ഈ യുവ മന്ത്രിയുടെ വാക്കുകളില്‍ അഭിമാനിക്കാം; മുഹമ്മദ് റിയാസിനെ അഭിനന്ദിച്ച് മല്ലിക സുകുമാരൻ
By സമകാലിക മലയാളം ഡെസ്ക് | Published: 16th October 2021 01:05 PM |
Last Updated: 16th October 2021 01:05 PM | A+A A- |

ചിത്രം; ഫേയ്സ്ബുക്ക്
കരാറുകാരെ കൂട്ടി എംഎല്‍എമാര്‍ തന്നെ കാണാന്‍ വരരുതെന്ന പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നിലപാട് വലിയ ചർച്ചകൾക്കാണ് വഴിവച്ചിരിക്കുന്നത്. ഇപ്പോൾ മുഹമ്മദ് റിയാസിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് നടി മല്ലിക സുകുമാരൻ. നല്ലതെന്നു തോന്നുന്ന, ആലോചിച്ച് എടുത്ത തീരുമാനങ്ങളില്‍ ഉറച്ചു നില്‍ക്കണമെന്നും അങ്ങനെയുള്ള ഭരണാധികാരികളോട് സ്നേഹവും ആദരവും തോന്നും എന്നുമാണ് മല്ലിക കുറിച്ചത്. യുവ മന്ത്രിയുടെ വാക്കുകളില്‍ ഇടതു മുന്നണിക്കും അഭിമാനിക്കാമെന്നും മല്ലിക പറയുന്നു. ഫേയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രശംസ.
മല്ലികാ സുകുമാരന്റെ കുറിപ്പ്
ഞാന്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തകയല്ല..നല്ലതെന്നു തോന്നുന്ന, ആലോചിച്ച് എടുത്ത തീരുമാനങ്ങളില്‍ ഉറച്ചു നില്‍ക്കുക.. ജനഹിതം അനുസരിച്ച് നിര്‍ഭയം അവ നടപ്പിലാക്കുക.... അങ്ങനെയുള്ള ഭരണാധികാരികളോടാണ് പഴയ തലമുറക്കാരിയായ എന്നെപ്പോലെയുള്ള മുതിര്‍ന്നവര്‍ക്ക് സ്നേഹവും ആദരവും ... ഈ യുവ മന്ത്രിയുടെ വാക്കുകളില്‍ ഇടതു മുന്നണിക്കും അഭിമാനിക്കാം.... അഭിനന്ദനങ്ങള്‍ ശ്രീ.മൊഹമ്മദ് റിയാസ്...
നിയമസഭയിലെ പ്രസംഗം
കരാറുകാരെ കൂട്ടി, അല്ലെങ്കില്‍ കരാറുകാര്‍ എംഎല്‍എമാരുടെ ശുപാര്‍ശയില്‍ മന്ത്രിയുടെ അടുത്ത് വരുന്ന ഒരു സ്ഥിതി ഉണ്ടാകാന്‍ പാടില്ല. അങ്ങനെ വന്നാല്‍ അത് ഭാവിയില്‍ പല രീതിയിലേക്കും ദോഷത്തിന് കാരണമാകും എന്നായിരുന്നു കഴിഞ്ഞ 7ാം തീയതി നിയമസഭയിലെ ചോദ്യോത്തരവേളയില്‍ വെച്ച് മന്ത്രി പറഞ്ഞത്. എംഎല്‍എമാര്‍ വരേണ്ടതില്ലെന്ന് പറഞ്ഞത് മറ്റ് മണ്ഡലങ്ങളിലെ കരാറുകാരേയും കൂട്ടി വരുന്നതിനെക്കുറിച്ചാണ്. സ്വന്തം മണ്ഡലത്തിലെ എംഎല്‍എമാരുമായി കരാറുകാര്‍ വരുന്നതില്‍ തെറ്റില്ല. ചില എം.എല്‍.എമാര്‍ മറ്റ് മണ്ഡലങ്ങളില്‍ ഇടപെടുന്നുവെന്നും മന്ത്രി പറഞ്ഞു.
അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നും കരാറുകാരെ സംബന്ധിച്ച കാര്യങ്ങള്‍ പറഞ്ഞത് ആലോചിച്ച് ഉറപ്പിച്ചാണെന്നും റിയാസ് പറഞ്ഞു. ഉറക്കത്തില്‍ പറഞ്ഞതല്ല അതുകൊണ്ട് തന്നെ ഖേദം പ്രകടിപ്പിച്ചിട്ടുമില്ല. കരാറുകാരുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ടിട്ടുണ്ട്. താന്‍ പറയുന്നത് എല്ലാ കരാറുകാരും ഉദ്യോഗസ്ഥരും ഒരുപോലെയാണെന്നല്ല. ചിലര്‍ തമ്മില്‍ അവിശുദ്ധ കൂട്ടുക്കെട്ടുണ്ടെന്നാണ് പറഞ്ഞത്.
അവിശുദ്ധ കൂട്ടുകെട്ട് സംബന്ധിച്ച് താന്‍ പറഞ്ഞ കാര്യങ്ങള്‍ സിഎജി റിപ്പോര്‍ട്ടിലും പരാമര്‍ശമുള്ള കാര്യങ്ങളാണ്. കരാറുകാരുമായി ഇടപെടുമ്പോള്‍ അവര്‍ ആരാണെന്ന് അന്വേഷിക്കുന്നത് സ്വാഭാവികമാണ്. അത്തരം ഇടപെടലുകളില്‍ ശ്രദ്ധ വേണമെന്നത് ഇടതുമുന്നണിയുടെ നിലപാടാണ്. അതില്‍ ഭരണകക്ഷി എംഎല്‍എമാര്‍ എതിര്‍പ്പ് പ്രകടിപ്പിക്കുമെന്ന് കരുതുന്നില്ല.
പ്രശ്‌നങ്ങളുണ്ടെങ്കില്‍ എംഎല്‍എമാര്‍ക്ക് വരാം
എംഎല്‍എമാര്‍ക്ക് തീര്‍ച്ചയായും ഏതൊരു പ്രശ്‌നത്തിനും മന്ത്രിയെ കാണാം. ആ ഒരുനിലപാട് എടുക്കുന്നയാളാണ് താന്‍. സ്വന്തം മണ്ഡലത്തിലെ പൊതുമരാത്ത് പ്രശ്‌നങ്ങളുണ്ടെങ്കില്‍ എംഎല്‍എമാര്‍ക്ക് സമീപിക്കാം. മറ്റൊരുമണ്ഡലത്തിലെ കരാറുകാരന് വേണ്ടി എംഎല്‍എ മാര്‍ വരുമ്പോള്‍ മണ്ഡലത്തിലെ എംഎല്‍എമാരും അതൃപ്തി വ്യക്തമാക്കിയിട്ടുണ്ട്. തന്റെ നിയമസഭയിലെ പ്രസംഗത്തില്‍ എന്താണ് തെറ്റെന്നും റിയാസ് ചോദിച്ചു.