എസ് പി ബിക്ക് കോറസ് പാടി, ചിത്രയുടെ കണ്ണുകളെ ഈറനണിയിച്ച ആ സർപ്രൈസ് 

"മറ്റൊരാൾ പാടിയ പാട്ട് എനിക്ക് വേണ്ടി പഠിച്ചു പാടുകയാണ് മഹാനായ ആ  ഗായകൻ"
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്

വിഖ്യാത ​ഗായകൻ എസ്പി ബാലസുബ്രഹ്മണ്യം വിടപറഞ്ഞിട്ട് ഒരു വർഷം. ഒരു കാലഘട്ടം അവസാനിച്ചെന്നും സം​ഗീതവും ലോകവും ഒരിക്കലും പഴയ പോലെ ആകില്ലെന്നുമാണ് എസ് പി ബിയുടെ വിയോ​ഗ വാർത്തയോട് ​ഗായിക ചിത്ര പ്രതികരിച്ചത്. ചെറിയ കുട്ടികൾ മുതൽ പ്രശസ്തരും അപ്രശസ്തരുമായവർ വരെ സ്വന്തം പാട്ടുകൾ പാടിക്കേട്ടിട്ടുള്ള ചിത്രയെ എസ്പിബി അമ്പരപ്പിച്ച ഒരു സംഭവമുണ്ട്. ഇന്നും ചിത്രയുടെ കണ്ണുകളെ ഈറനണിയിക്കുന്ന ആ കഥ സം​ഗീത നിരൂപകൻ രവി മേനോൻ പങ്കുവച്ചു.

എസ് പി ബിയോടൊപ്പമുള്ള യു എസ് പര്യടനത്തിലായിരുന്നു അത്. എസ് പി ശൈലജയും അന്ന് സംഘത്തിനൊപ്പമുണ്ട്. ഗാനമേളയിൽ കോറസ് പാടാൻ കുട്ടികൾ ഇല്ലാത്തതിനാൽ ശൈലജയും ചിത്രയുമാണ് ആ ദൗത്യം ഏറ്റെടുത്തിരുന്നത്. "ഒരുവൻ ഒരുവൻ മുതലാളി, ബല്ലേലക്ക തുടങ്ങി  പല പാട്ടുകളിലും കോറസ് പോർഷൻ എത്തുമ്പോൾ ഞങ്ങൾ ബാലു സാറിനെ അനുഗമിക്കും. പരിപാടിക്കിടെ ഒരിക്കൽ സാർ എന്റെ അടുത്ത് വന്നു പറഞ്ഞത് ഓർമ്മയുണ്ട്, നീ ഇത്ര വലിയ പാട്ടുകാരിയായിട്ടും എന്റെ പാട്ടിന് കോറസ് പാടാനുള്ള സന്മനസ്സ്  കാണിച്ചല്ലോ?'' തമാശ കലർത്തിയാണ് പറഞ്ഞതെങ്കിലും എന്റെ മനസ്സിനെ തൊട്ടു ആ വാക്കുകൾ. ബാലുസാർ അങ്ങനെ പറയരുത്. എനിക്ക് സങ്കടം വരും, ഇതൊരു അംഗീകാരമായാണ് ഞാൻ കാണുന്നത്'',ചിത്ര പറഞ്ഞു.

ഇങ്ങനെ പറഞ്ഞ തന്നെ എസ് പി ബി അക്ഷരാർത്ഥത്തിൽ അമ്പരപ്പിച്ച സംഭവത്തെക്കുറിച്ചാണ് ചിത്ര വിവരിച്ചത്. "ഓരോ ദിവസത്തേയും ഷോയുടെ ഷെഡ്യൂൾ കാലത്ത് പതിനൊന്ന് മണിയോടെയാണ് നിശ്ചയിക്കുക. അന്നത്തെ ഗാനമേളയിൽ പാടേണ്ട പാട്ടുകളുടെ അവസാന പട്ടിക  എഴുതിയ കടലാസ് കയ്യിൽ കിട്ടിയപ്പോൾ ഒരു കാര്യം ശ്രദ്ധിച്ചു. ഇടക്കൊരു പാട്ട് എഴുതാതെ വിട്ടിരിക്കുന്നു. സദസ്സിന് സർപ്രൈസ് ആയി ഏതെങ്കിലും അപൂർവ ഗാനം പാടാൻ തീരുമാനിച്ചിരിക്കും എന്നേ തോന്നിയുള്ളു". 

പക്ഷെ ചിത്രയെ അമ്പരപ്പിച്ചുകൊണ്ട് ഓർക്കസ്ട്രക്കാർ``ഉയിരേ'' എന്ന പാട്ടിന്റെ ബി ജി എം വായിച്ചുതുടങ്ങുന്നു. "വിശ്വസിക്കാൻ കഴിഞ്ഞില്ല എനിക്ക്. ഹരിഹരൻ സാറും ഞാനും പാടിയ പാട്ടാണ്. പര്യടനത്തിനിടെ പല സദസ്സുകളിൽ നിന്നും ആ പാട്ടിനുള്ള ആവശ്യം ഉയർന്നിരുന്നെങ്കിലും കൂടെ പാടാൻ ആരും ഉണ്ടായിരുന്നില്ലാത്തതിനാൽ ഞാൻ ഒഴിഞ്ഞുമാറുകയായിരുന്നു. എസ് പി ബി സാറിനെപ്പോലൊരു സീനിയർ ഗായകൻ തന്നെക്കാൾ എത്രയോ ജൂനിയർ ആയ ഒരു പാട്ടുകാരന്റെ പാട്ട് സ്റ്റേജിൽ പാടേണ്ട കാര്യമില്ലല്ലോ. അങ്ങനെയൊരു പതിവുമില്ല.''

എസ് പി ബി ''ഉയിരേ'' പാടിത്തുടങ്ങി. ചെറുചിരിയോടെ ബാലു സാർ പാടുമ്പോൾ സ്റ്റേജിന്റെ ഒരു വശത്ത്  നിറകണ്ണുകളോടെ അന്തം വിട്ട് അത് കേട്ടുനിൽക്കുകയായിരുന്നു ഞാൻ. എങ്ങനെ കരച്ചിൽ വരാതിരിക്കും?  മറ്റൊരാൾ പാടിയ പാട്ട് എനിക്ക് വേണ്ടി പഠിച്ചു പാടുകയാണ് മഹാനായ ആ  ഗായകൻ. 

ഉള്ളിലൊരു വിങ്ങലുമായി ആ പാട്ട് പാടിത്തീർത്തപ്പോൾ എന്റെ തലയിൽ സ്നേഹപൂർവ്വം കൈവെച്ച് അനുഗ്രഹിച്ചു അദ്ദേഹം. എന്നിട്ട് സദസ്സിനോടായി പറഞ്ഞു: ഇവളെന്റെ കുടുംബാംഗമാണ്. ശൈലജയെ പോലെ എന്റെ സ്വന്തം തങ്കച്ചി. എന്റെ പാട്ടുകൾക്ക് കോറസ് പാടേണ്ട കാര്യം അവൾക്കില്ല. എന്നിട്ടും അവൾ പാടി; എന്നോടുള്ള സ്നേഹം കൊണ്ട് മാത്രം. ആ സ്നേഹത്തിനുള്ള പ്രത്യുപകാരമാണ് ഈ പാട്ട്...'' തന്റെ ജീവിതത്തിലെ ഏറ്റവും വിലമതിക്കാനാവാത്ത മുഹൂർത്തങ്ങളിൽ ഒന്നായാണ് ചിത്ര ഇതിനെ വിശേഷിപ്പിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com