'സുരേഷ് ഗോപിയെ വെറുത്തു.. പിന്നെയാണോ ഉണ്ണി മുകുന്ദനും നിങ്ങളും'; വിമർശകന് മറുപടിയുമായി നാദിർഷ

'ഉണ്ണി മുകുന്ദന്‍ എന്ന ആര്‍എസ്എസുകാരന്റെ പടം കാണാനും കൊട്ടിഘോഷിക്കാനും നിങ്ങള്‍ക്കാവും'
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

ടൻ ഉണ്ണി മുകുന്ദൻ നായകനായെത്തിയ മേപ്പടിയാൻ കഴിഞ്ഞ ദിവസമാണ് പ്രേക്ഷകരിലേക്ക് എത്തിയത്. ഇതിനോടകം ചിത്രം പ്രേക്ഷകർക്കിടയിൽ ചർച്ചയായിരിക്കുകയാണ്. അതിനിടെ ഉണ്ണി മുകുന്ദനെ വിമർശിച്ചയാൾക്ക് സംവിധായകൻ നാദിർഷ നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലാവുന്നത്. ഉണ്ണി മുകുന്ദന്‍ പ്രത്യേക രാഷ്ട്രീയപാർട്ടിയുടെ വക്താവാണെന്നും ഈ നടന്റെ സിനിമകൾ കാണരുതെന്നുമായിരുന്നു ഒരാളുടെ വിമർശനം. എന്നാൽ യഥാർത്ഥ കലാകാരന് ഒരിക്കലും വർ​ഗീയവാദിയാകാൻ സാധിക്കില്ല എന്നാണ് നാദിർഷ മറുപടി കുറിച്ചത്. 

ഉണ്ണി മുകുന്ദൻ എന്ന ആർഎസ്എസ്സുകാരൻ

ഞാനും നിങ്ങളും അടങ്ങുന്ന ഒരു വിഭാഗം ഇന്ത്യയില്‍ ജീവിക്കേണ്ട എന്ന അജണ്ട നടപ്പാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ഇന്ന് ഭരണം കയ്യാളുന്ന ആര്‍എസ്എസ് എന്ന ഭീകര സംഘടനയുടെ പക്ഷം പിടിച്ചു ജീവിക്കുന്ന ഉണ്ണി മുകുന്ദന്‍ എന്ന ആര്‍എസ്എസുകാരന്റെ പടം കാണാനും കൊട്ടിഘോഷിക്കാനും നിങ്ങള്‍ക്കാവും. ഞാനും എന്നെപ്പോലെ ചിന്തിക്കുന്നവരും കാണില്ല. കലയില്‍ വര്‍ഗീയതയുണ്ട് അല്ലെങ്കില്‍ ഇവര്‍ ആര്‍എസ്എസ് എന്ന ഭീകര സംഘടനയോടു സ്‌നേഹം കാണിക്കില്ല. ഇന്ത്യയില്‍ ജനിച്ചു വളര്‍ന്ന എനിക്കും എന്നെപ്പോലുള്ളവര്‍ക്കും ഇയാളെപ്പോലുള്ള ഭീകരരോട് വെറുപ്പ് തന്നെയാണ് മിസ്റ്റര്‍.. കുട്ടിക്കാലം മുതല്‍ അനുകരിച്ചിരുന്ന ഇഷ്ടപ്പെട്ടിരുന്ന സുരേഷ് ഗോപിയെ വെറുത്തു.. പിന്നെയാണോ ഇയാളും  നിങ്ങളും.. മിന്നല്‍ മുരളിയുടെ സെറ്റും ഈശോ എന്ന പേരും.. ഒക്കെ ഒന്ന് ഓര്‍ക്കുന്നതും നല്ലതാണ്.- എന്നാണ് വിമർശകൻ കുറിച്ചത്. 

നാദിർഷയുടെ മറുപടി

ലോകത്തു ഒരു യഥാർഥ കലാകാരനും വര്‍ഗീയമായി ചിന്തിക്കില്ല സഹോദരാ, ഉണ്ണിയെ എനിക്കറിയാം. എന്നായിരുന്നു നാദിർഷ കുറിച്ചത്. നാദിർഷയുടെ മറുപടിക്ക് പിന്തുണയുമായി നിരവധിപേർ രംഗത്തുവന്നു. രാഷ്ട്രീയത്തിന്റെ പേരിൽ സിനിമയെ ക്രൂശിക്കുന്നത് എന്ത് സമീപനമാണെന്നാണ് അവർ ചോദിച്ചത്. വിമർശനം രൂക്ഷമായതോടെ കമന്റ് അപ്രത്യക്ഷമായി. 

മേപ്പടിയാൻ റിലീസിന് പിന്നാലെ ചിത്രത്തെ പ്രശംസിച്ചും വിമർശിച്ചും കുറിപ്പുകൾ പുറത്തുവന്നിരുന്നു. ചർച്ചകൾ ശക്തമാകുന്നതിനിടെയാണ് ചിത്രത്തിന് പിന്തുണയുമായി നാദിർഷ എത്തിയത്. മേപ്പടിയാന്‍’ കണ്ടു. കുടുംബം എന്താണെന്നും, ജീവിതം എന്താണെന്നും, പ്രാരാബ്ധം എന്താണെന്നും അറിയാവുന്നവന് ഈ സിനിമ ഇഷ്ടപ്പെടാതെ പോകില്ല. ജീവിതത്തില്‍ ഇതൊന്നും ബാധിക്കാത്തവന്റെ അഭിപ്രായം എങ്ങനെയായിരിക്കും എന്നെനിക്കറിയില്ല. അഭിപ്രായ വ്യത്യാസമുള്ളവര്‍ ക്ഷമിക്കണം.- എന്നാണ് നാദിർഷ കുറിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com