'രാമനെ അധിക്ഷേപിച്ചു'; പ്രതിഷേധം, ബോളിവുഡ് ചിത്രം രാവണ്‍ ലീലയുടെ  പേര് മാറ്റി

ഹിന്ദു സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ബോളിവുഡ് ചിത്രം 'രാവണ്‍ ലീല'യുടെ പേര് മാറ്റി
ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകള്‍
ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകള്‍


ഹിന്ദു സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ബോളിവുഡ് ചിത്രം 'രാവണ്‍ ലീല'യുടെ പേര് മാറ്റി. 'ഭവായി' എന്നാണ് പുതിയ പേര് നല്‍കിയിരിക്കുന്നത്. ഒരുവിഭാഗം പ്രേക്ഷകരുടെ വികാരം കണക്കിലെടുത്താണ് ചിത്രത്തിന്റെ പേര് മാറ്റിയതെന്ന് നായകന്‍ പ്രതീക് ഗാന്ധി പറഞ്ഞു. രാവണനെ മഹത്വവത്കരിക്കുന്ന ചിത്രമല്ല ഇതെന്നും അദ്ദേഹം പറഞ്ഞു. സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങിയതിന് പിന്നാലെ, രാമനെ മോശമായി ചിത്രീകരിക്കുന്നു എന്നാരോപിച്ച് ഒരുവിഭാഗം രംഗത്തുവന്നിരുന്നു. പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് വക്കീല്‍ നോട്ടീസ് അയക്കുകയും ചെയ്തു. 

ഹിന്ദി വെബ് സീരീസായ സ്‌കാം 1992ന് ശേഷം പ്രതീക് ഗാന്ധി പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ഭവായി. ഹാര്‍ദിക് ഗജ്ജാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാംലീലയെന്ന രാമായണത്തെ ആസ്പദമാക്കിയുള്ള നാടകത്തില്‍ അഭിനയിക്കുന്ന രണ്ടുപേരുടെ കഥയാണ് ചിത്രം പറയുന്നത്. 

'രാമായണത്തിന്റെ ഒരു വ്യാഖ്യാനവും ചിത്രത്തില്‍ കാണിക്കുന്നില്ല. രാമയണത്തെക്കുറിച്ചല്ല ചിത്രം. അതുകൊണ്ടാണ് സമൂഹത്തിലെ ഒരുവിഭാഗത്തിന്റെ വികാരം വ്രണപ്പെടുമെങ്കില്‍ പേര് മാറ്റാമെന്ന തീരുമാനത്തിലേക്ക് എത്തിയത്. പക്ഷേ, വിശാലാര്‍ത്ഥത്തിലുള്ള ചോദ്യത്തിന് അത് ഉത്തരമല്ല. ഞങ്ങള്‍ പേര് മാറ്റി. പക്ഷേ അതുകൊണ്ട് എല്ലാത്തിനും പരിഹാരമാകുമോ? സിനിമയും യഥാര്‍ത്ഥ ജീവിതവും തമ്മിലുള്ള വ്യത്യാസം പ്രേക്ഷകര്‍ മനസ്സിലാക്കണം'- പ്രതീക് ഗാന്ധി  ചോദിച്ചു. 

'ആരെങ്കിലും ഹനുമാന്റെ വേഷം ചെയ്താല്‍ അയാള്‍ ഒരിക്കലും വിവാഹം കഴിക്കരുത് എന്നാണോ? പ്രേക്ഷകര്‍ക്ക് മുന്നില്‍ സ്‌ക്രീനിലൂടെ കഥയെത്തിക്കുക എന്നതാണ് ഒരു അഭിനേതാവിന്റെ ജോലി. അഭിനേതാക്കള്‍ക്ക് ഒരു വ്യക്തിജീവിതമുണ്ട്. അത് പ്രേക്ഷകര്‍ മറക്കുന്നത് പ്രശ്‌നമാണ്. അതാണ് ഈ ചിത്രത്തിന്റെയും ഉള്ളടക്കം'- പ്രതീക് പറഞ്ഞു. അയിന്ത്രിത റോയി, രാജേന്ദ്ര ഗുപ്ത, രാജേഷ് ശര്‍മ, അഭിമന്യു സിങ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com