സിനിമയെ കുറിച്ച് വ്യാജ റിവ്യൂ പ്രചരിപ്പിക്കുന്ന ഇത്തിൽകണ്ണികളെ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി നിർമാതാവ് വിജയ് ബാബു. ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബു നിർമിച്ച 'എങ്കിലും ചന്ദ്രികേ' എന്ന സിനിമയ്ക്ക് നേരിട്ട ദുരനുഭവം പങ്കുവെച്ച് അദ്ദേഹം ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ഇക്കാര്യം പറഞ്ഞത്.
'സിനിമയിലെ നോക്കുകൂലിക്കാർ' എന്ന തലക്കെട്ടോടെയാണ് വിജയ് ബാബുവിന്റെ കുറിപ്പ് ആരംഭിക്കുന്നത്. ഒരു വ്യക്തി തന്നെ നാല് യുട്യൂബ് ചാനലുകളിൽ ചിത്രത്തെ കുറിച്ച് യാതൊരു ബന്ധമുമില്ലാതെ റിവ്യൂ പറയുന്നതിന്റെ സ്‌ക്രീൻഷോട്ടും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
‘എങ്കിലും ചന്ദ്രികേ എന്ന ഞങ്ങളുടെ സിനിമയെക്കുറിച്ച് സത്യസന്ധമായി അഭിപ്രായം പറഞ്ഞവരോട് നന്ദി പറയാൻ ഈ അവസരം ഉപയോഗിക്കുന്നു. നിങ്ങൾ പറയുന്ന പോസിറ്റീവുകളിൽ നിന്നാണ് ഞങ്ങൾ പ്രചോദനം ഉൾക്കൊള്ളുന്നത്. നെഗറ്റീവുകളിൽ നിന്ന് പാഠം ഉൾക്കൊള്ളാറുമുണ്ട്. പോസിറ്റീവും നെഗറ്റീവുമായ അഭിപ്രായ പ്രകടനങ്ങൾ ചലച്ചിത്ര നിർമാതാക്കൾ എന്ന നിലയിൽ ഞങ്ങൾ സ്വീകരിക്കാറുണ്ട്. എന്നാൽ ചില പ്രത്യേക വ്യക്തികൾ അതിൽ നിന്ന് വ്യത്യസ്തരാണ്. നോക്കുകൂലിക്കാരൻ എന്ന പ്രയോഗത്തിന് ഏറ്റവും നല്ല ഒരു ഉദാഹരണമാണ് ഇദ്ദേഹം.
15 മിനിറ്റുകൾക്കുള്ളിൽ നാല് യുട്യൂബ് ചാനലുകളിലാണ് റിവ്യൂസുമായി ഇദ്ദേഹം പ്രത്യക്ഷപ്പെട്ടത്, അതും ചിത്രത്തിൻറെ ആദ്യ പ്രദർശനം അവസാനിക്കുന്നതിനു മുൻപേ തന്നെ. നാല് ചാനലുകളിൽ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങൾ! ഒരു യുക്തിയുമില്ലാതെ. പൊതുശ്രദ്ധയിലേക്ക് എത്തിക്കാൻ ചിത്രത്തിൻറെ ഇനിഷ്യൽ പ്രദർശനം അവസാനിക്കുന്നതിനായി കാത്തിരിക്കുകയായിരുന്നു ഞാൻ. സഹപ്രവർത്തകരേ, ഇത്തരം ഇത്തിൾക്കണ്ണികളെ കരുതിയിരിക്കുക. അദ്ദേഹത്തെയും ദൈവം അനുഗ്രഹിക്കട്ടെ.’’– ഫെയ്‌സ്‌ബുക്കിൽ വിജയ് ബാബു പറയുന്നു.
നവാഗതനായ ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്‌ത ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട്, ബേസിൽ ജോസഫ്, സൈജു കുറിപ്പ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക