മൈക്കിളപ്പൻ പൊളിയാണ്, ഇതുവരെ നേടിയത് 115 കോടി; സൂപ്പർഹിറ്റ് ഭീഷ്മ പർവ്വം
By സമകാലിക മലയാളം ഡെസ്‌ക് | Published: 30th March 2022 09:22 AM |
Last Updated: 30th March 2022 09:22 AM | A+A A- |

ചിത്രം; ഫേയ്സ്ബുക്ക്
മമ്മൂട്ടി നായകനായി എത്തിയ ഭീഷ്മ പർവ്വം തിയറ്ററുകളിൽ വൻ ആവേശമാണ് നിറച്ചത്. റിലീസ് ചെയ്ത് ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ചിത്രം 50 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ ബോക്സ് ഓഫിസ് കളക്ഷൻ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ നിന്ന് ചിത്രം 115 കോടിയാണ് നേടിയത്. ഒടിടി റിലീസ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ട് പുറച്ചുവിട്ടത്.
ചിത്രത്തിലെ പ്രധാന വേഷത്തിലെത്തിയ മാലാ പാർവതി ഉൾപ്പെടെ നിരവധി പേരാണ് പുതിയ പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ മാസ് ഡയലോഗുകളും ഉൾപ്പെടുത്തിക്കൊണ്ടാണ് പോസ്റ്റർ. സമീപകാലത്ത് മമ്മൂട്ടി ചിത്രത്തിന് ലഭിച്ച ഏറ്റവും വലിയ സ്വീകാര്യതയാണ് ഇത്. ആദ്യ ദിവസം കേരളത്തിലെ തിയറ്ററുകളിൽ നിന്ന് മാത്രം 3.676 കോടി രൂപയാണ് ചിത്രം നേടിയത്.
തിയറ്ററിൽ സൂപ്പർഹിറ്റായതിന് പിന്നാലെയാണ് ചിത്രം ഒടിടി റിലീസിന് ഒരുങ്ങുന്നത്. ഏപ്രിൽ ഒന്നിന് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം ഒടിടി പ്രേക്ഷകർക്കു മുന്നിലെത്തുന്നത്. ബിഗ് ബിക്ക് ശേഷം മമ്മൂട്ടിയും അമൽ നീരദും ഒന്നിച്ച ചിത്രമാണ് ഇത്. അമല്‍ നീരദ് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. അമല്‍ നീരദ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിര്‍മാണം. എ ആൻഡ് എയാണ് ചിത്രത്തിന്റെ വിതരണം. ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, അബു സലിം, പദ്‍മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, സ്രിദ്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്. അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് 'ഭീഷ്‍മ പര്‍വ'ത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. സുഷിൻ ശ്യാമാണ് സംഗീതം ഒരുക്കിയത്.