'നിലയ്ക്കാത്ത കയ്യടിക്ക് എല്ലാവർക്കും നന്ദി'; സന്തോഷം പങ്കുവച്ച് രാജമൗലി
By സമകാലിക മലയാളം ഡെസ്‌ക് | Published: 27th March 2022 05:51 PM |
Last Updated: 27th March 2022 05:51 PM | A+A A- |

ചിത്രം: ഫേയ്സ്ബുക്ക്
മറ്റൊരു ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ ഇന്ത്യൻ സിനിമയെ അമ്പരപ്പിച്ചിരിക്കുകയാണ് നടൻ എസ്എസ് രാജമൗലി. റാം ചരണിനേയും ജൂനിയർ എൻടിആറിനേയും പ്രധാന കഥാപാത്രങ്ങളാക്കി അദ്ദേഹം ഒരുക്കിയ ആർആർ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ആദ്യ ദിവസം തന്നെ റെക്കോർഡ് കളക്ഷനാണ് ചിത്രം നേടിയത്. ഇപ്പോൾ ചിത്രം ഏറ്റെടുത്ത ആരാധകർക്ക് നന്ദി പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് രാജമൗലി.
തന്റെ ഫേയ്സ്ബുക്കിലൂടെയാണ് അദ്ദേഹം പ്രേക്ഷകർക്ക് നന്ദി പറഞ്ഞത്. ആർആർആർ സിനിമയ്ക്ക് ലഭിക്കുന്ന നിലയ്ക്കാത്ത കയ്യടികൾക്ക് എല്ലാവർക്കും നന്ദി പറയുന്നു എന്നാണ് അദ്ദേഹം കുറിച്ചത്. ചിത്രത്തിന് ലഭിക്കുന്ന പ്രതികരണത്തിൽ താൻ സന്തോഷവാനായെന്നും അദ്ദേഹം പറയുന്നു. താരങ്ങളും ആരാധകരും ഉൾപ്പടെ നിരവധി പേരാണ് രാജമൗലിക്ക് അഭിനന്ദനങ്ങൾ അറിയിച്ച് രംഗത്തെത്തുന്നത്.
ബാഹുബലിക്ക് ശേഷം തിയറ്ററിൽ എത്തിയ രാജമൗലിയുടെ സിനിമയ്ക്ക് വമ്പൻ സ്വീകരണമാണ് ലഭിച്ചത്. ജൂനിയര്‍ എന്‍ടിആറും രാംചരണും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് കൂടാതെ പോര്‍ച്ചുഗീസ്, കൊറിയന്‍, ടര്‍ക്കിഷ്, സ്പാനിഷ് എന്നിങ്ങനെ പത്തു ഭാഷകളിലാണ് പുറത്ത് വന്നിരിക്കുന്നത്. ജൂനിയര്‍ എന്‍.ടി.ആര്‍. കൊമരു ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തുന്നത്. ആദ്യ ദിവസം തന്നെ 250 കോടിയിൽ അധികമായിരുന്നു ചിത്രത്തിന്റെ ബോക്സ് ഓഫിസ് കളക്ഷൻ.