മരയ്ക്കാറിന് എതിരെ പരാതി; നാലാഴ്ചയ്ക്കകം സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

മരയ്ക്കാറിന് എതിരെ പരാതി; നാലാഴ്ചയ്ക്കകം സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി
മരക്കാർ പോസ്റ്റർ
മരക്കാർ പോസ്റ്റർ

കൊച്ചി: മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രമായ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം പ്രദര്‍ശിപ്പിക്കുന്നതിന് എതിരായ പരാതിയില്‍ നാലാഴ്ചയ്ക്കകം തീരുമാനമെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം. ചിത്രത്തില്‍ ചരിത്രത്തെ വളച്ചൊടിക്കുന്നു എന്ന് ആരോപിച്ച് കുഞ്ഞാലിമരയ്ക്കാറുടെ കുടുംബാംഗം നല്‍കിയ ഹര്‍ജിയിലാണ് നടപടി.

ചിത്രത്തിന് പ്രദര്‍ശന അനുമതി നല്‍കുന്നതിന് എതിരെ കുഞ്ഞാലിമരയ്ക്കാര്‍ കുടുംബത്തിലെ അംഗമായ മുഫീദ അറാഫത്ത് മരയ്ക്കാര്‍ ആണ് കോടതിയെ സമീപിച്ചത്. ചിത്രത്തിന് പ്രദര്‍ശന അനുമതി നല്‍കുന്നതിന് എതിരെ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ സര്‍ക്കാരിന് പരാതി നല്‍കിയിരുന്നതായി ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ അതില്‍ നടപടിയൊന്നും സ്വീകരിച്ചില്ല. പരാതി ബന്ധപ്പെട്ട മന്ത്രാലയത്തിന് നല്‍കിയിട്ടുണ്ടെന്നാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയ മറുപടി. അതേസമയം ഇക്കാര്യത്തില്‍ ഇടപെടാനാവില്ലെന്നാണ് മന്ത്രാലയം പറയുന്നതെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.

കുഞ്ഞാലിമരയ്ക്കാറുടെ ജീവിതത്തെ വസ്തുതാവിരുദ്ധമായി ചിത്രീകരിക്കുന്നതായി സിനിമയുടെ ടീസറില്‍നിന്നു വ്യക്തമാവുന്നതായി ഹര്‍ജിക്കാര്‍ പറഞ്ഞു. സമുദായങ്ങള്‍ തമ്മില്‍ വിദ്വേഷം ജനിപ്പിക്കാനും ഇതു കാരണമാവും. വിദഗ്ധ സമിതി പരിശോധിച്ചതിനു ശേഷം മാത്രമേ ചിത്രത്തിന് അനുമതി നല്‍കാവൂ എന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com