് വരും. 'നായിന്റെ മോനേ' എന്നത് സെൻസർ കട്ടില്ലാതെ തിയറ്ററുകളിൽ കുടുംബ സമേതം നാമിരുന്ന് കാണാറുണ്ട്. 'താങ്കളുടെ അച്ഛൻ നായയാണ്' എന്നതിന്റെ അർത്ഥം എന്താണ്? നേരിട്ട് അമ്മയേയും അമ്മയുടെ ലൈംഗികതയേയും കുറിച്ചാണ് പറയുന്നത്. 'തെണ്ടി'- എന്നാൽ യാചകനേ എന്നും. ഒരാൾ യാചകനാകുന്നത്, ആ അവസ്ഥ എങ്ങനെയാണ് തെറിയാകുന്നത്? നാം പലരും അറിയാതെ വിളിച്ചു പോകുന്ന വാക്കുകളാണിവ. നാം വിളിക്കുന്ന തെറികളുടെ അർത്ഥവും വ്യാപ്തിയും ചിന്തിച്ചാൽ തെറി എന്ന നിലയ്ക്ക് ഇപ്പോൾ വിളിക്കുന്ന പലതും വിളിക്കില്ല. 
ഇതേ തെറികൾ നാം ആഘോഷിക്കുന്ന ഇംഗ്ലീഷ് അടക്കമുള്ള വിദേശ ചിത്രങ്ങളിലുണ്ട്. 'തെറി ഇംഗ്ലീഷിലായാൽ ആഹാ, മലയാളത്തിലാകുമ്പോൾ ഛെ'എന്ന നില ഇരട്ടത്താപ്പാണ്. ഭാഷയുടേയും സംസ്‌ക്കാരത്തിന്റെയും കൂടെയുള്ളതു തന്നെയാണ് തെറികൾ.
സമൂഹം എന്ന നിലയിലല്ലാത്ത പലതരം കൂട്ടങ്ങൾ അരികുകളിലുണ്ട്. വോട്ടില്ലാത്തവർ, പൗരർ എന്ന അംഗീകാരമില്ലാത്തവർ. അവർ കുറ്റവാളികളായതു കൊണ്ടു മാത്രമല്ല അവിടെ എത്തപ്പെടുന്നത്. അന്വേഷിച്ചു വന്ന പ്രതി ചെയ്ത അതേ കുറ്റം നിയമപാലകനും ചുരുളിയിൽ ചെയ്യുമ്പോഴാണ്, അയാളും ചുരുളിയിൽ പെട്ടു പോകുന്നത്.
കുറ്റം ചെയ്തവർ ഒളിച്ചു താമസിക്കുന്ന ഇടമാണ് ചുരുളി എന്നതിനപ്പുറം ആരാണ് കുറ്റവാളി അല്ലാത്തത് എന്ന ചോദ്യം ചുരുളി ഉയർത്തുന്നു. സമൂഹത്തിന്റെ ഭാഷ ഇങ്ങനെയല്ല എന്നു പറയുമ്പോൾ, ദാമ്പത്യം അടക്കമുള്ള ഇടങ്ങളിൽ, ഹിംസാത്മകമായി ഉപയോഗിക്കുന്ന ഭാഷ ഏതേന്ന് നാം ചിന്തിച്ചു നോക്കു. അതെന്തായാലും നമ്മുടെ സിനിമകളിലോ, സീരിയലിലോ, പൊതുസദസിലോ പറയുന്ന ആറ്റിക്കുറുക്കിയ പദാവലിയല്ല. മറിച്ച് ചുരുളിയിലേതു പോലെ തന്നെയാണ്. പൊലീസുകാരിൽ ചിലരടക്കം ഔദ്യോഗിക ഭാഷ പോലെ തെറി ഉപയോഗിക്കുന്ന സമൂഹമാണിത്.  ഉന്നതകുല ജാതരെന്നോ, താഴ്ന്നവർ എന്നുള്ള വ്യത്യാസമൊന്നും തെറി വിളിയിലില്ല. എതിരെ നിൽക്കുന്നവരെ മാനസികമായി തളർത്താനും തകർക്കാനും വാദത്തിലും പെരുമാറ്റത്തിലും ആധിപത്യം ഉപയോഗിക്കാനും തെറി ധാരാളം ഉപയോഗിക്കപ്പെടുന്നുണ്ട്, നമ്മുടെ ശീതീകരിച്ച ഓഫീസ് മുറികളിലടക്കം- ഇപ്പോൾ തെറി എന്ന നിലയ്ക്ക് വിളിക്കുന്ന ഭാഷ കൂടി ചേർന്നതാണ് നാം ഘോഷിക്കുന്ന സംസ്‌ക്കാരം. 
ചുരുളി തെറിയെക്കുറിച്ച് തുറന്ന ചർച്ചയ്ക്കുള്ള വേദികൾ സൃഷ്ടിച്ചു എന്നത് സമൂഹം എന്ന നിലയ്ക്ക് പ്രധാനമാണ്. തെറിയെ കുറിച്ച് മറച്ചു വെച്ചുള്ള സംസാരങ്ങൾക്കു പകരം തുറന്ന സംസാരം സാധ്യമായല്ലോ. പ്രൈം ടൈം കൗണ്ടർ പോയിന്റുകൾക്ക് മീഡിയയും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളും അവസരം നൽകിയല്ലോ. പ്രചാരത്തിലുള്ള തെറികൾ എത്രമാത്രം കുറ്റകരമാണ് എന്നതടക്കമുള്ള ഡിബേറ്റുകൾ നടക്കുകയാണല്ലോ.  
ലിജോ ഈ സിനിമ തീരുമാനിച്ചപ്പോൾ ജോജു ജോർജ്ജ്, വിനയ് ഫോർട്ട്, ചെമ്പൻ വിനോദ്, ജാഫർ ഇടുക്കി, സൗബിൻ തുടങ്ങി സുപരിചിതരും നവാഗരുമായ അഭിനേതാക്കൾ കഥാപാത്രങ്ങളാകാൻ എടുത്ത തീരുമാനം ധീരമാണ്. ധീരമായ ഒന്നിനോടൊപ്പം നിൽക്കുന്നതും ധീരമാണല്ലോ.
ചുരുളി കാഴ്ചക്കാരുടെ എണ്ണത്തിലും സാമ്പത്തിക നേട്ടത്തിലും വലിയ വിജയമാണ് എന്നറിയുന്നതിൽ സന്തോഷം. പ്രദർശനം തുടങ്ങിയ ദിവസം മുതൽ sonylivൽ ഒന്നാമത്തെ ചിത്രമാണ് ചുരുളി. ഞാനിത് എഴുതുമ്പോഴും ആ ഒന്നാം സ്ഥാനം തുടരുകയാണ്. ഇനിയും കാഴ്ചയെത്താത്ത ഭൂമികകളെ കുറിച്ച് കൂടുതൽ സിനിമകൾ ഉണ്ടാകാൻ ചുരുളിയുടെ വിജയം കാരണമാകും എന്നുറപ്പ്. മറ്റു ഇന്ത്യൻ ഭാഷകളിലും സത്യം 'പച്ചക്ക് പറയുന്ന' സിനിമകൾ ഉണ്ടാകാൻ ചുരുളി കാരണമാകും.
നന്ദി ടീം ലിജോ, 
#ചുരുളി തന്നതിന്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com