അപൂർവ ബഹുമതി; എം ജയചന്ദ്രനെ വീട്ടിലെത്തി ആദരിച്ച് വി ശിവൻകുട്ടി; ചിത്രങ്ങൾ

വർഷങ്ങളായി ഹൃദയബന്ധം പുലർത്തുന്ന വ്യക്തിക്ക് അപൂർവ ബഹുമതി ലഭിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്

സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ എം ജയചന്ദ്രനെ വീട്ടിലെത്തി ആദരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംഗീത സംവിധാനത്തിനും പശ്ചാത്തല സംഗീതത്തിനുമാണ് ജയചന്ദ്രന് പുരസ്കാരം ലഭിച്ചത്.  ജയചന്ദ്രനെ പൊന്നാട അണിയിച്ച് ആദരിക്കുന്നതിന്റെ ചിത്രങ്ങൾക്കൊപ്പം ശിവൻകുട്ടിയാണ് വിവരം പങ്കുവെച്ചത്. രണ്ടു വിഭാ​ഗത്തിനും ഒരാൾക്ക് തന്നെ അവാർഡ് കിട്ടുന്നത് അപൂർവതയാണെന്ന് ശിവൻകുട്ടി പറഞ്ഞു. വർഷങ്ങളായി ഹൃദയബന്ധം പുലർത്തുന്ന വ്യക്തിക്ക് അപൂർവ ബഹുമതി ലഭിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ശിവൻ കുട്ടിയുടെ ഫേയ്സ്ബുക്ക് കുറിപ്പ്

സംഗീത സംവിധാനത്തിനും പശ്ചാത്തല സംഗീതത്തിനും ഒരാൾക്ക് സംസ്ഥാന സർക്കാർ പുരസ്‌കാരം ലഭിക്കുക എന്നത് അപൂർവമാണ്. വർഷങ്ങളായി ഹൃദയബന്ധം പുലർത്തുന്ന വ്യക്തിക്കാണ് ഈ അപൂർവ ബഹുമതി ലഭിച്ചതെങ്കിൽ അതിൽപരം സന്തോഷം എന്തുണ്ട്. പുരസ്‌കാരജേതാവായ ശ്രീ.എം ജയചന്ദ്രനെ വീട്ടിലെത്തി കണ്ടു. ചെറുപ്പം മുതൽ ജയചന്ദ്രനെ അറിയാം. ഇനിയുമിനിയും മികച്ച പുരസ്‌കാരങ്ങൾ ജയചന്ദ്രനെ തേടിയെത്തട്ടെ എന്ന് ഞാൻ ആശംസിക്കുന്നു.

പ്രണയവും സൂഫിസവും ചേർന്ന സം​ഗീതം

അതിഥി റാവു, ദേവ് മോഹൻ, ജയസൂര്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അന്തരിച്ച ഷാനവാസ് നാരായണിപുഴ സംവിധാനം ചെയ്ത സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെയാണ് എം ജയചന്ദ്രന് അപൂർവ നേട്ടം സ്വന്തമാക്കിയത്. ​ഗസലുകളുടെയും സൂഫി സം​ഗീതത്തിന്റെയും മനോഹരമായ മിശ്രണത്തിലൂടെ പ്രണയത്തിന്റെ ആത്മീയവും മായികവുമായ ഭാവങ്ങൾ അനുഭവിപ്പിച്ച സം​ഗീത മികവ് എന്നാണ് ​ഗാനത്തിന് ജൂറി നൽകിയ വിലയിരുത്തൽ. പ്രണയവും സൂഫിസവും ആത്മീയതയും കലർന്ന ഈ സിനിമയുടെ കഥാപശ്ചാത്തലത്തിന്  വേണ്ടി അനുയോജ്യമായ രീതിയിൽ സം​ഗീതം ഒരുക്കിയതിനാണ് പശ്ചാത്തല സം​ഗീതത്തിനും അവാർഡ് ലഭിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com