"എനിക്ക് സ്റ്റാർ ആകണ്ട, പാൻ-ഇന്ത്യൻ നടനാകാനാണ് ആഗ്രഹം": ടൊവിനോ തോമസ് 

'മിന്നൽ മുരളി'ക്ക് ശേഷം തന്നിൽ ഉള്ള പ്രതീക്ഷയെക്കുറിച്ച് അറിയാമെന്നും അതുകൊണ്ടുതന്നെ ഇപ്പോൾ കൂടുതൽ ഉത്തരവാദിത്വം കാണിക്കേണ്ടതുണ്ടെന്നും ടൊവിനോ 
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

'മിന്നൽ മുരളി' എന്ന ചിത്രം സമ്മാനിച്ച സ്വീകാര്യത ഒരു "പാൻ ഇന്ത്യൻ നടൻ" എന്ന നിലയിലേക്ക് വിവര്‍ത്തനം ചെയ്യാനാണ് ആ​ഗ്രഹിക്കുന്നതെന്ന് നടൻ ടൊവിനോ തോമസ്. തന്റെ പുതിയ ചിത്രമായ 'നാരദൻ' റിലീസിനെത്തിയതിന് പിന്നാലെ സംസാരിക്കുകയായിരുന്നു ടൊവിനോ. മായാനദി, വൈറസ് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ ആഷിഖ് അബുവിനൊപ്പം ടൊവിനോ അഭിനയിക്കുന്ന ചിത്രമാണ് നാരദൻ. 

"എനിക്ക് ഒരു പാൻ-ഇന്ത്യൻ നടനാകാനാണ് ആഗ്രഹം, ഒരു പാൻ-ഇന്ത്യൻ സ്റ്റാർ അല്ല. ഒരു സ്റ്റാർ ആയിരിക്കുമ്പോൾ ഞാൻ നായക കഥാപാത്രങ്ങൾ മാത്രമായിരിക്കും ചെയ്യുക. പക്ഷേ എനിക്ക് അങ്ങനെ തുടരാൻ താത്പര്യമില്ല മറിച്ച് പ്രവചനാതീതനാകണം. സഹകഥാപാത്രങ്ങൾ, കോമഡി റോളുകൾ, വില്ലൻ വേഷങ്ങളൊക്കെ ചെയ്യാൻ എനിക്ക് ആ​ഗ്രഹമുണ്ട്. അപ്പോൾ ഒരു കലാകാരൻ എന്ന നിലയിൽ എനിക്ക് ബോറടിക്കില്ല", ടൊവിനോ പറഞ്ഞു 

'മിന്നൽ മുരളി'ക്ക് ശേഷം തന്നിൽ ഉള്ള പ്രതീക്ഷയെക്കുറിച്ച് അറിയാമെന്നും അതുകൊണ്ടുതന്നെ ഇപ്പോൾ കൂടുതൽ ഉത്തരവാദിത്വം കാണിക്കേണ്ടതുണ്ടെന്നും ടൊവിനോ പറഞ്ഞു. "അതുകൊണ്ടാണ് 'നാരദൻ' കൃത്യമായി യോജിക്കുന്നത്. നിങ്ങളുടെ വർക്കിന് കൂടുതൽ ശ്രദ്ധ ലഭിക്കുമ്പോൾ ഒരിക്കലും മോശം സിനിമകൾ തെരഞ്ഞെടുക്കാൻ കഴിയില്ല, കാരണം അങ്ങനെചെയ്താൽ അത് പ്രേക്ഷകരെ നിരാശരാക്കും. എന്റെ പേരും മുഖവും കണ്ടാണ് അവർ തിയറ്ററുകളിലേക്ക് വരുന്നതെങ്കിൽ മൂല്യവത്തായ എന്തെങ്കിലും നൽകുമെന്ന് ഉറപ്പാക്കേണ്ടത് എന്റെ ഉത്തരവാദിത്വമാണ്", താരം പറഞ്ഞു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com