തമിഴ് സിനിമാ നിർമാതാക്കളുടെ വീടുകളിൽ റെയ്ഡ്; 200 കോടിയുടെ നികുതിവെട്ടിപ്പ്, 26 കോടി രൂപയും മൂന്നുകോടിയുടെ സ്വർണവും പിടിച്ചെടുത്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th August 2022 03:09 PM  |  

Last Updated: 07th August 2022 03:21 PM  |   A+A-   |  

RAID

പ്രതീകാത്മക ചിത്രം

 

ചെന്നൈ; തമിഴ് സിനിമാ നിർമാതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതിവകുപ്പിന്റെ റെയ്ഡിൽ 200 കോടിയിലേറെ രൂപയുടെ നികുതിവെട്ടിപ്പ് കണ്ടെത്തി. മിന്നൽ പരിശോധനയിൽ കണക്കിൽപ്പെടാത്ത 26 കോടി രൂപയും മൂന്നുകോടിയുടെ സ്വർണാഭരണങ്ങളും പിടിച്ചെടുത്തുവെന്ന് ആദായനികുതിവകുപ്പ് അറിയിച്ചു.

നിർമാതാക്കളായ അൻപുചെഴിയൻ, കലൈപുലി എസ്. താണു, ടി.ജി. ത്യാഗരാജൻ, എസ്.ആർ. പ്രഭു, കെ.ഇ. ജ്ഞാനവേൽരാജ, എസ്. ലക്ഷ്മണകുമാർ എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടന്നത്. നിർമാതാക്കളുമായി ബന്ധമുള്ള വിതരണക്കാരുടെ സ്ഥലങ്ങളിലും പരിശോധനയുണ്ടായി. തുടർന്ന്  ചെന്നൈ, മധുരൈ, കൊയമ്പത്തൂര്‍, വെള്ളൂര്‍ തുടങ്ങി 40 ല്‍ അധികം സ്ഥലങ്ങളിലാണ് പരിശോധന നടന്നത്. 

സിനിമയിൽനിന്ന് ലഭിച്ച വരുമാനം കുറച്ചുകാണിച്ചതിന്റെ രേഖകൾ പരിശോധനയിൽ കണ്ടെത്തി. മറ്റുനിർമാതാക്കൾക്ക് പണം പലിശയ്ക്ക് നൽകുകയും ചെയ്യുന്ന അൻപുചെഴിയന്റെ വീട്ടിലും സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയിൽ പ്രോമിസറി നോട്ടുകളും വായ്പാരേഖകളും പിടിച്ചെടുത്തിട്ടുണ്ട്. വിതരണക്കാർ തിയേറ്ററുകളിൽനിന്ന് ലഭിച്ച വരുമാനം കുറച്ചുകാണിച്ചതിന്റെ രേഖകളും കണ്ടെടുത്തു.

പ്രൊഡക്ഷന്‍ ഹൗസുകളുടെ കാര്യത്തില്‍, സിനിമകളുടെ വില്‍പ്പനയില്‍ നിന്നുള്ള യഥാര്‍ത്ഥ തുക വെളിപ്പെടുത്തിയ തുകയേക്കാള്‍ വളരെ കൂടുതലാണ്. കണക്കുകള്‍ പരിശോധിക്കുമ്പോള്‍ നികുതി വെട്ടിപ്പിന് സാധ്യതയുള്ളതായി സൂചനയുണ്ടെന്നും വൃത്തങ്ങള്‍ അറിയിച്ചു. കണക്കില്‍പ്പെടാത്ത വരുമാനം ചില നിക്ഷേപങ്ങള്‍ക്കും അപ്രഖ്യാപിത പേയ്‌മെന്റുകള്‍ക്കുമായി ഉപയോഗിച്ചതായി ഐടി വക്താവ് പറഞ്ഞു. സമീപകാലത്ത് ഉണ്ടായിട്ടുള്ളതില്‍ വച്ച് വലിയ പരിശോധനയായിരുന്നു ഇതെന്ന് സിനിമ ഇന്‍ഡസ്ട്രിയില്‍ നിന്നുള്ള ഉറവിടങ്ങള്‍ വ്യക്തമാക്കുന്നു.

ഈ വാർത്ത കൂടി വായിക്കൂ

പുനീതിന്റെ ഓർമയ്ക്ക് പാവപ്പെട്ടവർക്ക് സൗജന്യ ആംബുലൻസ്; സഹായഹസ്‌തവുമായി പ്രകാശ് രാജ്​

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ