വർഷങ്ങളോളം തുറന്നു ചിരിക്കാൻ കഴി‍ഞ്ഞില്ല, ബുളീമിയയുടെ തീവ്രമായ അവസ്ഥയിലേക്ക് എത്തിപ്പെട്ടു; തുറന്നുപറഞ്ഞ് പാർവതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th October 2021 12:24 PM  |  

Last Updated: 08th October 2021 12:24 PM  |   A+A-   |  

parvathy_thiruvoth

ചിത്രം; ഇൻസ്റ്റ​ഗ്രാം

 

ഭാരത്തെക്കുറിച്ചും ശരീരപ്രകൃതിയെക്കുറിച്ചും അമിത ആശങ്കയുള്ളവർ എത്തിച്ചേരുന്ന ബുളീമിയ എന്ന രോഗം അതിജീവിച്ച അനുഭവം തുറന്ന് പറഞ്ഞ് നടി പാർവതി തിരുവോത്ത്. മറ്റുള്ളർ തന്റെ ശരീരത്തെയും കഴിക്കുന്ന ആഹാരത്തെയും കുറിച്ച് പറഞ്ഞിരുന്നത് മാനസികമായി തളർത്തിയിരുന്നുവെന്നും അത് ബുളീമിയ എന്ന അവസ്ഥയിലേക്ക് എത്തിച്ചെന്നും പാർവതി ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു. 

പാർവതിയുടെ കുറിപ്പ്

ഞാൻ വർഷങ്ങളോളം എന്റെ ചിരി അടക്കിപ്പിടിച്ചിട്ടുണ്ട്. ചിരിക്കുമ്പോൾ എന്റെ കവിളുകൾ വലുതാകുന്നതിനെ കുറിച്ച് എന്റെ കൂടെ ജോലി ചെയ്തിരുന്ന പലരും പറയുമായിരുന്നു. എന്റെ താടി ഷാർപ്പ് അല്ലെന്ന് അവരിൽ പലരും പറഞ്ഞിട്ടുണ്ട്. ഞാൻ ചിരിക്കുന്നതു തന്നെ നിർത്തി. വർഷങ്ങളോളം തുറന്നു ചിരിക്കാതെ മുഖം വിടർത്താതെ ഞാൻ പതുക്കെ ചിരിച്ചുകൊണ്ടിരുന്നു.

ജോലി സ്ഥലത്തും മറ്റ് പരിപാടികളിലും ഞാൻ തനിച്ചു ഭക്ഷണം കഴിക്കാൻ തുടങ്ങി. കാരണം, ഞാൻ എടുക്കുന്ന ഭക്ഷണത്തിന്റെ അളവ് എത്രയെന്ന് നോക്കാതിരിക്കാൻ പലർക്കും കഴിയുമായിരുന്നില്ല. ഭക്ഷണം കഴിക്കുമ്പോൾ തന്നെ എന്നോട് 'കുറച്ച് കഴിച്ചൂടെ' എന്ന് അവർ ചോദിക്കും. അടുത്ത വാ ഇറക്കാൻ പോലും പിന്നെ കഴിയില്ല. 

ഞാൻ അവസാനം കണ്ടതിലും നീ തടി വച്ചോ?
നീ കുറച്ചു മെലിയണം
ആഹാ... നീ തടി കുറഞ്ഞോ? നന്നായി
നീ ഡയറ്റിങ്ങൊന്നും ചെയ്യുന്നില്ലേ?
നീ കൂടുതൽ കഴിക്കുന്നുണ്ടെന്ന് ഞാൻ നിന്റെ ഡയറ്റീഷനോട് പറയും
മാരിയാൻ സിനിമയിലെപ്പോലെ തടി കുറച്ചൂടെ!

ഞാൻ നല്ലതിന് വേണ്ടിയാണ് പറഞ്ഞത്, ഇതൊക്കെ തമാശയായി എടുത്തൂടെ തുടങ്ങിയ കമന്റുകൾ ഒന്നും തന്നെ എന്റെ ശരീരം കേട്ടിരുന്നില്ല. ആളുകൾ പറയുന്നതെല്ലാം തന്നെ ഞാൻ എന്റെ മനസിലേക്ക് എടുക്കുകയും സ്വയം അത്തരം കമന്റുകൾ പറയാനും തുടങ്ങി. അതിന് ഞാൻ ക്ഷമ ചോദിക്കുന്നു. പക്ഷേ, ആ വാക്കുകളെല്ലാം എന്നെ ബാധിക്കാതിരിക്കാൻ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല. വൈകാതെ തന്നെ ഞാൻ ബുളീമിയയുടെ തീവ്രമായ അവസ്ഥയിലേക്ക് എത്തിപ്പെട്ടു.

അതിൽ നിന്നും ഇപ്പോഴത്തെ അവസ്ഥയിലേക്കെത്താൻ എനിക്ക് വർഷങ്ങളുടെ പ്രയത്‌നം വേണ്ടിവന്നു. എന്റെ സുഹൃത്തുക്കളുടെയും, ഫിറ്റ്‌നസ് കോച്ചിന്റെയും, തെറാപ്പിസ്റ്റിന്റെയും സഹായത്തോടെ ഞാൻ വീണ്ടും തുറന്ന് ചിരിക്കാൻ തുടങ്ങി. മറ്റുള്ളവരുടെ ശരീരത്തെ കുറിച്ചുള്ള നിങ്ങളുടെ തമാശകളും, കമന്റുകളും, അഭിപ്രായങ്ങളുമെല്ലാം നിങ്ങളുടെ മനസിൽ തന്നെ സൂക്ഷിച്ചാൽ മതി. അത് എത്ര നല്ലതിന് വേണ്ടിയാണെങ്കിലും പറയാതിരിക്കുക.