സിനിമ പരാജയപ്പെട്ടതിന് കാരണം ചിമ്പു; നടന്റെ മാനനഷ്ടക്കെസിൽ നിർമാതാക്കളുടെ സംഘടനയ്ക്ക് ഒരു ലക്ഷം പിഴ‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th March 2022 11:58 AM  |  

Last Updated: 10th March 2022 11:58 AM  |   A+A-   |  

simbu

ഫയല്‍ ചിത്രംചെന്നൈ; നടൻ ചിമ്പു നൽകിയ മാനനഷ്ടക്കേസിൽ നിർമാതാക്കളുടെ സംഘടനയ്ക്ക് ഒരുലക്ഷം രൂപ പിഴ ചുമത്തി മദ്രാസ് ഹൈക്കോടതി. മൂന്നുവർഷമായിട്ടും കേസിൽ സത്യവാങ്മൂലം സമർപ്പിക്കാത്തതിനാലാണ് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിലിന് കോടതി പിഴയിട്ടത്. ഈമാസം 31-നകം പിഴ അടയ്ക്കണമെന്ന് കോടതി ഉത്തരവിട്ടു.

2016-ൽ പുറത്തിറങ്ങിയ ചിമ്പുവിന്റെ ‘അൻപാനവൻ അടങ്കാതവൻ അസറാതവൻ’ എന്ന ചിത്രവുമായി ബന്ധപ്പെട്ടാണ് കേസ്. സിനിമ പരാജയപ്പെട്ടതിന് പിന്നാലെ ചിമ്പുവിനെതിരെ ആരോപണവുമായി നിർമാതാവ് മൈക്കിൾ രായപ്പൻ രം​ഗത്തെത്തിയിരുന്നു. ചിത്രം പരാജയപ്പെട്ടത് ചിമ്പു കാരണമാണെന്നും ചിത്രീകരണത്തോട് താരം സഹകരിച്ചിരുന്നില്ലെന്നും നിർമാതാവ് ആരോപിച്ചു. തുടർന്നാണ് തന്നെക്കുറിച്ച് അപകീർത്തി പ്രചരിപ്പിക്കുന്നുവെന്ന് കാണിച്ച് ഒരു കോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് ചിമ്പു ഹൈക്കോടതിയിൽ മാനനഷ്ടക്കേസ് നൽകിയത്.

മൈക്കിൾ രായപ്പന് പുറമേ നിർമാതാക്കളുടെ സംഘടന, സംഘടനാ പ്രസിഡന്റായ നടൻ വിശാൽ എന്നിവരെയും ഹർജിയിൽ പ്രതിചേർത്തിരുന്നു. കേസിൽ രേഖാമൂലം സത്യവാങ്മൂലം നൽകണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നെങ്കിലും നിർമാതാക്കളുടെ സംഘടന സത്യവാങ്മൂലം സമർപ്പിച്ചിരുന്നില്ല. കഴിഞ്ഞദിവസം ഹർജി പരിഗണിച്ചപ്പോഴാണ് ജസ്റ്റിസ് പി. വേൽമുരുകൻ സംഘടനയ്ക്ക് പിഴചുമത്തി ഉത്തരവിട്ടത്. ഹർജി വീണ്ടും ഏപ്രിൽ ഒന്നിന് പരിഗണിക്കും.