'മ‍ഞ്ഞിൽ ചിറകുള്ള വെള്ളരിപ്രാവേ...'; പ്രണയവും കുസൃതിയും നിറഞ്ഞ ആ കവിഭാവന ഇനി ഇല്ല

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th November 2021 07:43 AM  |  

Last Updated: 26th November 2021 07:43 AM  |   A+A-   |  

bichu_thirumala_death

ചിത്രം: ഫേസ്ബുക്ക്

 

റ്റക്കമ്പി നാദം മാത്രം മൂളും വീണാഗാനം ഞാൻ..., ശ്രുതിയിൽ നിന്നുയരും നാദശലഭങ്ങളെ... ഓർത്തുവയ്ക്കാൻ നിരവധി ​ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ചാണ് ബിച്ചു തിരുമല പോയ് മറയുന്നത്. 50 വർഷത്തിനിടയിൽ അയ്യായിരത്തിലേറെ സുന്ദര​ഗാനങ്ങളാണ് അദ്ദേഹത്തിന്റെ പേനയിൽ നിന്ന് അടർന്നുവീണത്. പ്രണയവും വിരഹവും നിറയുന്ന മെലഡി ​ഗാനങ്ങൾ മാത്രമല്ല കുസൃതി നിറഞ്ഞ നിരവധി 'കുട്ടി'​ഗാനങ്ങളും ബിച്ചു മലയാളികൾക്ക് സമ്മാനിച്ചു. 

1942 ഫെബ്രുവരി 13ന് ചേർത്തല അയ്യനാട്ടുവീട്ടിൽ സി.ജി ഭാസ്കരൻ നായരുടെയും പാറുക്കുട്ടിയുടെയും മൂത്തമകനായാണ് ബിച്ചു തിരുമല എന്ന ബി.ശിവശങ്കരൻ നായരുടെ ജനനം. മുത്തച്ഛൻ വിദ്വാൻ ഗോപാലപിള്ളയാണ് ബിച്ചു എന്ന ​പേരു നൽകുന്നത്. ​ഗായികയായ സഹോദരി സുശീലാ ദേവിക്ക് മത്സരങ്ങളിൽ പങ്കെടുക്കാനായി കവിതകള‍െഴുതിയാണ് ബിച്ചു തിരുമലയുടെ എഴുത്തു ജീവിതത്തിന്റെ തുടക്കം.

ചെന്നൈയിൽ എത്തിയത് സംവിധായകനാവാൻ

കൊളജ് പഠനം കഴിഞ്ഞ് സിനിമാ മോഹവുമായി ചെന്നൈയിലേക്ക് വണ്ടികയറുമ്പോൾ ​ആ​ഗ്രഹം മുഴുവൻ സംവിധായകൻ ആവുക എന്നതായിരുന്നു. ഏറെ കഷ്ടപ്പാടുകൾക്കൊടുവിൽ സംവിധായകൻ എം. കൃഷ്ണൻ നായരുടെ സഹായിയായി പ്രവർത്തിക്കാൻ അവസരം ലഭിച്ചു. അതിനിടെ ബിച്ചു ഒരു വാരികയിൽ എഴുതിയ കവിത ‘ഭജഗോവിന്ദം’ എന്ന സിനിമയ്ക്കുവേണ്ടി ഉപയോഗിച്ചു. എന്നാൽ ഈ ചിത്രം പുറത്തെത്തിയില്ലെങ്കിലും അദ്ദേഹമെഴുതിയ ​ഗാനം ശ്രദ്ധിക്കപ്പെട്ടു. 

നടൻ മധു സംവിധാനം ചെയ്ത ‘അക്കൽദാമ’ എന്ന ചിത്രമാണ് ബിച്ചു തിരുമല എഴുതിയ ഗാനങ്ങളുമായി ആദ്യം പുറത്തിറങ്ങിയത്. ശ്യാം സംഗീതം നൽകി ബ്രഹ്മാനന്ദൻ പാടിയ ‘നീലാകാശവും മേഘങ്ങളും...’ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ബിച്ചു തിരുമല എന്ന ​ഗാനരചയിതാവ് പിറവിയെടുക്കുന്നത് അവിടെ നിന്നാണ്. സംഗീത സംവിധായകൻ ശ്യാമിനുവേണ്ടിയാണ് അദ്ദേഹം ഏറ്റവുമധികം പാട്ടുകൾ എഴുതിയത്. ഇളയരാജ, എ.ടി ഉമ്മർ, ജെറി അമൽദേവ്, ദക്ഷിണാമൂർത്തി, ദേവരാജൻ മാസ്റ്റർ, രവീന്ദ്രൻ, ഔസേപ്പച്ചൻ തുടങ്ങിയ ഒട്ടുമിക്ക സംഗീതസംവിധായകർക്കൊപ്പവും നിരവധി ഗാനങ്ങൾ ചെയ്തു. എ.ആർ റഹ്മാൻ മലയാളത്തിൽ സംഗീതം നൽകിയ ഏക സിനിമയായ ‘യോദ്ധ’യിലെ വരികളെഴുതിയതും ബിച്ചുവാണ്.  

‘ചെപ്പടിക്കുന്നിൽ ചിന്നിച്ചിണുങ്ങും ചക്കരപൂവേ...’

‘ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ല പൈങ്കിളീ, ‘ഉണ്ണിയാരാരിരോ തങ്കമാരാരിരോ....’,‘മിഴിയോരം നനഞ്ഞൊഴുകും...’ ‘പച്ചക്കറിക്കായത്തട്ടിൽ ഒരു മുത്തശ്ശി പൊട്ടറ്റോ ചൊല്ലി...’നക്ഷത്രദീപങ്ങൾ തിളങ്ങി, നവരാത്രി മണ്ഡപമൊരുങ്ങി ..., ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ല പൈങ്കിളീ ..., പഴംതമിഴ് പാട്ടിഴയും ശ്രുതിയിൽ ... തുടങ്ങിയ നിരവധി ​ഗാനങ്ങളാണ് ബിച്ചു തിരുമലയുടേതായി പുറത്തുവന്നത്. ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത കാർട്ടൂൺ പരമ്പര ‘ജംഗിൾബുക്കി’ലെ ‘ചെപ്പടിക്കുന്നിൽ ചിന്നിച്ചിണുങ്ങും ചക്കരപൂവേ...’ എന്ന ​ഗാനത്തിന്റെ സൃഷ്ടാവും അദ്ദേഹമാണ്. 

​ഗാനരചന മാത്രമായിരുന്നില്ല സം​ഗീത സംവിധാനം, തിരക്കഥ, കഥ, സംഭാഷണം എന്നീ രം​ഗങ്ങളിലെല്ലാം ബിച്ചു തിരുമല കൈവച്ചിട്ടുണ്ട്. 1981 ൽ പുറത്തിറങ്ങിയ സത്യം എന്ന സിനിമയ്ക്കുവേണ്ടിയാണ് അദ്ദേഹം ​ഗാനങ്ങൾ ഒരുക്കിയത്. മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് രണ്ടുതവണ ലഭിച്ചു – 1981 ൽ തൃഷ്ണ, തേനും വയന്നും എന്ന ചിത്രങ്ങളിലെ ​ഗാനങ്ങൾക്കും 1991 ലെ കടിഞ്ഞൂൽ കല്യാണം എന്നീ സിനിമകളിലെ ​ഗാനങ്ങളുമാണ് അവാർഡിന് അർഹരായത്. കൂടാതെ സുകുമാർ അഴീക്കോട് തത്വമസി പുരസ്കാരം, കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ ചലച്ചിത്രരത്നം പുരസ്കാരം, സ്വാതി–പി ഭാസ്കരൻ ഗാനസാഹിത്യപുരസ്കാരം തുടങ്ങിയവയ്ക്കും അർഹനായി.