മമ്മൂട്ടിയുടെ വില്ലത്തരം, അരിച്ചിറങ്ങുന്ന 'പുഴു'; റിവ്യൂ

തന്റെ ചുറ്റുമുള്ളവരുടെയെല്ലാം ജീവിതം കാര്‍ന്നുതിന്നുന്ന ഒരു 'പുഴു'. മമ്മൂട്ടിയുടെ കഥാപാത്രത്തെ നമുക്ക് ഇങ്ങനെ  വിശേഷിപ്പിക്കാം
മമ്മൂട്ടിയുടെ വില്ലത്തരം, അരിച്ചിറങ്ങുന്ന 'പുഴു'; റിവ്യൂ

വിധേയനിലെ ഭാസ്‌കര പട്ടേലര്‍, പാലേരിമാണിക്യത്തിലെ മുരിക്കിന്‍കുന്നത്ത് അഹമ്മദ് ഹാജി ഇപ്പോള്‍ പുഴുവിലെ പൊലീസ് ഉദ്യോഗസ്ഥനും. സൂപ്പര്‍സ്റ്റാറിന് അപ്പുറം താനൊരു നല്ല നടനാണെന്നു വീണ്ടും തെളിയിച്ചിരിക്കുകയാണ് മമ്മൂട്ടി. ട്രെയിലറില്‍ കണ്ടതുപോലെ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. കുട്ടന്‍ എന്ന വിളിപ്പേരുള്ള ആ കഥാപാത്രത്തിന്റെ വില്ലത്തരങ്ങളെല്ലാം കയ്യടക്കത്തോടെയാണ് മമ്മൂട്ടി പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ കഥാപാത്രത്തിനൊപ്പം ചിത്രം ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളും പ്രാധാന്യം അര്‍ഹിക്കുന്നതാണ്.

ക്രൂരനായ പൊലീസ് ഉദ്യോഗസ്ഥന്‍, ക്രൂരനായ അച്ഛന്‍, ക്രൂരനായ സഹോദരന്‍... അങ്ങനെ തന്റെ ചുറ്റുമുള്ളവരുടെയെല്ലാം ജീവിതം കാര്‍ന്നുതിന്നുന്ന ഒരു 'പുഴു'. മമ്മൂട്ടിയുടെ കഥാപാത്രത്തെ നമുക്ക് ഇങ്ങനെ  വിശേഷിപ്പിക്കാം.  ഉന്നതകുലജാതനായ ഉയർന്ന പൊലീസ് ഉദ്യോ​ഗസ്ഥനായാണ് മമ്മൂട്ടി എത്തുന്നത്. അയാള്‍ കയ്യാളുന്ന അധികാരത്തിന്റെ ബലത്തില്‍ ജീവനും ജീവിതവും നഷ്ടപ്പെടുന്നവര്‍ നിരവധിയാണ്. കൂട്ടത്തില്‍ ഏറ്റവും ക്രൂരതയേല്‍ക്കേണ്ടിവരുന്നത് മകന്‍ കിച്ചുവിനാണ്. മകനോടും സഹോദരിയോടുമുള്ള സ്നേഹത്തേക്കാൾ അയാളെ അടക്കി വാഴുന്നത് സവർണ്ണ മനോഭാവമാണ്. തുടര്‍ച്ചയായി വധശ്രമങ്ങള്‍ നടക്കുന്നതോടെ കുട്ടന്റെ ജീവിതം കടുത്ത സമ്മര്‍ദ്ദത്തിലേക്കു പോകുന്നു. തന്റെ ജീവന് ഒഴികെ മറ്റൊരു ജീവനും വിലനല്‍കാത്ത ഇയാളുടെ ജീവിതമാണ് പുഴു പറയുന്നത്.

കഥാപാത്രത്തിന്റെ ക്രൂരതയും മാനസിക സമ്മര്‍ദ്ദങ്ങളുമെല്ലാം അതിമനോഹരമായാണ് മമ്മൂട്ടി പകര്‍ത്തിയിരിക്കുന്നത്. ജാതീയതയും ദളിത് വിരുദ്ധതയും ഇസ്ലാമോഫോബിയയുമെല്ലാം ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. അതിനൊപ്പം തന്നെ മോശം പാരന്റിങ് കുട്ടികളെ എങ്ങനെയാവും ബാധിക്കുക എന്നും കൃത്യമായി ചിത്രത്തിലൂടെ വ്യക്തമാക്കുന്നുണ്ട്. പണവും അധികാരവുമുള്ളവര്‍ മറ്റുള്ളവരെ നോക്കിക്കാണുന്നത് എങ്ങനെയെന്നും ചിത്രം കാണിക്കുന്നു.

സിനിമ പറഞ്ഞു പോകുന്നത് മമ്മൂട്ടിയിലൂടെ തന്നെയാണെങ്കിലും പാര്‍വതി ഉള്‍പ്പടെയുള്ള മറ്റു കഥാപാത്രങ്ങളേയും കൃത്യമായി അടയാളപ്പെടുത്താന്‍ ചിത്രത്തിനായി. ഇച്ചോൾ എന്ന കഥാപാത്രത്തിലൂടെ മലയാള സിനിമയിൽ പുതിയ മാതൃക സൃഷ്ടിച്ചിരിക്കുകയാണ് പാർവതി. അപ്പുണ്ണി ശശി അഭിനയിച്ച ബിആര്‍ കുട്ടപ്പന്‍ എന്ന കഥാപാത്രവും ചിത്രത്തിലെ ശക്തമായ സാന്നിധ്യമായിരുന്നു. ഈ കഥാപാത്രത്തിലൂടെയാണ് ചിത്രത്തിന്റെ രാഷ്ട്രീയം പറഞ്ഞുവയ്ക്കുന്നത്. അവഹേളനങ്ങൾക്കും പരിഹാസങ്ങൾക്കുമിടയിലും തലഉയർത്തി ചെറുപുഞ്ചിരിയോടെ നടന്നുപോകുന്ന കുട്ടപ്പൻ കയ്യടി അർഹിക്കുന്നുണ്ട്. കിച്ചുവായി വാസുദേവ് സതീഷ് മാരാര്‍ മികച്ച പ്രകടനം കാഴ്ചവച്ചു. നെടുമുടി വേണു, ഇന്ദ്രൻസ്, കുഞ്ചൻ, രമേഷ് കോട്ടയവുമെല്ലാം തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കി. 

സ്ലോ പേസിൽ പറഞ്ഞുപോകുന്ന ഒരു സൈക്കോളജിക്കൽ ത്രില്ലറാണ് ചിത്രം. അതിഭാവുകത്വമോ നാടകീയതയോ നിറയ്ക്കാതെ തന്നെ കഥ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ സംവിധായിക രത്തീനയ്ക്കായി. ആദ്യ ചിത്രത്തിലൂടെ തന്നെ മലയാള സിനിമയുടെ വാര്‍പ്പുമാതൃകകളെ രത്തീന പൊളിക്കുന്നുണ്ട്. കൂടാതെ ആര്‍പ്പുവിളിയും കയ്യടിയുമില്ലാതെ നായകന്റെ വില്ലത്തരം കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിലും സംവിധായിക വിജയിച്ചു. ഹര്‍ഷദിന്റെ കഥയ്ക്ക് ഹര്‍ഷദും ഷര്‍ഫുവും സുഹാസും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. സിനിമയെ സങ്കീര്‍ണമാക്കാതെ തന്നെ പല വിഷയങ്ങളേയും കൃത്യമായി മുന്നോട്ടുവയ്ക്കാന്‍ തിരക്കഥക്കായി. ജേക്‌സ് ബിജോയ് ഒരുക്കിയ പശ്ചാത്തല സംഗീതവും തേനി ഈശ്വറിന്റെ കാമറയും സിനിമയോട് ചേര്‍ന്നു നില്‍ക്കുന്നതാണ് എന്നാൽ സിനിമയുടെ കഥ പറച്ചിൽ രീതിയുടെ പ്രത്യേകതകൊണ്ടുതന്നെ കാണികളെ മടുപ്പിക്കുന്ന തരത്തിലുള്ള ഇഴച്ചിൽ അനുഭവപ്പെടുന്നുണ്ട്. 

താരങ്ങള്‍ ചെയ്യുന്ന നെഗറ്റീവ് വേഷങ്ങള്‍ പോലും പലപ്പോഴും ആഘോഷിക്കപ്പെടാറാണ് പതിവ്. അവരുടെ അതിമാനുഷികതയും തലയെടുപ്പുമെല്ലാം കയ്യടികളോടെയാണ് ആരാധകര്‍ ഏറ്റുവാങ്ങുക. എന്നാല്‍ പുഴുവിലെ മമ്മൂട്ടിയുടെ കഥാപാത്രം ഇതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ്. ശാരീരികമായോ മാനസികമായോ ശക്തിയില്ലാത്ത ഒരാളായാണ് മമ്മൂട്ടി എത്തുന്നത്. തന്റെ ക്രൂരതകളെ പലരീതിയില്‍ ന്യായീകരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കഥാപാത്രത്തിന്റെ ക്രൂരതകള്‍ക്കൊന്നും കയ്യടിക്കാന്‍ കാണികള്‍ക്കാവില്ല. രത്തീനയുടെ 'പുഴു' വിജയിക്കുന്നത് ഇവിടെയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com