തെലുങ്ക് താരം സായ് ധരം തേജിന് ബൈക്കപകടത്തിൽ പരിക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th September 2021 10:41 AM  |  

Last Updated: 11th September 2021 10:41 AM  |   A+A-   |  

sai_tej_accident

സായ് ധരം തേജ്/ ഫേയ്സ്ബുക്ക്

 

തെലുങ്ക് നടൻ സായ് ധരം തേജിന് ബൈക്കപകടത്തില്‍ പരിക്കേറ്റു. ഹൈദരാബാദിൽ വച്ചാണ് അപകടമുണ്ടായത്. പ്രശസ്‍തമായ ദുര്‍ഗംചെരുവു കേബിള്‍ പാലത്തിലൂടെ സ്പോര്‍ട്‍സ് ബൈക്ക് ഓടിച്ചുപോകുമ്പോഴായിരുന്നു അപകടം. ആശുപത്രിയിൽ പ്രവേശിപ്പിച്ച താരത്തിന്റെ പരുക്ക് സാരമുള്ളതല്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. 

അപകടം കണ്ട നാട്ടുകാരാണ് താരത്തെ സമീപത്തെ ആശുപത്രിയിൽ എത്തിക്കുന്നത്. പിന്നീട് ജൂബിലി ഹിൽസ് അപ്പോളോ ഹോസ്പിറ്റലിലേക്ക് മാറ്റി. ഹെൽമറ്റ് ധരിച്ചിരുന്നതിനാലാണ് ​ഗുരുതമായ പരുക്കേൽക്കാതിരുന്നത്. സായ് ധരം തേജ് അപകടനില തരണം ചെയ്‍തെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും തെലുങ്ക് സിനിമകളുടെ പിആര്‍ഒ ആയ വംശി കാക ട്വീറ്റ് ചെയ്‍തി. ഡോക്ടര്‍മാരുടെ മുന്‍കരുതല്‍ എന്ന നിലയിലുള്ള നിരീക്ഷണത്തിലാണെന്നും വ്യക്തമാക്കി. 

സൂപ്പർതാരം ചിരഞ്ജീവിയുടെ അനന്തിരവനാണ് സായ്. താരത്തിന്റെ അപകട വിവരം അറിഞ്ഞ് പവൻ കല്യാൺ, സുദീപ് കിഷൻ, വൈഷ്ണവ് തേജ്, വരുൺ തേജ്, നിഹാരിക, ചിരഞ്ജീവിയുടെ ഭാര്യ സുരേഖ തുടങ്ങിയവർ ആശുപത്രിയിൽ എത്തി. ദേവ കട്ട സംവിധാനം ചെയ്യുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം 'റിപബ്ലിക്കി'ന്‍റെ ചിത്രീകരണത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയായിരുന്നു ഈ ദിവസങ്ങളില്‍ സായ് ധരം തേജ്.