​ഗർഭിണിയാകാൻ ഒരുങ്ങുന്നതിനാൽ മരുന്ന് നിർത്തി, നാലാം മാസം കുഞ്ഞിനെ അബോർട്ട് ചെയ്യേണ്ടിവന്നു; ​ഗായിക ​ഗൗരി ലക്ഷ്മി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th January 2022 02:52 PM  |  

Last Updated: 04th January 2022 02:52 PM  |   A+A-   |  

gowry_lekshmi

gowry_lekshmi

 

മാനസികാരോഗ്യത്തിന് നൽകേണ്ട പ്രാധാന്യത്തെക്കുറിച്ച് ഓർമ്മപ്പെടുത്തുകയാണ് പിന്നണി ​ഗായികയും പെർഫോമറുമായ ഗൗരി ലക്ഷ്മി. സ്വന്തം ജീവിതത്തിൽ വിഷാദത്തിലൂടെ കടന്നുപോയതിനെക്കുറിച്ച് വിശദീകരിച്ചാണ് ​ഗൗരി മെന്റൽ ഹെൽത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചിരിക്കുന്നത്. നാല് വർഷം മുമ്പ് അനുഭവിച്ചുതുടങ്ങിയ പ്രശ്നങ്ങളും ഇത്തരം സാഹചര്യങ്ങളെ നേരിടാൻ ചെയ്യേണ്ടതെന്താണെന്നും ഓർമ്മിപ്പിക്കുകയാണ് ഒഫീഷ്യൽ പീപ്പിൾ ഓഫ് ഇന്ത്യ എന്ന ഇൻസ്റ്റ​ഗ്രാം പേജിൽ ​ഗൗരി പങ്കുവച്ച അനുഭവക്കുറിപ്പ്.

​ഗൗരി ലക്ഷമിയുടെ കുറിപ്പിന്റെ പൂർണ്ണരൂപം

നാല് വർഷം മുമ്പ് കല്യാണം കഴിഞ്ഞതിന് ശേഷമാണ് വിഷാദം എന്നിൽ പിടിമുറുക്കിയത്. ഒരു കാര്യവുമില്ലാതെ ഞാൻ കരയുമായിരുന്നു, മൂഡ്സ്വിം​ഗ്സ്, രാത്രിയിൽ ഉറക്കമില്ലായ്മ. ആദ്യം ഞാനോർത്തു വീട്ടിൽ നിന്ന് മാറിനിൽക്കുന്നതിന്റെ വിഷമമാണെന്ന്, പക്ഷെ കാര്യങ്ങൾ കൂടുതൽ വഷളായിക്കൊണ്ടിരുന്നു. 
ഈ വേദനയിൽ നിന്ന് പുറത്തുകടക്കാൻ ഞാൻ എന്നെതന്നെ മുറിപ്പെടുത്തിയ ദിവസങ്ങളുണ്ട്. എനിക്ക് സഹായം ആവശ്യമുണ്ടെന്ന് എന്റെ ഭർത്താവിന് തോന്നുന്നതുവരെ ഈ അവസ്ഥയെ എങ്ങനെ നേരിടണമെന്ന് എനിക്ക് അറിയില്ലായിരുന്നു. 
​ഗർഭിണിയാകാൻ ഒരുങ്ങുന്നതിനാൽ ഞാൻ മരുന്ന് കഴിക്കുന്നത് നിർത്തി, പക്ഷെ നാല് മാസം ​ഗർഭിണിയായിരുന്നപ്പോൾ ഞങ്ങൾക്ക് കുഞ്ഞിനെ അബോർട്ട് ചെയ്യേണ്ടിവന്നു. എന്റെ ജീവിതത്തിലെ ഏറ്റവും സങ്കീർണ്ണമായ അസ്ഥയായിരുന്നു അത്. 
പിന്നീടാണ് എനിക്ക് ബോഡർലൈൻ പേഴ്സണാലിറ്റിയും (ബിപിഡി) ഒബ്സസീവ് കംപൽസീവ് പേഴ്സണാലിറ്റി ഡിസോർഡറും (ഒസിപിഡി) പിറ്റിഎസ്ഡിയും ആണെന്ന് കണ്ടെത്തുന്നത്. കുട്ടിക്കാലത്തെ എന്റെ ചില അനുഭവങ്ങളും വർഷങ്ങൾക്ക് മുമ്പ് ഞാൻ നേരിട്ട മോശമായ പെരുമാറ്റവുമായി ബന്ധപ്പെട്ടാണ് ഇതെന്ന് ഞാൻ മനസ്സിലാക്കി. 
ഞാൻ നേരിട്ടിരുന്ന പല മോശം അനുഭവങ്ങളും സാധാരണമാണെന്ന് കരുതി ഞാൻ സ്വയം പഴിചാരുകയായിരുന്നെന്ന് ചികിത്സയിലൂടെ എനിക്ക് ബോധ്യപ്പെട്ടു. ഞാൻ എന്നെതന്നെ വലിച്ച് താഴെയിടാൻ ഒരുപാട് ശ്രമിച്ചിട്ടുണ്ട്. ഞാൻ എനിക്കുവേണ്ടി സംസാരിക്കുകയോ നിലകൊള്ളുകയോ ചെയ്തിട്ടില്ല. 
ആളുകൾ എന്റെ അവസ്ഥയെക്കുറിച്ച് അറിഞ്ഞപ്പോൾ പല തരത്തിലാണ് പ്രതികരിച്ചത്. ചിലർ ഇതെല്ലാം എന്റെ മനസ്സിന്റെ തോന്നലാണെന്ന് പറഞ്ഞ് എന്നെ സമാധാനിപ്പിക്കാൻ നോക്കി. 
നമ്മൾ അങ്ങനെയാണ് നമ്മുടെ പ്രശ്നങ്ങളെയും അരക്ഷിതാവസ്ഥയെയും പേടിയെയും ഉത്കണ്‌ഠയും സമ്മർ​ദ്ദവുമെല്ലാം ഒരു പുതപ്പിന് കീഴിൽ മൂടിവയ്ക്കും. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണ മൂലമാണ് അത്. 
ഞാൻ പറയട്ടെ- ദയവുചെയ്ത് നിങ്ങൾ വിശ്വസിക്കുന്ന ആരോടെങ്കിലും തുറന്ന് സംസാരിക്കൂ, നിങ്ങൾ എന്ത് അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് അവരോട് പറയണം. നിങ്ങൾ ഒറ്റയ്ക്ക് ഇതിലൂടെ കടന്നുപോകരുത്- ​ഗൗരി ലക്ഷ്മി.