'എട്ടു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ദൈവം കനിഞ്ഞു നല്‍കിയ  മകളുടെ ഈ ജന്‍മദിനവും ആഘോഷമില്ലാതെ'; പ്രേംകുമാറിന്റെ കുറിപ്പ്

മകളുടെ പിറന്നാളിനോടനുബന്ധിച്ച് നടന്‍ പ്രേം കുമാര്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു
പ്രേംകുമാര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ചിത്രം
പ്രേംകുമാര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ചിത്രം


കളുടെ പിറന്നാളിനോടനുബന്ധിച്ച് നടന്‍ പ്രേം കുമാര്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. ലോകമൊട്ടാകെയുള്ള പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ബാല്യങ്ങളെയോര്‍ത്ത് എട്ടു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ദൈവം കനിഞ്ഞു നല്‍കിയ മകളുടെ ഈ ജന്‍മദിനവും ആഘോഷങ്ങളില്ലാതെ കടന്നുപോയെന്ന് പ്രേം കുമാര്‍ കുറിച്ചു. എന്നിരുന്നാലും മകളുടെ പിറന്നാള്‍ ഓര്‍ത്ത് ആശംസകള്‍ അറിയിച്ചവര്‍ക്ക് നന്ദി പറയുന്നുവെന്നും പ്രേം കുമാര്‍ കൂട്ടിച്ചേര്‍ത്തു.

പ്രേം കുമാറിന്റെ കുറിപ്പ് വായിക്കാം

ഓര്‍ക്കാനൊരു ജന്മദിനംപോലുമില്ലാത്ത കുഞ്ഞുങ്ങള്‍...           
തങ്ങള്‍ക്ക് ഓര്‍ക്കാനും തങ്ങളെ ഓര്‍ക്കാനും, ആരുമില്ലാത്ത കുഞ്ഞുങ്ങള്‍...
ഓര്‍മകളില്‍ പോലും ഒരാളുമില്ലാത്ത അനാഥരായ കുഞ്ഞുങ്ങള്‍...
'ഓര്‍ക്കരുതാത്തതുകള്‍' മാത്രം... 'ഓര്‍മിക്കാനുള്ള' കുഞ്ഞുങ്ങള്‍.
ഓര്‍മകള്‍ പോലുമില്ലാത്ത കുഞ്ഞുങ്ങള്‍...
തെരുവോരങ്ങളിലെ അനാഥരായ കുഞ്ഞുങ്ങള്‍...
ചേരികളിലും അതിനെക്കാള്‍ പരിതാപകരമായ ഇടങ്ങളിലും അലയുന്ന, ജീവിതത്തിന്റെ ചെളിക്കുണ്ടുകളില്‍ വീണുലയുന്ന പാര്‍ശ്വവത്കരിക്കപ്പെട്ട പാവം കുഞ്ഞുങ്ങള്‍...
ഒരല്പം ഭക്ഷണത്തിനുപോലും നിവൃത്തിയില്ലാതെ വിശന്നുകരയുന്ന നിരാംലബ ബാല്യങ്ങള്‍...ദാരിദ്ര്യത്തിന്റെ, നരകയാതനയുടെ ദീനരോദനം മുഴക്കുന്ന നിഷ്‌കളങ്കരായ കുഞ്ഞുങ്ങള്‍...
പഠിക്കേണ്ട പ്രായത്തില്‍ അതിനു കഴിയാതെ കുടുംബത്തിന്റെ ഭാരം മുഴുവന്‍ ചുമലിലേറ്റി ബാലവേലയ്ക്ക് നിര്‍ബന്ധിതരാകുന്ന കുഞ്ഞു ബാല്യങ്ങള്‍...
ക്രൂരമായി പീഡിപ്പിക്കപ്പെടുന്ന നിരാശ്രയരായ കുഞ്ഞുങ്ങള്‍...
പട്ടിണിയിലും ഇരുട്ടിലുമുഴലുന്ന, ആദിവാസി ഊരുകളില്‍ പോഷകാംശം ലേശവുമില്ലാതെ മരിച്ചുവീഴുന്ന കുരുന്നുകുഞ്ഞുങ്ങള്‍...
മാരകരോഗങ്ങള്‍ 
അംഗവൈകല്യം  
ബുദ്ധിമാന്ദ്യം തുടങ്ങി ഈ ലോകത്തിന്റെ വര്‍ണ്ണവും വെളിച്ചവും മനോഹാരിതയുമെല്ലാം നിഷേധിക്കപ്പെട്ട് ഒന്നും അറിയാനാകാതെ, ഇരുളിലുഴലുന്ന കുഞ്ഞുങ്ങള്‍.
ലോകമെമ്പാടുമുള്ള നിസ്സഹായരായ ഈ കുഞ്ഞുമക്കളെയെല്ലാം ഓര്‍ത്തുകൊണ്ട്  
അവരെക്കുറിച്ചുള്ള നീറുന്ന ചിന്ത ഉള്ളില്‍ നിറച്ചുകൊണ്ട്  
ആ കുഞ്ഞു ബാല്യങ്ങളെയെല്ലാം ഹൃദയത്തോട് ചേര്‍ത്തുകൊണ്ട് 
അവര്‍ക്കായി മനമുരുകി പ്രാര്‍ത്ഥിച്ചുകൊണ്ട് 
എട്ടു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ 
ദൈവം കനിഞ്ഞു നല്‍കിയ 
ഞങ്ങളുടെ കുഞ്ഞിന്റെ 
ഒരു ജന്മദിനംകൂടി 
പതിവുപോലെ 
ഓരാഘോഷവും ആരവങ്ങളുമില്ലാതെ
കടന്നുപോയി...
ഞങ്ങളുടെ കുഞ്ഞിനെ ഓര്‍മിച്ചവര്‍ക്ക്, 
ആശംസകളറിയിച്ചവര്‍ക്ക്, 
പ്രാര്‍ത്ഥിച്ചവര്‍ക്ക്...
ഏവര്‍ക്കും... ഏവര്‍ക്കും ഹൃദയം നിറഞ്ഞ 
നന്ദി......
എല്ലാവര്‍ക്കും എല്ലാ നന്മയും സ്‌നേഹവും സന്തോഷവും സമാധാനവുമാശംസിക്കുന്നു...
ഹൃദയപൂര്‍വ്വം 
പ്രേംകുമാര്‍  ജിഷാപ്രേം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com