'ഞങ്ങളുടെ കുഞ്ഞിനെ നെറ്റ്ഫ്ളിക്സിന് കൈമാറി, ഇനി കാത്തിരിപ്പ്'; മിന്നൽ മുരളിയെക്കുറിച്ച് ബേസിൽ ജോസഫ്

മൂന്നു വർഷത്തെ ഷൂട്ടിങ്ങിന് ശേഷമാണ് ചിത്രം പൂർത്തിയാക്കുന്നത്
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം

ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന സൂപ്പർഹീറോ ചിത്രം ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. നെറ്റ്ഫ്ളിക്സിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ഫൈനൽ മിക്‌സിങും കഴിഞ്ഞ് ചിത്രം പൂർണമായും നെറ്റ്ഫ്‌ളിക്‌സിന് കൈമാറിയിരിക്കുകയാണ്. മൂന്നു വർഷത്തെ ഷൂട്ടിങ്ങിന് ശേഷമാണ് ചിത്രം പൂർത്തിയാക്കുന്നത്. ഇപ്പോൾ ചിത്രത്തെക്കുറിച്ച് ബേസിൽ ജോസഫ് പങ്കുവെച്ച കുറിപ്പാണ് വൈറലാവുന്നത്. മിന്നൽ മുരളി തങ്ങളുടെ ജീവിതത്തിന്റെ ഭാ​ഗമാണ് എന്നാണ് ബേസിൽ പറയുന്നത്. ചിത്രത്തിന്റെ നിർമാതാവ് സോഫിയ പോൾ, നടൻ ടൊവിനോ തോമസ്, തിരക്കഥാകൃത്ത് അരുൺ അനിരുദ്ധ്, ജസ്റ്റിൻ മാത്യു തുടങ്ങിയ എല്ലാവർക്കും ബേസിൽ നന്ദി പറഞ്ഞു. 

ബേസിലിന്റെ ഇൻസ്റ്റ​ഗ്രാം പോസ്റ്റിൽ നിന്ന്

മിന്നൽ മുരളിയുമായി ഞങ്ങൾ നടത്തിയ 3 വർഷത്തെ നീണ്ട യാത്രയുടെ അവസാന ദിവസമായിരുന്നു ഇന്നലെ. അവസാന മിനുക്കുപണികളും പൂർത്തിയാക്കി ഞങ്ങളുടെ കുഞ്ഞിനെ നെറ്റ്ഫ്ലിക്സിന് കൈമാറി.  മൂന്നുവർഷക്കാലം ഞങ്ങളോടൊപ്പമുണ്ടായിരുന്ന ചിത്രം ഞങ്ങളുടെ ഓരോരുത്തരുടെയും ജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത ഒരു ഏടായി മാറിക്കഴിഞ്ഞു.  ഈ സിനിമയ്ക്കായി ചെലവഴിച്ച ഓരോ നിമിഷവും സംഭവബഹുലവും സമ്മർദ്ദം നിറഞ്ഞതുമായിരുന്നു.  കോവിഡ് മഹാമാരി മിന്നൽ മുരളിയുടെ യാത്രയെ ദുർഘടം നിറഞ്ഞതാക്കിയിരുന്നു. പക്ഷേ അതിനിടയിലും, ഒരു നല്ല സിനിമ എന്ന ലക്ഷ്യത്തിലേയ്ക്ക് പ്രവർത്തിക്കാൻ മുഴുവൻ ടീമും പരമാവധി ശ്രമിച്ചത് ഓരോ നിമിഷവും ആസ്വാദ്യമാക്കി.

എന്നെ വിശ്വസിക്കുകയും എല്ലായിടത്തും പിന്തുണയുടെ നെടുംതൂണാകുകയും ചെയ്ത ഞങ്ങളുടെ നിർമാതാവ് സോഫിയ പോളിനും അവരുടെ കുടുംബത്തിനും ഞാൻ ആത്മാർത്ഥമായി നന്ദി പറയുന്നു. ഇത്തരമൊരു പരീക്ഷണാത്മക സിനിമയിൽ, പ്രത്യേകിച്ച് പകർച്ചവ്യാധിയുടെ ആശങ്ക നിലനിൽക്കുമ്പോൾ ഇത്രയും വലിയൊരു  നിക്ഷേപം നടത്താനുള്ള തീരുമാനം ഒരു വെല്ലുവിളി തന്നെയാണ്.  കെവിൻ പോൾ, ബ്രോ നിങ്ങൾ ഒരു നിർമാതാവ് മാത്രമല്ല പല സന്ദർഭങ്ങളിലും നിങ്ങൾ ശരിക്കും ഒരു രക്ഷകൻ കൂടിയായിരുന്നു. 

സൂപ്പർഹീറോ സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം നായകൻ തന്നെയാണ്, അമാനുഷികതയും സൗന്ദര്യവും ബലിഷ്ഠശരീരവും വേണ്ട ഈ സൂപ്പർ ഹീറോയ്ക്ക് ടൊവിനോ തോമസ് അല്ലാതെ മറ്റൊരു പകരക്കാരനില്ല.  ഒരു നടനും സംവിധായകനുമായുള്ള ബന്ധത്തിന് പുറമേ നിങ്ങളെനിക്കൊരു സഹോദരനും സുഹൃത്തുമൊക്കെ ആയിരുന്നു.  എനിക്കുവേണ്ടി മാറ്റിവച്ച അമൂല്യസമയത്തിന് നിങ്ങളോട് ഞാനെന്നും കടപ്പെട്ടിരിക്കും. 

മിന്നൽ മുരളി എന്ന അമാനുഷിക കഥാപാത്രത്തെ കടലാസിൽ കോറിയിട്ട എന്റെ പ്രിയപ്പെട്ട എഴുത്തുകാരായ അരുൺ അനിരുദ്ധനും ജസ്റ്റിൻ മാത്യുവിനും നന്ദി. കഥാപാത്രം ഉള്ളിൽ പേറിയതു മുതൽ ഒരു യാഥാർഥ്യമാകുന്നതുവരെയുള്ള യാത്രയിൽ ഒരുമിച്ചുണ്ടായിരുന്ന നിങ്ങളോടൊപ്പമുള്ള സമയം എനിക്കൊരു പഠനാനുഭവമായിരുന്നു. തന്റെ മാസ്മരിക ഫ്രെയിമിലൂടെ എന്റെ കഥാപാത്രത്തിന് പൂർണരൂപം കൊടുത്ത എന്റെ പ്രിയപ്പെട്ട സമീർ താഹിർ ഇക്കയ്ക്ക് നന്ദി,.  എന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ ദിവസങ്ങളിൽ നിങ്ങൾ എനിക്ക് നൽകിയ എല്ലാ ധാർമ്മിക പിന്തുണയ്ക്കും ആത്മവിശ്വാസത്തിനും നന്ദിപറഞ്ഞാലൊന്നും  മതിയാകില്ല . നിങ്ങളോടുള്ള കടപ്പാട് എന്നും എന്റെ ഉള്ളിലുണ്ടാകും.

ഒരു നല്ല മനുഷ്യനും മികച്ച നടനും ഗുരുവായ സോമസുന്ദരം സാറിനും നന്ദി.  അജു ഏട്ട എന്റെ എക്കാലത്തെയും പ്രിയപ്പെട്ട വഴികാട്ടീ.  ജീവിശ്വാസമായ സംഗീതം പകർന്നുതന്ന ഷാൻ റഹ്മാൻ ഇക്ക, സുഷിൻ ശ്യാമ്, ആത്മാർഥമായ വരികൾക്ക് മനു മഞ്ജിത്ത് എല്ലാവരോടും മനസ്സുനിറഞ്ഞ നന്ദി.  ഞങ്ങളുടെ സാങ്കൽപ്പിക കഥാ ലോകം യഥാർത്ഥമാക്കി മാറ്റിയതിന് കലാസംവിധായകൻ മനു ജഗദ് ചേട്ടനോട് ഞാൻ അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു. അതിമനോഹരമായതും കുറ്റമറ്റതുമായ എഡിറ്റിങിനും വിഎഫ്എക്സിനും  എഡിറ്റർ ലിവിംഗ്സ്റ്റൺ മാത്യുവിനോടുള്ള കടപ്പാട് പറഞ്ഞാൽ തീരുന്നതല്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com