ഡ്രൈവിങ്ങ് ലൈസൻസ് പുതുക്കാൻ നൽകിയത് കെണിയായി, 'മൂസ' വീണ്ടും 'എം80'യിൽ ; 9 മാസത്തിനു ശേഷം ടെസ്റ്റ് പാസായി നടൻ 

നിയമക്കുരുക്കുകൾ തീർത്ത് വീണ്ടും ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കിയിരിക്കുകയാണ് നടൻ വിനോദ് കോവൂർ
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

കാലാവധി അവസാനിച്ചതിനെ തുടർന്ന് ഒമ്പത് മാസങ്ങൾക്ക് മുമ്പാണ് നടൻ വിനോദ് കോവൂർ ഡ്രൈവിങ്ങ് ലൈസൻസ് പുതുക്കാൻ നൽകിയത്. പിന്നാലെ വിവാദങ്ങളും. നിയമക്കുരുക്കുകൾ തീർത്ത് വീണ്ടും ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കിയിരിക്കുകയാണ് വിനോദ്. 

2019ൽ ലൈസൻസിന്റെ കാലാവധി കഴിഞ്ഞെങ്കിലും ഒരു വർഷത്തിനുശേഷമാണ് ഇക്കാര്യം വിനോദ് ശ്രദ്ധിച്ചത്. കാലാവധി കഴിഞ്ഞ ഒരു വർഷത്തോളമായതിനാൽ റോഡ് ടെസ്റ്റ് ഉൾപ്പെടെയുള്ള‌വ പൂർത്തിയാക്കി മാത്രമേ ലൈസൻസ് പുതുക്കാൻ സാധിക്കൂ. അതുകൊണ്ട് തന്നെ നാട്ടിലുള്ള ഒരു ഡ്രൈവിങ്ങ് സ്‌കൂളിനെ ഇതിനായി സമീപിക്കുകയായിരുന്നു വിനോദ്. വീണ്ടും ടെസ്റ്റുകൾ എടുക്കണമെന്ന് അറിയിക്കുകയും ഫീസ് ഇനത്തിൽ 6300 രൂപ ഇവർ വാങ്ങിക്കുകയും ചെയ്തു. നാടകീയ സംഭവങ്ങളാണ് പിന്നീടുണ്ടായത്. 

വാഹനവകുപ്പിന്റെ സാരഥി വെബ്സൈറ്റ് വഴിയാണ് ഡ്രൈവിങ് ലൈസൻസ് പുതുക്കുക. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർക്ക് സാരഥി വെബ്സൈറ്റിൽ കയറി ഔദ്യോഗിക നടപടികൾ ചെയ്യുന്നതിന് നൽകിയിട്ടുള്ള ഒരു യൂസർ നെയിമും പാസ്‌വേഡും ചോർത്തിയെടുത്ത് ലൈസൻസ് പുതുക്കാനാണ് ഡ്രൈവിങ്ങ് സ്‌കൂളുകാർ ശ്രമിച്ചത്. തന്റെ യൂസർനെയിമും പാസ്‌വേർഡും ഉപയോഗിച്ച് ആരോ നാല് തവണ സൈറ്റിൽ ലോഗിൻ ചെയ്തിട്ടുണ്ടെന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ ഫോണിലേക്ക് ഒരു മെസേജ് വന്നു. ഉടനെതന്നെ അദ്ദേഹം സൈബർസെല്ലിലും മോട്ടോർവാഹനവകുപ്പിലും എൻഐസിയിലും പരാതി നൽകി. പിറ്റേദിവസം നടത്തിയ പരിശോധനയിൽ കോവൂരിലെ സ്ഥാപനത്തിലെ കംപ്യൂട്ടറിൽനിന്നാണ് ലോഗിൻ ചെയ്തതെന്നു കണ്ടെത്തുകയായിരുന്നു.

സ്ഥാപനം റെയ്ഡ് ചെയ്ത് നടത്തിയ പരിശോധനയിൽ ഏതാനും ഡ്രൈവിങ് ലൈസൻസുകളുടെ പുതുക്കൽ നടത്തിയതായി കണ്ടെത്തി. ഇതിൽ വിനോദ് കോവൂരിന്റെ ലൈസൻസും ഉൾപ്പെട്ടിരുന്നു. ഇതോടെ നടന്റേത് അടക്കമുള്ളവരുടെ ലൈസൻസ് റദ്ദായി.  

വകുപ്പിനും മന്ത്രിക്കും പലതവണ അപേക്ഷ നൽകിയതിനെത്തുടർന്നാണ് വാഹനപരീക്ഷയ്ക്ക് അനുമതി ലഭിച്ചത്. ഇതനുസരിച്ച് ഇരുചക്രവാഹനത്തിന്റെയും നാലുചക്രവാഹനത്തിന്റെ പരീക്ഷ നടത്തി. അടുത്തുതന്നെ ലൈസൻസ് കയ്യിൽകിട്ടുമെന്ന സന്തോഷത്തിലാണ് വിനോദ് കോവൂർ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com