15 കോടി നൽകാമെന്ന് പറഞ്ഞു, നാല് കോടി ഇതുവരെ കിട്ടിയിട്ടില്ല; നിർമാതാവിനെതിരെ നടൻ ശിവകാർത്തികേയൻ ഹൈക്കോടതിയിൽ 

സ്റ്റുഡിയോ ഗ്രീനിൻ ഉടമ കെ ഇ ജ്ഞാനവേൽ രാജയ്ക്കെതിരെയാണ് ആരോപണം
ശിവകാർത്തികേയൻ
ശിവകാർത്തികേയൻ

2019ൽ പുറത്തിറങ്ങിയ സിനിമയിൽ അഭിനയിച്ചതിന് പറഞ്ഞ പ്രതിഫലം നൽകിയില്ലെന്ന് ആരോപിച്ച് നിർമ്മാതാവിനെതിരെ തമിഴ് നടൻ ശിവകാർത്തികേയൻ ഹൈക്കോടതിയെ സമീപിച്ചു. 'മിസ്റ്റർ ലോക്കൽ' എന്ന ചിത്രത്തിൽ അഭിനയിച്ചതിന് 15 കോടി നൽകാമെന്നേറ്റെങ്കിലും 11 കോടി മാത്രമേ ഇതുവരെ നൽകിയിട്ടുള്ളെന്നാണ് നടന്റെ ആരോപണം. കോളിവുഡിലെ പ്രമുഖ ബാനർ ആയ സ്റ്റുഡിയോ ഗ്രീനിൻ ഉടമ കെ ഇ ജ്ഞാനവേൽ രാജയ്ക്കെതിരെയാണ് ആരോപണം. 

2018 ജൂലൈ 6ന് ആണ് മിസ്റ്റർ ലോക്കലിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കാൻ ശിവകാർത്തികേയനും സ്റ്റുഡിയോ ഗ്രീനും കരാറായത്. 15 കോടി തവണകളായി നൽകുമെന്നും അവസാന ഒരു കോടി സിനിമയുടെ റിലീസിനു മുൻപ് നൽകാമെന്നുമായിരുന്നു കരാർ. പക്ഷെ 11 കോടി മാത്രമാണ് നൽകിയതെന്നും ബാക്കി തുകയുടെ കാര്യം പലതവണ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പണം ലഭിച്ചില്ലെന്നും ശിവകാർത്തികേയൻ ചൂണ്ടിക്കാട്ടുന്നു. നൽകിയ 11 കോടിയുടെ ടിഡിഎസ് അടച്ചിരുന്നില്ലെന്നും താരം പറഞ്ഞു. 

ഫെബ്രുവരി 1ന് ആദായനികുതി വകുപ്പിൻറെ ഒരു നോട്ടീസ് ലഭിച്ചിരുന്നു. ഈ നോട്ടീസിനെതിരെ ഹൈക്കോടതിയിൽ ഒരു റിട്ട് ഹർജി നൽകിയിരുന്നു. എന്നാൽ ആദായനികുതി വകുപ്പ് നടനിൽ നിന്നും 91 ലക്ഷം രൂപ പിഴയായി ഈടാക്കി. ഇതാണ് പെട്ടെന്ന് ഹൈക്കോടതിയെ സമീപിക്കാമെന്ന് തീരുമാനിച്ചതിന്റെ കാരണമെന്ന് താരം പറയുന്നു. ഈ കേസിൽ തീർപ്പാകുന്നതുവരെ മറ്റു സിനിമകളിൽ പണം നിക്ഷേപിക്കാൻ ജ്ഞാനവേൽ രാജയെ അനുവദിക്കരുതെന്നും ശിവകാർത്തികേയൻ കോടതിയിൽ ആവശ്യപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com