'അവർക്കുപോലും ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ, ലാലേട്ടനുമായി എന്നും സംസാരിക്കുമായിരുന്നു'; പ്രതിസന്ധി ഘട്ടത്തെക്കുറിച്ച് പൃഥ്വിരാജ് 

'ഒടിടി ഒരു അനുഗ്രഹമായി. ഇൻഡസ്‍ട്രി വീണ്ടും തുടങ്ങി. ഒരുപാട് പേര്‍ക്ക് ജോലിയായി'
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

കോവിഡ് പ്രതിസന്ധിയെത്തുടർന്ന് തിയറ്ററുകൾ അടഞ്ഞതോടെ പ്രതിസന്ധിയിലായ സിനിമ മേഖലയ്ക്ക് ആശ്വാസമാവുകയാണ് ഒടിടി പ്ലാറ്റ്ഫോമുകൾ. നിരവധി സിനിമകളാണ് ഒടിടിയിലൂടെ റിലീസിന് എത്തുന്നത്. മലയാള സിനിമയ്ക്ക് ഒടിടി ഒരു അനു​ഗ്രഹമായി എന്നാണ് പൃഥ്വിരാജ് പറയുന്നത്. കൊവിഡ് കാലത്ത് മോഹൻലാലുമായി സ്ഥിരമായി സംസാരിക്കാറുണ്ടായിരുന്നു. മലയാള സിനിമ വ്യവസായത്തിന്റെ നെടുംതൂണായിരുന്നവരൊക്കെ നിര്‍ഭാഗ്യവശാല്‍ അന്ന് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയിലായിരുന്നു എന്നുമാണ് പൃഥ്വിരാജ് പറഞ്ഞത്. ഒരു റേഡിയോ പരിപാടിയിലാണ് താരം മനസു തുറന്നത്. 

ഞാൻ ഒരു ആറേഴ് മാസം ഷൂട്ട് ചെയ്യാതെ ഇരിക്കാൻ തീരുമാനിച്ചതാണ്. അടുത്തത് സംഭവിക്കുന്നത് എന്താണ് എന്ന് നോക്കാം എന്ന് കരുതി ഇരുന്ന ആളാണ്. പക്ഷേ സങ്കടകരമായ അവസ്ഥയായിരുന്നു അന്നത്തെ ലോക്ക് ഡൗണ്‍ കാലത്ത്. ഞാനും ലാലേട്ടനുമായൊക്കെ അന്ന് സ്ഥിരമായി സംസാരിക്കാറുണ്ടായിരുന്നു. മലയാള സിനിമ വ്യവസായത്തിന്റെ നെടുംതൂണായിരുന്നവരൊക്കെ നിര്‍ഭാഗ്യവശാല്‍ അന്ന് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. മറ്റ് വിഭാഗങ്ങളും സിനിമയുടെ ഭാഗമാണ്. അത് നമുക്ക് അറിയാഞ്ഞിട്ടല്ല.- പൃഥ്വിരാജ് പറഞ്ഞു.  

സിനിമ പുനരാരംഭിക്കേണ്ടതുണ്ടായിരുന്നു. എന്നാൽ സിനിമകള്‍ ഒന്നിനുപുറകെ ഒന്നായി ഷൂട്ട് ചെയ്‍തിട്ട് കാര്യമില്ലല്ലോ. റിലീസ് ചെയ്യണമല്ലോ. അപ്പോള്‍ മലയാള ചിത്രങ്ങളുടെ ചിത്രീകരണം തുടങ്ങിയപ്പോള്‍ നമുക്ക് യാഥാര്‍ഥ്യം മനസിലായി. ഒടിടി മലയാളത്തിലും സംഭവിച്ചേതീരൂവെന്ന്. ഒടിടി ഒരു അനുഗ്രഹമായി. ഇൻഡസ്‍ട്രി വീണ്ടും തുടങ്ങി. ഒരുപാട് പേര്‍ക്ക് ജോലിയായി. പഴയ ഒരു ഗ്ലോറിയിലേക്ക് സിനിമ എത്തിയിട്ടില്ല എന്നേയുള്ളൂവെന്നും താരം കൂട്ടിച്ചേർത്തു. 

എന്നാൽ ഒരു സിനിമ ചെയ്‍തു കഴിയുമ്പോള്‍ നടനായാലും സംവിധായകനായാലും ആഗ്രഹിക്കുന്നത് തിയറ്ററിലെ കയ്യടി തന്നെയാണെന്നും താരം പറഞ്ഞു. ഒടിടിയിൽ സജീവമാവുകയാണ് പൃഥ്വിരാജ്. പൃഥ്വിരാജിന്റെ രണ്ടു സിനിമകളാണ് ഇതുവരെ ഒടിടി റിലീസായത്. കൂടാതെ മോഹൻലാലിനെ നായകനാക്കി പൃഥ്വി ഒരുക്കുന്ന ബ്രോ ഡാഡിയും ഒടിടിയിൽ എത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com