താലിബാനും ആർഎസ്എസും ഒരേപോലെയെന്ന് ജാവേദ് അക്തർ, കൈകൂപ്പി മാപ്പു പറഞ്ഞില്ലെങ്കിൽ സിനിമ വിലക്കുമെന്ന് ബിജെപി

'അവരോട് മാപ്പ് പറഞ്ഞില്ലെങ്കിൽ അദ്ദേഹത്തിന്റെ സിനിമകൾ രാജ്യത്ത് പ്രദർശിപ്പിക്കാൻ ഞങ്ങൾ അനുവദിക്കില്ല'
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മുംബൈ; ആർഎസ്എസിനെ താലിബാനോട് ഉപമിച്ചതിന് കവിയും ​ഗാനരചയിതാവുമായ ജാവേദ് അക്തറിനെതിരെ പ്രതിഷേധം. തൊഴുകയ്യോടെ മാപ്പ് അപേക്ഷിച്ചില്ലെങ്കിൽ ജാവേദ് അക്തറിന്റെ ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നാണ് ഭീഷണി. മഹാരാഷ്ട്ര ബിജെപി എംഎൽഎ രാം കദം ആണ് രൂക്ഷവിമർശനവുമായി രം​ഗത്തെത്തിയത്. ആർഎസ്​എസ്​ നേതൃത്വത്തോടും പ്രവർത്തകരോടും​ ക്ഷമ ചോദിച്ചില്ലെങ്കിൽ അക്തറിൻറെയും കുടുംബാംഗങ്ങളുടെയും ചിത്രങ്ങൾ ​പ്രദർശിപ്പിക്കാൻ അനുവദിക്കല്ലെന്നാണ് പറയുന്നത്. 

താലിബാൻ മുസ്ലിം രാഷ്ട്രം ആ​ഗ്രഹിക്കുന്ന പോലെ ഹിന്ദു രാഷ്ട്രം ആ​ഗ്രഹിക്കുന്നവരും ഉണ്ട്. ഈ ആളുകൾ എല്ലാം ഒരേ ചിന്താഗതിക്കാരാണ് - അത് മുസ്ലീം ആകട്ടെ, ക്രിസ്ത്യൻ ആകട്ടെ, ജൂതനോ ഹിന്ദുവോ ആകട്ടെ. താലിബാൻ പ്രാകൃതരും അവരുടെ പ്രവർത്തനങ്ങൾ അപലപനീയവുമാണ്. എന്നാൽ ആർഎസ്എസ്, വിഎച്ച്​പി, ബജ്​രംഗ്​ദൾ എന്നിവയെ പിന്തുണക്കുന്നവരും ഒന്നുതന്നെയാണെന്നായിരുന്നു ജാവേദ് അക്തർ പറഞ്ഞത്. 

ജാവേദ് അക്തറിന്റെ ഈ പ്രസ്താവന ലജ്ജാകരമാണെന്നാണ് രാം കദം പറഞ്ഞത്.  അദ്ദേഹത്തിന്റെ പ്രസ്താവന സംഘത്തിന്റെയും വിശ്വഹിന്ദു പരിഷത്തിന്റെയും കോടിക്കണക്കിന് പ്രവർത്തകർക്കും അവരുടെ ആശയങ്ങൾ പിന്തുടരുന്ന ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകൾക്കും വേദനാജനകവും അപമാനകരവുമാണ്. ഇതേ പ്രത്യയശാസ്ത്രമുള്ള ആളുകളാണ് ഇപ്പോൾ സർക്കാർ ഭരിക്കുന്നതെ ചിന്തിക്കണമായിരുന്നു. താലിബാനെപ്പോലെയാണെങ്കിൽ, അദ്ദേഹത്തിന് ഈ പരാമർശങ്ങൾ നടത്താൻ കഴിയുമായിരുന്നോ എന്നും എംഎൽഎ ചോദിക്കുന്നത്. 

രാജ്യത്തെ പാവപ്പെട്ട ജനങ്ങൾ‌ക്കായി പ്രവർത്തിക്കുന്ന ആർ.എസ്.എസ് പ്രവർത്തകരുടെ വികാരത്തെ അദ്ദേഹം വ്രണപ്പെടുത്തി. അവരോട് മാപ്പ് പറഞ്ഞില്ലെങ്കിൽ അദ്ദേഹത്തിന്റെ സിനിമകൾ രാജ്യത്ത് പ്രദർശിപ്പിക്കാൻ ഞങ്ങൾ അനുവദിക്കില്ല. രാജ്യത്തിനായി ജീവിതം സമർപ്പിച്ച സംഘ പ്രവർത്തകരോട് കൈ കൂപ്പി മാപ്പ് പറയുന്നതുവരെ അദ്ദേഹത്തിന്റെ ഒരു സിനിമയും ഈ ഭാരത മണ്ണിൽ പ്രദർശിപ്പിക്കാൻ ഞങ്ങൾ അനുവദിക്കില്ല.- രാം കദം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com