'ഹൃദയം' ഇനി ഹിന്ദിയിലും തമിഴിലും തെലുങ്കിലും; റീമേക്ക് അവകാശം സ്വന്തമാക്കി കരൺ ജോഹർ   

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th March 2022 12:35 PM  |  

Last Updated: 25th March 2022 12:35 PM  |   A+A-   |  

karan_Johar_Hridayam_movie

ചിത്രം: ഫേയ്സ്ബുക്ക്

 

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത 'ഹൃദയം' സിനിമയുടെ റീമേക്ക് അവകാശങ്ങൾ കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസും ഫോക്സ് സ്റ്റാർ സ്റ്റുഡിയോസും ചേർന്ന് സ്വന്തമാക്കി. ഹിന്ദി, തമിഴ്, തെലുങ്ക് റീമേക്ക് ആവകാശങ്ങളാണ് ഇവർ സ്വന്തമാക്കിയിരിക്കുന്നത്. കരൺ ജോഹർ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ധർമ്മ പ്രൊഡക്ഷൻസിന്റെയും ഫോക്സ് സ്റ്റാർ സ്റ്റുഡിയോസിന്റെയും ഫേസ്ബുക്ക് പേജുകളിലും റിമേക്ക് അവകാശം സ്വന്തമാക്കിയ വിവരം പങ്കുവച്ചിട്ടുണ്ട്. 

‌ചിത്രത്തിന്റെ നിർമ്മാതാവ് വിശാഖ് സുബ്രമണ്യത്തിനും മെറിലാൻഡ് സിനിമാസിനും നന്ദിയും അറിയിച്ചിട്ടുണ്ട്. ‍പ്രണവ് മോഹൻലാലിനൊപ്പം ദർശന രാജേന്ദ്രൻ, കല്യാണി പ്രിയദർശൻ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിനിമയുടെ തിരക്കഥയും വിനീത് ശ്രീനിവാസന്റേതാണ്. 

ജനുവരി 21 നാണ് ഹൃദയം തിയറ്ററിൽ റിലീസ് ചെയ്തത്. പ്രണവിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമായാണ് ചിത്രത്തെ വിലയിരുത്തിയത്. പ്രണവ് അവതരിപ്പിച്ച അരുൺ എന്ന യുവാവിന്റെ കോളജ് കാലഘട്ടം മുതലുള്ള ജീവിതമാണ് ചിത്രത്തിലുള്ളത്.