ആര്യന് നല്ല ഭാവിയുണ്ട്, ലഹരിവിമുക്ത കേന്ദ്രത്തിൽ പ്രവേശിപ്പിക്കണം, എല്ലാ ശീലവും മാറും; കേന്ദ്രമന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th October 2021 03:13 PM  |  

Last Updated: 25th October 2021 03:13 PM  |   A+A-   |  

shah-rukh-aryan-

ഫയല്‍ ചിത്രം

 

മുംബൈ; ആഢംബര കപ്പലിൽ നടന്ന പാർട്ടിയിൽ ലഹരിമരുന്ന് ഉപയോഗിച്ച കേസിൽ അറസ്റ്റിലായ ഷാരുഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഇപ്പോൾ ജയിലിലാണ്. തുടർച്ചയായുള്ള ജാമ്യാപേക്ഷയെല്ലാം തള്ളിയതോടെ ആഴ്ചകളായി താരപുത്രം ജയിലിൽ തുടരുകയാണ്. ആര്യൻ ഖാനെ ലഹരിവിമുക്ത കേന്ദ്രത്തിൽ പ്രവേശിപ്പിച്ച് പുതിയ മനുഷ്യനാക്കി മാറ്റണമെന്ന് പറയുകയാണ് കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ. 

പുതിയ നിയമം വേണം

ചെറുപ്രായത്തിൽ മയക്കുമരുന്നു ശീലിക്കുന്നത് നല്ലതല്ല. ആര്യനെ ലഹരിവിമുക്ത കേന്ദ്രത്തിൽ പ്രവേശിപ്പിക്കണമെന്ന് ഷാരൂഖ് ഖാനോട് താൻ പറഞ്ഞിട്ടുണ്ട്. ആര്യനെ ജയിലിൽ ഇടുന്നതിന് പകരം രണ്ടോ മൂന്നോ മാസം ലഹരിവിമുക്ത കേന്ദ്രത്തിലാക്കണം. ഈ രാജ്യത്ത് ഒട്ടേറെ കേന്ദ്രങ്ങളുണ്ട്. എല്ലാ ശീലവും മാറിക്കൊള്ളും. ആര്യന് നല്ല ഭാവിയുണ്ട്- രാംദാസ് അത്താവാലെ പറഞ്ഞു. 

മയക്കുമരുന്ന് ഉപയോഗത്തിൽ അറസ്റ്റിലാകുന്നവരെ ജയിലിൽ അയക്കുന്നതിന് പകരം ലഹരിവിമുക്ത കേന്ദ്രത്തിൽ ചികിത്സയിൽ അയക്കുന്നതിനായി പുതിയ നിയമം ഉണ്ടാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഢംബര കപ്പലിൽ നടന്ന പാർട്ടിയിൽ ലഹരിമരുന്ന് ഉപയോഗിച്ച കേസിൽ പിടിയിലായ ആര്യൻ ഖാൻ ഇപ്പോൾ മുംബൈയിലെ ആർതർ റോഡ് ജയിലിലാണ്. 

18 കോടി കൈക്കൂലി 

അതിനിടെ ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വലിയ വെളിപ്പെടുത്തലാണ് പുറത്തുവന്നത്. കേസുമായി ബന്ധപ്പെട്ട് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ സോണല്‍ ഡയറക്ടര്‍ സമീര്‍ വാംഖഡെ, കേസിലെ സാക്ഷിയായ കെപി ഗോസാവി തുടങ്ങിയവര്‍ ഗൂഢാലോചന നടത്തിയെന്നും കോടികള്‍ കൈക്കൂലി വാങ്ങിയതായി വെളിപ്പെടുത്തല്‍. ഇവര്‍ക്കിടയില്‍ നടന്ന 18 കോടി രൂപയുടെ ഇടപാട് സംബന്ധിച്ച് തനിക്കറിയാമെന്നും സാക്ഷികളിലൊരാളായ പ്രഭാകര്‍ സെയില്‍ പറഞ്ഞു. 

ഞായറാഴ്ച ഫയല്‍ചെയ്ത സത്യവാങ്മൂലത്തിലാണ് എന്‍സിബിക്കെതിരായ പ്രഭാകറിന്റെ വെളിപ്പെടുത്തലുകള്‍. കേസില്‍ സാക്ഷിപ്പട്ടികയിലുള്ള കെപി. ഗോസാവിയുടെ ബോഡിഗാര്‍ഡാണ് പ്രഭാകര്‍. നേരത്തെ ആഡംബര കപ്പലിലെ ഗോസാവിയുടെ സാന്നിധ്യം വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ലഹരിമരുന്ന് കേസിലെ സാക്ഷിയായ പ്രഭാകര്‍ സെയില്‍ ഗുരുതര വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുന്നത്.