അച്ഛൻ മരിച്ച് പത്താം ദിവസം ‘മധുരം’ ഷൂട്ടിങ് തുടങ്ങി, തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു: നിഖില വിമൽ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th January 2022 01:24 PM  |  

Last Updated: 04th January 2022 01:24 PM  |   A+A-   |  

NIKHILA_VIMAL

ചിത്രം; ഇൻസ്റ്റ​ഗ്രാം

 

‘മധുരം’ സിനിമയ്ക്ക് നല്ല അഭിപ്രായങ്ങൾ ലഭിക്കുന്നതിന്റെ സന്തോഷത്തിലാണ് നടി നിഖില വിമൽ. എന്നാൽ ജീവിതത്തിൽ വലിയൊരു വേദനയെ മറികടക്കാൻ സഹായിച്ച സിനിമ കൂടിയാണ് മധുരം എന്ന് പറയുകയാണ് നിഖില. അച്ഛന്റെ വേർപാടിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു നടി. ‘മധുരം’ സിനിമ എന്നും മനസ്സിൽ തങ്ങി നിൽക്കുന്ന ഒന്നാണെന്നാണ് നിഖിലയുടെ വാക്കുകൾ. 

ജീവിതത്തിൽ ഏറ്റവും അധികം വേദനയിലൂടെ കടന്ന് പോയ സന്ദർഭം ഏതായിരുന്നു എന്ന് ചോദിച്ചപ്പോഴാണ് അച്ഛന്റെ വേർപാടിനെ കുറിച്ച് നിഖില പറഞ്ഞത്. അച്ഛൻ കോവിഡ് ബാധിച്ചാണ് മരിച്ചത്. വീട്ടിൽ എല്ലാവർക്കും കോവിഡ് ആയതിനാൽ തീർത്തും ഒറ്റപ്പെട്ട അവസ്ഥയായിരുന്നു അത്. അത് മറികടക്കാൻ ഒരു പരിധിവരെ മധുരം സിനിമയുടെ ലൊക്കേഷൻ എന്നെ സഹായിച്ചു, നിഖില പറഞ്ഞു. അച്ഛൻ മരിച്ച് പത്ത് ദിവസം കഴിഞ്ഞപ്പോൾ ‘മധുരം’ സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചു. അച്ഛന്റെ വേർപാട് ഉൾക്കൊള്ളാൻ മാനസികമായി ഒരുപാട് ബുദ്ധിമുട്ടി. ഷൂട്ടിങ് ദിനങ്ങൾ ഏറെ ആശ്വാസമായി, നിഖില പറഞ്ഞു. 

ആലക്കോട് രയരോം യുപി സ്കൂളിൽ അധ്യാപകനായിരുന്നു നിഖിലയുടെ അച്ഛൻ എം ആർ പവിത്രൻ. സിപിഐഎം മുൻ സംസ്ഥാന ജോ സെക്രട്ടറി, ജില്ലാ സെക്രട്ടറി എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ മാസമായിരുന്നു മരണം.