'ജീവിതം മുഴുവൻ സുരേഷ് ​ഗോപിയുടെ ശബ്ദത്തിൽ ജീവിക്കുന്ന ആളല്ല ഞാൻ'; വിഡിയോയുമായി വൈറൽ എക്സൈസ് ഓഫിസര്‍

വിമർശനങ്ങൾക്ക് മറുപടിയുമായി അബ്ദുൽ ബാസിത് തന്നെ രം​ഗത്തെത്തിയിരിക്കുകയാണ്
അബ്ദുൽ ബാസിത്/ചിത്രം; ഫേയ്സ്ബുക്ക്
അബ്ദുൽ ബാസിത്/ചിത്രം; ഫേയ്സ്ബുക്ക്

ടൻ സുരേഷ് ​ഗോപിയുടെ ശബ്ദം അനുകരിച്ചാണ് എക്സൈസ് ഓഫിസിർ അബ്ദുൽ ബാസിത് ശ്രദ്ധേയനാകുന്നത്. ബാസിതിന്റെ വിഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ അതിനു പിന്നാലെ അദ്ദേഹത്തെ വിമർശിച്ചുകൊണ്ടും ഒരു വിഭാ​ഗം രം​ഗത്തെത്തി. ബാസിത്തിന്റേത് മിമിക്രിയാണെന്നും യഥാർഥ ശബ്ദം സുരേഷ് ഗോപിയുടെ ശൈലിയുമായി യാതൊരു ബന്ധവുമില്ലാത്തതാണെന്നുമായിരുന്നു ആരോപണം. ഇപ്പോൾ വിമർശനങ്ങൾക്ക് മറുപടിയുമായി അദ്ദേഹം തന്നെ രം​ഗത്തെത്തിയിരിക്കുകയാണ്. 

ജീവിതം മുഴുവൻ സുരേഷ് ​ഗോപിയുടെ ശബ്ദത്തിൽ ജീവിക്കുന്ന ആളല്ല താൻ എന്നാണ് ബാസിത് പറഞ്ഞത്. സമൂഹത്തിന്റെ നന്മയ്ക്കു വേണ്ടിയാണ് സുരേഷ് ഗോപിയുടെ ശബ്ദം അനുകരിക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്. കൂടുതൽ ആളുകളിലേക്ക് എത്താൻ വേണ്ടിയാണ് താരത്തെ അനുകരിക്കുന്നതെന്നും അതിനെ തെറ്റായി വ്യാഖ്യാനിക്കരുതെന്നും സോഷ്യൽ മീ‍ഡിയയിൽ പങ്കുവച്ച വിഡിയോയിൽ അബ്ദുൽ ബാസിത് പറയുന്നു. 

അബ്ദുൽ ബാസിതിന്റെ വാക്കുകൾ

സമൂഹത്തെ ബാധിച്ചുകൊണ്ടിരിക്കുന്ന ലഹരിക്കെതിരെ പോരാടാനാണ് ഞാൻ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. പല വേദികളിലും വളരെ ഇമോഷനലായി സംസാരിച്ചിട്ടുണ്ട്. അത് അനുഭവങ്ങളിലൂടെയാണ് സംസാരിക്കുന്നത്. എന്റെ ക്ലാസുകളിലെ ശബ്ദത്തിന്റെ മോഡുലേഷൻ സുരേഷ് ഗോപി സാറിന്റെ ശബ്ദവുമായി സാമ്യമുണ്ടെന്ന് പറഞ്ഞിരുന്നു. അതുമായി ബന്ധപ്പെട്ട് പല ചർച്ചകളും ഉയരുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു വിഡിയോയുമായി നിങ്ങളുടെ മുന്നിലെത്തിയത്. ലഹരിയുടെ ദൂഷ്യത്തെപ്പറ്റി ക്ലാസുകൾ എടുക്കുന്ന സമയത്ത് സുരേഷ് ഗോപി സാറിന്റെ ശബ്ദത്തിന്റെ മോഡുലേഷൻ കൊണ്ടുവരുമ്പോൾ അത് കൂടുതൽ ആളുകളിലേക്ക് എത്തിപ്പെടുന്നതായി കണ്ടിട്ടുണ്ട്. വികാരപരമായ ചില കാര്യങ്ങൾ പറയുമ്പോൾ അദ്ദേഹത്തിന്റെ ശബ്ദവുമായുള്ള സാമ്യം പല വേദികളും എനിക്ക് വരാറുണ്ട്. അതല്ലാതെ ജീവിതം മുഴുവൻ അദ്ദേഹത്തിന്റെ ശബ്ദത്തിൽ ജീവിക്കുന്ന ഒരാളല്ല ഞാൻ. അങ്ങനെയുള്ള ബോധവത്കരണ ക്ലാസുകളിലും സ്റ്റേജ് പെർഫോമൻസുകളിലും സമൂഹത്തിന്റെ നന്മയ്ക്കു വേണ്ടി മാത്രമാണ് ഞാനങ്ങനെ ശബ്ദം അനുകരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com