'അച്ഛനൊപ്പമുള്ള ആദ്യ ചിത്രം'; മിലി പാക്കപ്പായി; മാത്തുക്കുട്ടിക്കും നോബിളിനും നന്ദി പറഞ്ഞ് ജാൻവി കപൂർ

ഹെലൻ സംവിധാനം ചെയ്ത മാത്തുക്കുട്ടി സേവ്യർ തന്നെയായിരുന്നു ഹിന്ദി റീമേക്കും ഒരുക്കിയത്
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം

ലയാളത്തിൽ മികച്ച വിജയം നേടിയ ചിത്രം ഹെലന്റെ ഹിന്ദി റീമേക്കിന്റെ ചിത്രീകരണം പൂർത്തിയായി. മിലി എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ ജാൻവി കപൂറാണ് നായികയായി എത്തുന്നത്. ഹെലൻ സംവിധാനം ചെയ്ത മാത്തുക്കുട്ടി സേവ്യർ തന്നെയായിരുന്നു ഹിന്ദി റീമേക്കും ഒരുക്കിയത്. ഇപ്പോൾ ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയ സന്തോഷം പങ്കുവച്ചുകൊണ്ട് ജാൻവി കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്.  പ്രമുഖ നിർമാതാവും ജാൻവിയുടെ അച്ഛനുമായ ബോണി കപൂറാണ് ചിത്രം നിർമിച്ചത്. അച്ഛനും മകളും ഒന്നിക്കുന്ന ആദ്യ ചിത്രമായിരുന്നു മിലി. മാത്തുക്കുട്ടിക്കും നടനും നിർമാതാവുമായ നോബിൾ ബാബു തോമസിനും താരം നന്ദിയും കുറിച്ചിട്ടുണ്ട്.

ജാൻവി കപൂറിന്റെ കുറിപ്പ്

‘മിലിയുടെ ഷൂട്ടിങ് പാക്കപ്പ് ആയി.  എന്റെ ജീവിതത്തിന്റെ കഥകളിലൂടെ മാത്രം കേട്ടിട്ടുള്ള പപ്പ എന്ന നിർമാതാവിനോടൊപ്പമുള്ള എന്റെ ആദ്യ സിനിമ.  പപ്പയോടൊപ്പം വർക്ക് ചെയ്തത് വളരെ രസകരമായ അനുഭവമായിരുന്നു.  പപ്പ ഏറ്റെടുക്കുന്ന ഓരോ സിനിമയും അദ്ദേഹം ഹൃദയവും ആത്മാവും നൽകിയാണ് ചെയ്യുന്നതെന്ന്  മറ്റുള്ളവർ പറയാറുണ്ട്. അത് സത്യമാണെന്ന് എനിക്കിപ്പോഴാണ് മനസ്സിലായത്. മിലി എനിക്ക് ഏറെ പ്രിയപ്പെട്ടതാകാൻ കാരണം സിനിമയെ ജീവശ്വാസമായി കാണുന്ന മാത്തുക്കുട്ടി സേവ്യർ സാറിനെപ്പോലെ ഒരാളുമായി പ്രവർത്തിച്ചതുകൊണ്ടു കൂടിയാണ്.  നോബിൾ ബാബു തോമസ് എന്നോട് കാണിച്ച സഹനത്തിനും മാർഗ നിർദേശങ്ങൾക്കും നന്ദി.  യാത്ര എത്ര ദുഷ്കരമാണെങ്കിലും സത്യസന്ധതയോടെയും കഠിനാധ്വാനത്തോടെയും പ്രവർത്തിക്കുകയാണെങ്കിൽ അത് മനോഹരമായ യാത്രയായി മാറും എന്നെന്നെ പഠിപ്പിച്ചതിനും നന്ദി.  എല്ലാം കൊണ്ടും ‘മിലി’ എനിക്കേറെ വിലപ്പെട്ടതാണ്.  സിനിമ കാണുമ്പോൾ നിങ്ങൾക്കും അങ്ങനെതന്നെ തോന്നുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു!  ഈ യാത്രയിൽ ഒപ്പം കൂട്ടിയതിനു നന്ദി പപ്പാ.’

അന്ന ബെന്നും ലാലുമാണ് ഹെലനിൽ പ്രധാന വേഷത്തിലെത്തിയത്. ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള ദേശീയ അവാർഡും മാത്തുക്കുട്ടി നേടിയിരുന്നു. ചിത്രം ഒടിടിയിൽ എത്തിയതോടെയാണ് കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്.  ഹെലൻ സിനിമയുടെ തമിഴ് പതിപ്പ് 'അൻപിർക്കിനിയാൾ' ഈയിടെ പുറത്തിറങ്ങിയിരുന്നു. അരുണ്‍ പാണ്ഡ്യനും മകള്‍ കീര്‍ത്തി പാണ്ഡ്യനും അഭിനയിച്ച ചിത്രം നിർമിച്ചത് ഗോകുലായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com