'ആടുജീവിതത്തിനു വേണ്ടി വീണ്ടും ഞാൻ മുങ്ങും', മൂന്ന് മാസത്തെ ഇടവേളയെന്ന് പൃഥ്വിരാജ്; ചിത്രീകരണം അൾജീരിയയിലും ജോർദ്ദാനിലും 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th September 2021 05:55 PM  |  

Last Updated: 17th September 2021 05:55 PM  |   A+A-   |  

aadujeevitham

ഫയല്‍ ചിത്രം

 

രാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്ലെസി ചിത്രം ‘ആടുജീവിത’ത്തിനായി വീണ്ടും ഇടവേള എടുക്കുകയാണെന്ന് പൃഥ്വിരാജ്. ചിത്രത്തിനായി മൂന്ന് മാസത്തെ ഇടവേളയെടുക്കുമെന്നും അടുത്ത ഷെഡ്യൂളിന് മുമ്പ് വീണ്ടും മേക്കോവർ നടത്തണമെന്നും പൃഥ്വിരാജ് പറയുന്നു. അൾജീരിയയിലും ജോർദ്ദാനിലും ഇന്ത്യയിലുമായാണ് സിനിമയുടെ ചിത്രീകരണം ഇനി പൂർത്തിയാക്കാനുള്ളത്. 

"ആടുജീവിതത്തിനു വേണ്ടി വീണ്ടും ഡിസംബർ മുതൽ ഞാൻ മുങ്ങും, ഒരു മൂന്ന് മാസത്തെ ഇടവേള എടുക്കും. അതിനുശേഷം അൾജീരിയയിൽ ചിത്രീകരണം ആരംഭിക്കും. അവിടെ ഒരു 40 ദിവസത്തെ ഷെഡ്യൂൾ ആണ് ഉള്ളത്. അതു പൂർത്തിയാക്കി ജോർദ്ദാനിലേക്ക് തിരിച്ചെത്തും. ജോർദ്ദാനിലും ഒരു വലിയ ഷെഡ്യൂൾ അവശേഷിക്കുന്നുണ്ട്. പിന്നീട് ഇന്ത്യയിലേക്ക് തിരിച്ചെത്തും. ഇന്ത്യയിലും ഒരു ചെറിയ ഷെഡ്യൂൾ ചിത്രീകരിക്കാനുണ്ട്" , യുഎഇ ഗോൾഡൻ വിസ സ്വീകരിക്കാൻ ദുബായിൽ എത്തിയപ്പോൾ പൃഥ്വി പറഞ്ഞു. 

നേരത്തെ ശരീരഭാരം 30 കിലോയോളം കുറച്ചും താടി വളർത്തിയുമാണ് ജോർദ്ദാൻ ഷെഡ്യൂളിൽ പൃഥ്വിരാജ് പങ്കെടുത്തത്. ചിത്രീകരണം പിന്നീട് കോവിഡ് പശ്ചാതലത്തിൽ നിർത്തിവച്ചതും ജോർദ്ദാനിൽ നിന്ന് മടങ്ങാനാവാതെ പൃഥ്വിയും സംഘവും നേരിട്ട പ്രതിസന്ധിയും വലിയ വാർത്താശ്രദ്ധ നേടിയിരുന്നു.