'രേവതി' മുതൽ '​ഗീത' വരെ; പ്രിയദർശൻ സിനിമകളിലെ പെൺപവർ, വിഡിയോ

പ്രധാന നായികമാര്‍ മാത്രമല്ല ചെറിയ വേഷങ്ങളില്‍ എത്തുന്ന നടിമാര്‍ക്കുപോലും പ്രിയദര്‍ശന്‍ തന്റേതായ ഒരു ടച്ച് നല്‍കാറുണ്ട്. സുകുമാരിയുടേയും കെപിഎസി ലളിതയുടേയും കഥാപാത്രങ്ങളാണ് എടുത്തു പറയേണ്ടത്
'രേവതി' മുതൽ '​ഗീത' വരെ; പ്രിയദർശൻ സിനിമകളിലെ പെൺപവർ, വിഡിയോ

ഷ്ടമില്ലാത്ത കല്യാണത്തില്‍ നിന്നു രക്ഷപ്പെടാനാണ് രേവതി തന്റെ വീടുപേക്ഷിച്ച് നഗരത്തിലേക്ക് കുടിയേറുന്നത്. സര്‍ക്കാര്‍ ജോലിക്കാരിയായ കൂട്ടുകാരി അവിടെയുണ്ടെന്ന ബലത്തില്‍. അവളുടെ ധൈര്യം കണ്ട് കൂട്ടുകാരിപോലും അമ്പരപ്പെടുന്നുണ്ട്. 1984ല്‍ പുറത്തിറങ്ങിയ പൂച്ചയ്‌ക്കൊരു മൂക്കുത്തി എന്ന ചിത്രത്തിലെ നായിയകയാണ് രേവതി. ഇത്രയും ധൈര്യം ഞാന്‍ ചാള്‍സ് ശോഭരാജിനുപോലും കണ്ടിട്ടില്ലെന്ന ഡയലോഗു പറയാന്‍ പറ്റുന്ന കഥാപാത്രം. മലയാള സിനിമയുടെ നെഞ്ചിലേക്ക് ഒരു കസേരയും വലിച്ചിട്ട് പ്രിയദര്‍ശന്‍ കയറി ഇരുന്നത് ഈ രേവതിയില്‍ നിന്നാണ്. പിന്നീട് മനോഹരമായ ഒട്ടനവധി സിനിമാ അനുഭവങ്ങള്‍ അദ്ദേഹം സമ്മാനിച്ചു. അപ്പോഴെല്ലാം നായകനോളമോ അതിനേക്കാള്‍ ഏറെയോ നായികമാര്‍ക്ക് പ്രാധാന്യമുണ്ടായിരുന്നു. ഇന്നത്തെ കാലത്തെ പോലും അമ്പരപ്പിക്കുന്ന പ്രിയദര്‍ശന്റെ നായികമാരിലേക്ക്. 

1988 ല്‍ ചിത്രം എന്ന സിനിമ റിലീസ് ചെയ്യുമ്പോള്‍ മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ പദവിയിലാണ് മോഹന്‍ലാല്‍. എന്നാല്‍ ഈ ചിത്രത്തില്‍ മോഹന്‍ലാലിനേക്കാള്‍ ഒരുപടി മുകളിലാണ് നായികയായ കല്യാണിയുടെ കഥാപാത്രം. പ്രണയിച്ചവന്‍ ചതിക്കുമ്പോള്‍ അച്ഛനു മുന്നില്‍ നാടകം കളിക്കനായി ദിവസവാടകയ്ക്ക് ഭര്‍ത്താവിനെ തേടുന്നവള്‍. മോഹന്‍ലാലിന്റെ കഥാപാത്രമായ വിഷ്ണുവുമായുള്ള പോരാട്ടത്തിലൂടെയാണ് കല്യാണി പ്രേക്ഷക ഹൃദയം കീഴടക്കുന്നത്. മൂന്നു വര്‍ഷത്തിനു ശേഷം വീണ്ടും മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിച്ചപ്പോഴാണ് കിലുക്കം പിറക്കുന്നത്. അടിമുടി കോമഡി കൊണ്ടു നിറഞ്ഞ ചിത്രം. മോഹന്‍ലാല്‍ ജഗതി ജോഡി ചിത്രത്തില്‍ ചിരി നിറക്കുന്നുണ്ടെങ്കിലും കിലുക്കത്തിലെ യഥാര്‍ത്ഥ താരം രേവതിയാണ്. കോമഡി സിനിമകളില്‍ നായികമാര്‍ക്ക് ഇത്രത്തോളം പ്രാധാന്യം നല്‍കുന്ന മറ്റൊരു സംവിധായകനെ കണ്ടെത്താന്‍ പാടാണ്. 

തുടക്ക കാലത്തെ പ്രിയദര്‍ശന്റെ സിനിമകളെല്ലാം ടോം ആന്‍ഡ് ജെറി കളിപോലെ രസകരമായിരുന്നു. വെള്ളാനകളുടെ നാട്ടില്‍ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി പ്രിയദര്‍ശന്‍ റിയലിസ്റ്റിക് സിനിമയിലേക്ക് ചുവടുവെക്കുന്നത്. അതിന് ശക്തി പകര്‍ന്നത് ശ്രീനിവാസന്റെ തിരക്കഥ ആയിരുന്നു. ചിത്രത്തില്‍ ശോഭനയാണ് നായികയായി എത്തിയത്. രാധ എന്ന മുനിസിപ്പല്‍ കമ്മീഷണറുടെ വേഷത്തില്‍. തുടക്കത്തില്‍ നായകന്റെ എതിരാളിയായാണ് നില്‍ക്കുന്നതെങ്കിലും പിന്നീട് അവനെ മുന്നോട്ടുനയിക്കുന്നത് രാധയാണ്. പ്രിയദര്‍ശന്‍ സിനിമകളില്‍ ശോഭന എത്തിയപ്പോഴെല്ലാം  അത് ആരാധകരുടെ് മറക്കാനാവാത്ത കഥാപാത്രങ്ങളായി. മിന്നാരത്തിലെ നീനയും തേന്മാവിന്‍ കൊമ്പത്തിലെ കാര്‍ത്തുമ്പിയുമെല്ലാം പ്രേക്ഷകരുടെ മനസു കീഴടക്കിയവരാണ്. 

പ്രധാന നായികമാര്‍ മാത്രമല്ല ചെറിയ വേഷങ്ങളില്‍ എത്തുന്ന നടിമാര്‍ക്കുപോലും പ്രിയദര്‍ശന്‍ തന്റേതായ ഒരു ടച്ച് നല്‍കാറുണ്ട്. സുകുമാരിയുടേയും കെപിഎസി ലളിതയുടേയും കഥാപാത്രങ്ങളാണ് എടുത്തു പറയേണ്ടത്. പുരുഷ പിന്തുണയില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീകളുടെ പ്രതിനിധിയായാണ് സുകുമാരിയമ്മ പ്രിയദര്‍ശന്‍ സിനിമകളില്‍ കൂടുതല്‍ എത്താറുള്ളത്. വന്ദനത്തിലെ മാഗി ആന്റിയും ബോയിംഗ് ബോയിങ്ങിലെ ഡിഖമ്മായിയും കാക്കക്കുയിലിലെ സാവിത്രിയുമെല്ലാം ഇത്തരത്തില്‍ വ്യത്യസ്തരായിരുന്നു. 

പൊലീസുകാരെപ്പോലും വിറപ്പിച്ചു നിര്‍ത്തുന്ന മേഘത്തിലെ അച്ചമ്മയും ഈ കൂട്ടത്തിലുള്ളതാണ്. കെപിഎസി ലളിതയാണ് ഈ വേഷത്തിലെത്തിയത്. ചിത്രത്തിലെ മമ്മൂട്ടിയുടെ കേണല്‍ രവി വര്‍മ തമ്പുരാന്‍ പോലും അച്ചമ്മയുടെ മുന്നില്‍ മുട്ടുവിറയ്ക്കുന്നുണ്ട്. തേന്മാവിന്‍ കൊമ്പത്തിലെ കാത്തുവാണ് ആരാധകരുടെ മനം കവര്‍ന്ന മറ്റൊരു കഥാപാത്രം. തന്റെ  പ്രണയത്തിനുവേണ്ടി വര്‍ഷങ്ങളോളം കാത്തിരിക്കുന്നവള്‍. സിനിമയില്‍ വളരെ കുറച്ചു മാത്രമാണ് ഈ കഥാപാത്രത്തെ കാണിക്കുന്നത്. എന്നാല്‍ സ്വരുക്കൂട്ടിവച്ച പൊന്ന് വലിച്ചെറിഞ്ഞുപോകുന്ന ആ ഒറ്റ രംഗത്തിലൂടെ കാത്തു നമ്മുടെ നായികയായി മാറും. 

സ്ത്രീകളെ നന്മയുടെ നിറകുടങ്ങളാക്കി മാത്രം കാണിക്കാതെ നെഗറ്റീവ് ഷെയ്ഡ് കൊടുക്കാനും മടിക്കാത്ത സംവിധായകനാണ് പ്രിയദര്‍ശന്‍. മലയാള സിനിമയില്‍ പെണ്‍ക്രൂരതകളെ പലപ്പോഴും അസൂയയിലും കുശുമ്പിലും ഒതുക്കലാണ് പതിവ്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തയാണ് ഗീതാഞ്ജലിയിലെ കൊടും ക്രൂരയായ നായിക. സഹോദരിയെ കൊന്ന് അവളുടെ കാമുകനെ തന്റേതാക്കുന്ന കഥാപാത്രം. സത്യം പുറത്തുവരാതിരിക്കാന്‍ അമ്മയെ പോലും വകവരുത്താന്‍ ഇവള്‍ ഒരുങ്ങുന്നുണ്ട്. 

കാക്കക്കുയിലിലൂടെ അസ്സല്‍ കള്ളിയേയും അദ്ദേഹം നമുക്ക് സമ്മാനിക്കുന്നുണ്ട്. ബാങ്ക് മോഷണ സംഘത്തിലെ ഏക പെണ്‍തരി. പ്രധാനകള്ളന്‍ അകത്താകുമ്പോള്‍ പണം സൂക്ഷിച്ചിരിക്കുന്ന രഹസ്യ സ്ഥലം കണ്ടെത്താന്‍ പല വഴിയും ഇവള്‍ സ്വീകരിക്കുന്നുണ്ട്. കൂട്ടത്തില്‍ ഏറ്റവും കൗശലക്കാരിയാണ് എലീന. തേന്മാവിന്‍ കൊമ്പത്തിലെ സുകുമാരിയുടെ ഗിന്‍ജമൂഡ ഗാന്ധാരി പക്കാ ഫ്യൂഡല്‍ വില്ലത്തിയാണ്. ശ്രീഹള്ളി എന്ന ഗ്രാമത്തിലെ കോടതി തന്നെ ഇവരാണ്. ഗാന്ധാരിയമ്മ കഴിഞ്ഞിട്ടെ ആ നാട്ടില്‍ മറ്റാരുമൊള്ളൂ.

സ്ത്രീകള്‍ മാത്രം കഥാപാത്രങ്ങളായി വരുന്ന ക്രൈം ത്രില്ലര്‍ ഒരുക്കിയും പ്രിയദര്‍ശന്‍ ഞെട്ടിച്ചിട്ടുണ്ട്. മലയാളത്തിലും തമിഴിലുമായി ഒരുക്കിയ രാക്കിളിപ്പാട്ടില്‍ പ്രധാന വേഷങ്ങളിലെത്തുന്നത് സ്ത്രീകള്‍ മാത്രമാണ്. ഒരു കോളജ് കാമ്പസില്‍ നടക്കുന്ന കൊലപാതകം പറയുന്ന സിനിമയിലൂടെ തന്ത്രശാലിയായ ഒരു വില്ലത്തിയേയും പ്രിയദര്‍ശന്‍ മലയാളത്തിന് നല്‍കി. 2000ല്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം റിലീസ് ചെയ്യാന്‍ 2007 വരെ കാത്തിരിക്കേണ്ടിവന്നു. എന്നാല്‍ ചിത്രത്തിന് വേണ്ടത്ര ശ്രദ്ധ നേടാനായില്ല. ഏറെ പ്രത്യേകതകളോടെ പുറത്തിറങ്ങിയ ഈ ചിത്രം 
അദ്ദേഹത്തിന്റെ 50ാം സിനിമയായിരുന്നു. 

തന്റേടിയായ നായികയെ അടിച്ചു നേര്‍വഴിക്കു നടത്തുന്ന നായകന്മാര്‍ എന്നും മലയാള സിനിമയ്ക്ക് ഒരു വീക്ക്‌നെസായിരുന്നു. ഇത്തരത്തില്‍ ഹീറോ പരിവേഷം കിട്ടിയ കഥാപാത്രങ്ങളും നിരവധിയാണ്. എന്നാല്‍ തന്റെ നായികമാരെ ആരും അങ്ങനെ അടിച്ചു ചട്ടം പഠിപ്പിക്കണ്ട എന്ന നിലപാടായിരുന്നു പ്രിയദര്‍ശന്. ടോക്‌സിക് രംഗങ്ങളോട് അദ്ദേഹം എന്നും അകലം പാലിച്ചിരുന്നു. നായകന്മാര്‍ കൈവച്ചപ്പോഴെല്ലാം ആ ബന്ധത്തില്‍ നിന്ന് പുറത്തുപോകാനുള്ള സ്വാതന്ത്ര്യവും തന്റെ നായികമാര്‍ക്ക് അദ്ദേഹം നല്‍കി. 

മേഘത്തിലെ മമ്മൂട്ടിയുടെ കേണല്‍ രവി വര്‍മ തമ്പുരാനാണ് പ്രിയദര്‍ശന്റെ ടോക്‌സിക് കഥാപാത്രങ്ങളിലൊന്ന്. മോഡേണ്‍ സ്വഭാവക്കാരിയായ സ്വാതിയെ പ്രണയിച്ചാണ് കേണല്‍ വിവാഹം കഴിക്കുന്നത്. കല്യാണം കഴിഞ്ഞാല്‍ തന്റെ വഴിക്കു വന്നോളും എന്ന ഉറപ്പില്‍. എന്നാല്‍ തന്റെ സ്വഭാവം മാറ്റാന്‍ അവള്‍ തയാറായിരുന്നില്ല. അവളോടുള്ള ഇഷ്ടക്കേട് പലരീതിയില്‍ കേണല്‍ പ്രകടിപ്പിക്കുന്നുണ്ട്. അവസാനം പൊതുസ്ഥലത്തുവച്ച് മുഖത്തു അടിക്കുന്നതുവരെ എത്തും. എല്ലാം സഹിച്ച് ഭര്‍ത്താവിനൊപ്പം നില്‍ക്കാതെ സ്വാതി ആ ബന്ധം അവസാനിപ്പിക്കുകയാണ്. സ്വാതി അനുഭവിക്കുന്ന പ്രശ്‌നങ്ങളെ കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ചിത്രത്തിനാവുന്നുണ്ട്. അത്രയും ടോക്‌സിക്കായ കേണലിന്റെ കയ്യിലേക്ക് നായികയെ വെച്ചുകൊടുക്കാതിരുന്നതിനും പ്രിയദര്‍ശന്‍ കയ്യടി അര്‍ഹിക്കുന്നു. വെള്ളാനകളുടെ നാട്ടില്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രവും തന്റെ കാമുകിക്കുമേല്‍ അമിത സ്വാതന്ത്ര്യം എടുക്കുന്നുണ്ട്. അപ്പോഴത്തെ ചോരത്തിളപ്പില്‍ കോളജില്‍ വച്ച് രാധയുടെ മുഖത്തടിക്കും. അതോടെ ആ ബന്ധം അവസാനിക്കും. സിപിയുടെ ജീവിതം തന്നെ മാറിമറിയുന്നത് ഇതിനു ശേഷമാണ്. 

മലയാളികളുടെ സിനിമാകാഴ്ചയില്‍ മനോഹരമായ ഫ്രെയ്മുകള്‍ ചേര്‍ത്തുവെച്ച സംവിധായകനാണ് പ്രിയദര്‍ശന്‍. സൂപ്പര്‍ഹിറ്റ് സംവിധായകനായി നിറഞ്ഞു നില്‍ക്കുമ്പോഴും അദ്ദേഹത്തിന്റെ സിനിമകളിലെ സവര്‍ണാധിപത്യവും ദളിത് വിരുദ്ധതയുമെല്ലാം കടുത്ത വിമര്‍ശനങ്ങള്‍ക്കും ഇരയാകാറുണ്ട്. അതിനൊപ്പം തന്നെ പ്രിയദര്‍ശന്റെ നായികമാരും ആഘോഷിക്കപ്പെടണം. ഹീറോയിസവും സ്ത്രീവിരുദ്ധതയുമില്ലാതെ അദ്ദേഹം നേടിയ സൂപ്പര്‍ഹിറ്റുകള്‍ ചര്‍ച്ചയാവണം. കാമുകിയെ ചട്ടം പഠിപ്പിക്കുന്ന കലിപ്പന്മാരെയോ ഭര്‍ത്താവിന്റെ പീഡനം സഹിച്ച് നില്‍ക്കുന്ന സ്ത്രീകളെയോ അല്ല ഇനി മലയാളത്തിന് ആവശ്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com