എന്റെ ഫോട്ടോയും കൊടിയും ഉപയോ​ഗിക്കാം, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിജയ് ആരാധക സംഘടന

തന്റെ ചിത്രവും സംഘടനയുടെ കൊടിയും പ്രചാരണത്തിന് ഉപയോഗിക്കാൻ വിജയ് സമ്മതിച്ചിട്ടുണ്ടെങ്കിലും അംഗങ്ങൾ സ്വന്തം നിലയിൽ എന്നവിധം മത്സരിക്കണമെന്നാണ് നിർദേശം
വിജയ്/ഫയല്‍ ചിത്രം
വിജയ്/ഫയല്‍ ചിത്രം

ചെന്നൈ; തമിഴ്നാട്ടിൽ അടുത്തമാസം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങി നടൻ വിജയ്‌യുടെ ആരാധക സംഘടന. വിജയ് മക്കൾ ഇയക്കത്തിലെ പ്രവർത്തകർക്കാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താരം അനുമതി നൽകിയത്. അംഗങ്ങൾ സ്വതന്ത്രരായിട്ടായിരിക്കും മത്സരിക്കുക. വിജയ് പ്രചാരണരംഗത്തുണ്ടാകില്ല.

ഒമ്പത് ജില്ലകളിലെ ജില്ലാപഞ്ചായത്ത്, പഞ്ചായത്ത് യൂണിയൻ, ഗ്രാമപ്പഞ്ചായത്ത് തെരഞ്ഞെടുപ്പുകളാണ് ഒക്ടോബർ ആറ്, ഒമ്പത് തീയതികളിൽ നടക്കുന്നത്. തന്റെ ചിത്രവും സംഘടനയുടെ കൊടിയും പ്രചാരണത്തിന് ഉപയോഗിക്കാൻ വിജയ് സമ്മതിച്ചിട്ടുണ്ടെങ്കിലും അംഗങ്ങൾ സ്വന്തം നിലയിൽ എന്നവിധം മത്സരിക്കണമെന്നാണ് നിർദേശം.

ആദ്യഘട്ടത്തിൽ 128 പേർ മത്സരിക്കുമെന്നാണ് സൂചന. വിജയ് മക്കൾ ഇയക്കം ജില്ലാ ഭാരവാഹികളുമായി സംഘടനാ ജനറൽ സെക്രട്ടറി ആനന്ദ് നടത്തിയ ചർച്ചയിലാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതു സംബന്ധിച്ച തീരുമാനമുണ്ടായത്. ഒരു രാഷ്ട്രീയപ്പാർട്ടിയുമായും സഖ്യമുണ്ടാക്കില്ലെന്നും തീരുമാനിച്ചിട്ടുണ്ട്. വിജയ്‌യുടെ രാഷ്ട്രീയപ്രവേശത്തിന് മുന്നോടിയായിട്ടാണ് ആരാധകസംഘടനയിൽ നിന്നുള്ളവർ മത്സരിക്കുന്നതെന്നാണ് വിലയിരുത്തലെങ്കിലും വിജയ് മക്കൾ ഇയക്കം നേതാക്കൾ ഇത് തള്ളി.

പുതിയ ചിത്രം 'ബീസ്റ്റിന്റെ ചിത്രീകരണത്തിലാണ് വിജയ് ഇപ്പോൾ. നെല്‍സണ്‍ ദിലീപ് കുമാര്‍ ആണ് സംവിധാനം. 'സര്‍ക്കാരി'നു ശേഷം സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന വിജയ് ചിത്രം കൂടിയാണിത്. ജോര്‍ജിയയിലും ചെന്നൈയിലുമായി ആദ്യ രണ്ട് ഷെഡ്യൂളുകള്‍ പൂര്‍ത്തിയായ ചിത്രത്തിന്‍റെ മൂന്നാം ഷെഡ്യൂള്‍ ചെന്നൈയില്‍ പുരോഗമിക്കുകയാണ്. പൂജ ഹെഗ്‍ഡെ നായികയാവുന്ന ചിത്രത്തില്‍ സെല്‍വരാഘവന്‍, ഷൈന്‍ ടോം ചാക്കോ, യോഗി ബാബു എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com