'കണ്ടക്ടറായിരുന്നപ്പോൾ എന്റെ കഴിവ് തിരിച്ചറിഞ്ഞ കൂട്ടുകാരൻ', ബസ് ഡ്രൈവറിന് ഫാൽക്കെ അവാർഡ് സമർപ്പിച്ച് രജനീകാന്ത്, വിഡിയോ

അവാർഡ് സ്വീകരിച്ചതിനു ശേഷം നടത്തിയ പ്രസം​ഗത്തിലാണ് തന്റെ ​ഗുരുവിനും സഹോദരനുമൊപ്പം കൂട്ടുകാരൻ രാജ് ബഹദൂറിനെക്കുറിച്ചും അദ്ദേഹം പറഞ്ഞത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്ത്യൻ സിനിമയിലെ പരമോന്നത പുരസ്കാരമായ ദാദാ സാഹെബ് ‍ഫാല്‍കെ അവാർഡ് തന്റെ പഴയ കൂട്ടുകാരനായ ബസ് ഡ്രൈവറിന് സമർപ്പിച്ച് സൂപ്പർതാരം രജനികാന്ത്. അവാർഡ് സ്വീകരിച്ചതിനു ശേഷം നടത്തിയ പ്രസം​ഗത്തിലാണ് തന്റെ ​ഗുരുവിനും സഹോദരനുമൊപ്പം കൂട്ടുകാരൻ രാജ് ബഹദൂറിനെക്കുറിച്ചും അദ്ദേഹം പറഞ്ഞത്. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് പ്രസം​ഗത്തിന്റെ വിഡിയോ. 

അവരില്ലാതെ ഞാൻ ആരുമല്ല

'ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചതില്‍ ഞാന്‍ വളരെ അധികം സന്തോഷവാനാണ്. എന്നെ അവാര്‍ഡിനായി പരിഗണിച്ചതിന് കേന്ദ്രസര്‍ക്കാരിനോട് നന്ദി പറയുന്നു.ഈ അവാർഡ് എന്റെ വഴികാട്ടിയും ഗുരുനാഥനുമായ കെ. ബാലചന്ദർ സാറിന് സമർപ്പിക്കുന്നു.  ഈ നിമിഷം ഞാൻ അദ്ദേഹത്തെ നന്ദിയോടെ സ്മരിക്കുന്നു, അതോടൊപ്പം തന്നെ എന്നെ മഹത്തായ മൂല്യങ്ങൾ പഠിപ്പിച്ച് വളർത്തിയ പിതാവിനു തുല്യനായ എന്റെ ജ്യേഷ്ഠസഹോദരൻ സത്യനാരായണ റാവു ഗെയ്ക്‌വാദിനും  കർണാടകയിലെ എന്റെ സുഹൃത്തും ട്രാൻസ്പോർട്ട് ബസ് ഡ്രൈവറും സഹപ്രവർത്തകനുമായ രാജ് ബഹദൂറിനും ഈ അവാർഡ് സമർപ്പിക്കുന്നു. ഞാൻ ഒരു ബസ് കണ്ടക്ടറായിരുന്നപ്പോൾ എന്നിലെ അഭിനയ പ്രതിഭയെ തിരിച്ചറിഞ്ഞ് എന്നെ സിനിമയിലേക്ക് കാലെടുത്തു വയ്ക്കാൻ പ്രോത്സാഹിപ്പിച്ചത് രാജ് ബഹദൂറാണ്.  

എന്റെ സിനിമകൾ നിർമിച്ച എല്ലാ നിർമ്മാതാക്കൾക്കും  സംവിധായകർക്കും എന്നോടൊപ്പം പ്രവർത്തിച്ച സാങ്കേതിക വിദഗ്ധർക്കും എന്നോടൊപ്പം അഭിനയിച്ച നടീനടന്മാർക്കും, വിതരണക്കാരും, മാധ്യമപ്രവർത്തകർക്കും എന്റെ എല്ലാ ആരാധകർക്കും ഞാൻ ഈ അവാർഡ് സമർപ്പിക്കുകയാണ്.  എന്നെ വളർത്തിയ എന്റെ ദൈവങ്ങളായ തമിഴ് മക്കൾക്ക് നന്ദി, അവരില്ലാതെ ഞാൻ ആരുമല്ല.  എല്ലാ തമിഴ് മക്കൾക്കും ഈ അവാർഡ് സമർപ്പിക്കുന്നു.' - രജനീകാന്ത് പറഞ്ഞു. 

51ാമത് ഫാല്‍ക്കെ അവാര്‍ഡ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവില്‍ നിന്നാണ് രജനീകാന്ത് ഏറ്റുവാങ്ങിയത്. ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ സംഭാവനകളെ മാനിച്ചാണ് ദാദാസാഹെബ് ഫാല്‍ക്കെ അവാര്‍ഡ് സമ്മാനിക്കുന്നത്. ഇന്ത്യന്‍ ചലച്ചിത്രത്തിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ദാദാസാഹിബ് ഫാല്‍ക്കെയുടെ 100-ആം ജന്മവാര്‍ഷികമായ 1969 മുതല്‍ക്കാണ് ഈ പുരസ്‌കാരം നല്കിത്തുടങ്ങിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com