'പൊന്നിയിൻ സെൽവൻ' ഷൂട്ടിങ്ങിനിടെ കുതിര ചത്തു, മണിരത്നത്തിന്റെ നിർമാണ കമ്പനിക്കെതിരെ കേസ്

ഫിലിം സെറ്റില്‍ നിരവധി കുതിരകളെ മണിക്കൂറുകളോളം ഉപയോഗിച്ചെന്നും അതിനാല്‍ മൃഗങ്ങള്‍ ക്ഷീണിക്കുകയും നിര്‍ജ്ജലീകരണം സംഭവിക്കുകയും ചെയ്തെന്നും പരാതി
മണി രത്നം, പ്രതീകാത്മക ചിത്രം/ ഫയൽ ചിത്രം
മണി രത്നം, പ്രതീകാത്മക ചിത്രം/ ഫയൽ ചിത്രം

ചെന്നൈ: 'പൊന്നിയിന്‍ സെല്‍വന്റെ' ചിത്രീകരണത്തിന് എത്തിച്ച കുതിര ചത്ത സംഭവത്തിൽ കേസെടുത്ത് പൊലീസ്. സംവിധായകൻ മണിരത്നത്തിന്റെ പ്രൊഡക്ഷന്‍ ഹൗസ് മദ്രാസ് ടാക്കീസിന്റെ മാനേജ്‌മെന്റിനെതിരെയും കുതിരയുടെ ഉടമയ്‌ക്കെതിരെയുമാണ് കേസ്. കുതിര ചത്തതിൽ  ഇന്ത്യ അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡാണ് പരാതി നൽകിയത്. 

ഓ​ഗസ്റ്റ് 11നാണ് ഷൂട്ടിങ്ങിനിടെ കുതിര ചത്തുവെന്ന് കാണിച്ച് പെറ്റ ഇന്ത്യയുടെ ഒരു സന്നദ്ധപ്രവര്‍ത്തകന്‍ പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് കേസ് എടുത്തതെന്ന് പൊലീസ് പറഞ്ഞു. ഫിലിം സെറ്റില്‍ നിരവധി കുതിരകളെ മണിക്കൂറുകളോളം ഉപയോഗിച്ചെന്നും അതിനാല്‍ മൃഗങ്ങള്‍ ക്ഷീണിക്കുകയും നിര്‍ജ്ജലീകരണം സംഭവിക്കുകയും ചെയ്തെന്നും പരാതിയിലുണ്ട്. ഇതാണ് കുതിരയുടെ മരണത്തിന് കാരണമെന്നും പരാതിയില്‍ പറയുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. കുതിരയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ല. 

മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രം വമ്പൻ താരനിരയിലാണ് ഒരുങ്ങുന്നത്. വിക്രം, ഐശ്വര്യ റായ്, ജയം രവി, കാര്‍ത്തി, തൃഷ, ജയറാം, ഐശ്വര്യലക്ഷ്‍മി,  പ്രഭു, ശരത് കുമാര്‍തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തുന്നത്. കല്‍കി കൃഷ്‍ണമൂര്‍ത്തിയുടെ അതേ പേരിലുള്ള നോവലിനെ ആസ്‍പദമാക്കി നിര്‍മ്മിക്കുന്ന ചിത്രം എപിക് ഹിസ്റ്റോറിക്കല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്നതാണ്. രണ്ട് ഭാഗങ്ങളിലായാണ് ചിത്രം തിയറ്ററുകളില്‍ എത്തുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com