അമ്മച്ചീ എന്ന വിളി, ചിരിച്ചുകൊണ്ട് പേടിപ്പിച്ച ചെമ്പന്‍മുടിക്കാരന്‍; മലയാളികളുടെ സ്വന്തം 'ജോണ്‍ ഹോനായി'

'ഇന്‍ ഹരിഹര്‍ നഗര്‍' എന്ന സിനിമയിറങ്ങിയിട്ട് മൂന്ന് പതിറ്റാണ്ടു കഴിഞ്ഞെങ്കിലും ഇന്നും ഒറ്റ ബാക്ക്ഗ്രൗണ്ട് മ്യൂസിക് മാത്രം മതി ആ മുഖം മലയാളികളുടെ മനസില്‍ തെളിയാന്‍
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

സ്യൂട്ടും കോട്ടും ടൈയും അണിഞ്ഞ് കണ്ണടയും വച്ച് നിറഞ്ഞ ചിരിയുമായി നില്‍ക്കുന്ന ചെമ്പന്‍മുടിക്കാരന്‍. 'അമ്മച്ചീ' എന്ന വിളിയിലൂടെ പേടി നിറക്കാന്‍ കഴിയുമെന്നു തെളിയിച്ച ജോണ്‍ ഹോനായ് എന്ന സുന്ദരനായ വില്ലന്‍. 'ഇന്‍ ഹരിഹര്‍ നഗര്‍' എന്ന സിനിമയിറങ്ങിയിട്ട് മൂന്ന് പതിറ്റാണ്ടു കഴിഞ്ഞെങ്കിലും ഇന്നും ഒറ്റ ബാക്ക്ഗ്രൗണ്ട് മ്യൂസിക് മാത്രം മതി ആ മുഖം മലയാളികളുടെ മനസില്‍ തെളിയാന്‍. റിസബാവ എന്ന പേര് മലയാളത്തില്‍ അടയാളപ്പെടുത്തുന്നത് ജോണ്‍ ഹോനായിയിലൂടെയാണ്. 

നായകനായാണ് റിസബാവ  സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. 1990ല്‍ പുറത്തിറങ്ങിയ ഡോക്ടര്‍ പശുപതി എന്ന ചിത്രത്തിലൂടെ. എന്നാല്‍ സിനിമയിലെ നായികാനായകന്മാരേക്കാള്‍ കയ്യടി നേടിയത് മറ്റു കഥാപാത്രങ്ങളായിരുന്നു. അതിനു പിന്നാലെയാണ് ഇന്‍ ഹരിഹര്‍ നഗര്‍ റിലീസാവുന്നത്. സിനിമയും സിനിമയിലെ ജോണ്‍ ഹോനായി എന്ന വില്ലനും സൂപ്പര്‍ഹിറ്റായതോടെ റിബസാവയുടെ ഭാഗ്യം തെളിയുകയായിരുന്നു. പിന്നീട് വില്ലനായും സഹതാരമായുമെല്ലാം നിരവധി ചിത്രങ്ങളിലാണ് അദ്ദേഹം വേഷമിട്ടത്. 

1966സെപ്റ്റംബര്‍ 24 ന് കൊച്ചിയിലെ തോപ്പുംപടിയിലാണ് റിസബാവ ജനിക്കുന്നത്. നാടക വേദികളില്‍ സജീവമായിരുന്നു അദ്ദേഹം 1984ലാണ്  സിനിമയില്‍ ഭാഗ്യം പരീക്ഷിക്കുന്നത്. വിഷുപ്പക്ഷി എന്ന ചിത്രത്തില്‍ അഭിനയിച്ചെങ്കിലും ഈ ചിത്രം റിലീസായില്ല. പിന്നീട സിനിമയില്‍ അഭിനയിക്കാന്‍ അദ്ദേഹത്തിന് ആറ് വര്‍ഷം കാത്തിരിക്കേണ്ടിവന്നു. 

90കളില്‍ സിനിമയില്‍ നിറഞ്ഞു നിന്ന അദ്ദേഹം ആനവാല്‍ മോതിരം, ഇരിക്കൂ എം.ഡി. അകത്തുണ്ട്, ജോര്‍ജ്ജുകുട്ടി c/oജോര്‍ജ്ജുകുട്ടി, ചമ്പക്കുളം തച്ചന്‍, ഏഴരപ്പൊന്നാന, എന്റെ പൊന്നു തമ്പുരാന്‍, മാന്ത്രികചെപ്പ്, ഫസ്റ്റ് ബെല്‍, ബന്ധുക്കള്‍ ശത്രുക്കള്‍, കാബൂളിവാല, ആയിരപ്പറ, വധു ഡോക്ടറാണ്, മലപ്പുറം ഹാജി മഹാനായ ജോജി, മംഗലംവീട്ടില്‍ മാനസേശ്വരിസുപ്ത, അനിയന്‍ബാവ ചേട്ടന്‍ബാവ, നിറം, പോക്കിരിരാജ തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. അതിനിടെ അദ്ദേഹം സിനിമയില്‍ നിന്ന് ടെലിവിഷനിലേക്ക് ചുവടുവച്ചു. നിരവധി സീരിയലുകളിലാണ് അദ്ദേഹം അഭിനയിച്ചത്. 

വര്‍ഷങ്ങള്‍ നീണ്ട അഭിനയ ജീവിതമുണ്ടെങ്കിലും അദ്ദേഹത്തെ തേടി ആദ്യ അംഗീകാരം എത്തുന്നത് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്ന നിലയിലാണ്. കര്‍മയോഗി എന്ന ചിത്രത്തിലൂടെ 2010ലെ ഏറ്റവും മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള കേരള ചലച്ചിത്ര പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചു. മമ്മൂട്ടി നായകനായി എത്തിയ വണ്‍ ആയിരുന്നു അവസാനമായി പുറത്തിറങ്ങിയ ചിത്രം. മൂന്നു പതിറ്റാണ്ടു നീണ്ടു നില്‍ക്കുന്ന സിനിമാ ജീവിതത്തില്‍ നൂറില്‍ അധികം സിനിമയില്‍ അഭിനയിച്ചെങ്കിലും മലയാളികളുടെ മനസില്‍ റിസബാവയ്ക്ക് ഒരു മുഖമാണ്, ജോണ്‍ ഹോനായിയുടെ മുഖം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com