'വിനായകന്റെ പരാമര്‍ശത്തില്‍ ക്രൂശിക്കപ്പെടുന്നത് ഞാനാണ്'; നവ്യ നായര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th March 2022 12:35 PM  |  

Last Updated: 27th March 2022 12:42 PM  |   A+A-   |  

VINAYAKAN_NAVYA_NAIR

ചിത്രം; ഫേയ്സ്ബുക്ക്

 

വിനായാകന്റെ വിവാദ പരാമര്‍ശത്തില്‍ പ്രതികരിച്ച് നടി നവ്യ നായര്‍. വിനായകന്‍ നടത്തിയ പരാമര്‍ശത്തിന് താനാണ് ക്രൂശിക്കപ്പെടുന്നത് എന്നാണ് നവ്യ പറഞ്ഞത്. വിനായകന്‍ പറഞ്ഞത് തെറ്റായിപ്പോയെന്നും അതില്‍ തനിക്കു ബുദ്ധിമുട്ട്് ഉണ്ടായെന്നും താരം പറഞ്ഞു. അന്നുണ്ടായ മുഴുവന്‍ സംഭവത്തില്‍ ഞാന്‍ ക്ഷമ ചോദിച്ചാല്‍ പ്രശ്‌നങ്ങള്‍ തീരുമെങ്കില്‍ ക്ഷമ ചോദിക്കുന്നതായും നവ്യ കൂട്ടിച്ചേര്‍ത്തു. 

'അദ്ദേഹം ചെയ്തത് തെറ്റായിപ്പോയി. ഓരോ മനുഷ്യര്‍ക്കും ഓരോ രീതിയിലാണ് പ്രതികരണശേഷി. അപ്പോള്‍ പ്രതികരിക്കാന്‍ എനിക്കായില്ല. എനിക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു, മൈക്ക് പലപ്രാവശ്യം വാങ്ങാനൊക്കെ ശ്രമിച്ചു. അതിനപ്പുറമുള്ള ഒരു പ്രതികരണശേഷി എനിക്ക് ഇല്ല. അന്നുണ്ടായ മുഴുവന്‍ സംഭവത്തില്‍ ഞാന്‍ ക്ഷമ ചോദിച്ചാല്‍ പ്രശ്‌നങ്ങള്‍ തീരുമെങ്കില്‍ ഞാന്‍ പൂര്‍ണ മനസ്സോടുകൂടി എല്ലാവരോടും ക്ഷമ ചോദിക്കുന്നു. അവിടെ നടന്നത് ഒരു പുരുഷന്റെ പരാമര്‍ശമാണെങ്കിലും ഇപ്പോഴും ക്രൂശിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് ഒരു സ്ത്രീയാണ്. കൂടുതല്‍ അവിടെയുണ്ടായിരുന്നത് പുരുഷന്മാരാണ് എന്നിട്ടും നിങ്ങള്‍ ചോദ്യം ചോദിക്കുന്നത് എന്നോടാണ്.- നവ്യ പറഞ്ഞു. ഒരുത്തീ സിനിമയുടെ പ്രമോഷന്റെ ഭാഗമായി തൃപ്പൂണിത്തുറ തിയറ്ററില്‍ എത്തിയതായിരുന്നു താരം. 

വിനായകന്റെ പരമര്‍ശത്തെക്കുറിച്ച് മാത്രം തന്നോടു ചോദ്യങ്ങള്‍ ചോദിക്കുന്നതിലുള്ള അതൃപ്തിയും താരം വ്യക്തമാക്കി. പത്ത് കൊല്ലം കഴിഞ്ഞാണ് ഞാന്‍ സിനിമയിലേക്ക് വരുന്നത്. അതിന്റെ സന്തോഷം ആഘോഷിക്കാന്‍ ദയവു ചെയ്ത് നിങ്ങള്‍ സമ്മതിക്കണം. കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ച് ബുദ്ധിമുട്ടിക്കരുത്. നിങ്ങളെ കാണുമ്പോള്‍ എനിക്ക് പേടിയാണ്. എങ്ങനെയൊക്കെ വിവാദമാക്കുമെന്ന് അറിയില്ല. നമുക്ക് അത്ര സൂക്ഷിച്ച് മറുപടി പറയാനുമാകില്ല. ദയവു ചെയ്ത് ഇത്തരം ചോദ്യങ്ങളില്‍ നിന്ന് എന്നെ ഒഴിവാക്കണം. എന്തെങ്കിലും തെറ്റ് എന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുണ്ടെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു.- നവ്യ നായര്‍ വ്യക്തമാക്കി