പ്രതിഫലം അഞ്ച് കോടിയാക്കി സാമന്ത, നയന്‍താരയ്ക്ക് പിന്നില്‍ രണ്ടാമതായി താരം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th March 2022 02:58 PM  |  

Last Updated: 10th March 2022 02:58 PM  |   A+A-   |  

samantha_remuneration

ചിത്രം: ഇൻസ്റ്റ​ഗ്രാം

 

തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നടിയാണ് സാമന്ത. സിനിമയില്‍ എത്തി 12 വര്‍ഷത്തില്‍ അമ്പരപ്പിക്കുന്ന മുന്നേറ്റമാണ് സാമന്ത കരിയറിലുണ്ടാക്കിയത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലായി തുടര്‍ച്ചയായി വിജയങ്ങളായി താരത്തിനുള്ളത്. ഇപ്പോള്‍ താരത്തിന്റെ പ്രതിഫലം സംബന്ധിച്ച വാര്‍ത്ത പുറത്തുവന്നിരിക്കുകയാണ്. 

മൂന്നു കോടിയില്‍ നിന്ന് അഞ്ചു കോടിയിലേക്ക് 

വമ്പന്‍ വിജയങ്ങളോടെ താരം തന്റെ പ്രതിഫലം വര്‍ധിപ്പിച്ചിരിക്കുകയാണ് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മൂന്ന് കോടിയില്‍ നിന്ന് അഞ്ച് കോടിയായാണ് താരം പ്രതിഫലം വര്‍ധിപ്പിച്ചത്. ഇതോടെ തെന്നിന്ത്യയില്‍ നയന്‍താരയ്ക്ക് ശേഷം ഏറ്റവും പ്രതിഫലം വാങ്ങുന്ന നടിയായിരിക്കുകയാണ് സാമന്ത. 

നിര്‍മാണ കമ്പനിയുടേയും സിനിമയുടെ ബജറ്റിന്റേയും മറ്റു ഘടകങ്ങളേയും കണക്കിലെടുത്താണ് താരം പ്രതിഫലം നിശ്ചയിക്കുന്നത്. അല്ലു അര്‍ജുന്‍ നായകനായി എത്തിയ പുഷ്പ; ദി റൈസിലെ  ഐറ്റം ഡാന്‍സില്‍ അഭിനയിക്കാനായി അഞ്ച് കോടി രൂപ താരം പ്രതിഫലമായി വാങ്ങിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

ഇമേജും മാറ്റി സാമന്ത

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി താരത്തിന്റെ ഇമേജിലും കാര്യമായ മാറ്റം വന്നിട്ടുണ്ട്. വാണിജ്യ സിനിമകളില്‍ മാത്രമായി നിന്നിരുന്ന താരം ഇപ്പോള്‍ സ്ത്രീ പ്രാധാന്യമുള്ള സിനിമകളാണ് കൂടുതലും ചെയ്യുന്നത്. വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന കാത്തുവാകുള്ള രണ്ട് കാതല്‍ എന്ന ചിത്രമാണ് താരത്തിന്റേതായി റിലീസിന് ഒരുങ്ങുന്നത്. നയന്‍താരയും വിജയ് സേതുപതിയുമാണ് പ്രധാന വേഷത്തിലെത്തുന്നത്.