ഇടതുപക്ഷക്കാര്‍ വിക്കിപീഡിയ ഹൈജാക്ക് ചെയ്തു, എന്റെ ബര്‍ത്ത്‌ഡേ തെറ്റായി നല്‍കി; കങ്കണ റണാവത്ത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th March 2023 03:51 PM  |  

Last Updated: 16th March 2023 03:51 PM  |   A+A-   |  

kangana_ranaut

കങ്കണ റണാവത്ത്/ ചിത്രം ഫെയ്‌സ്‌ബുക്ക്

 

ബോളിവുഡിലെ വിവാദ താരമാണ് കങ്കണ റണാവത്ത്. പല വിഷയങ്ങളിലേയും താരത്തിന്റെ പ്രതികരണങ്ങള്‍ പലപ്പോഴും വിവാദങ്ങളില്‍ നിറയാറുണ്ട്. ഇപ്പോള്‍ വിക്കിപീഡിയയില്‍ തന്നെക്കുറിച്ചു വന്ന തെറ്റായ വിവരങ്ങളാണ് കങ്കണയെ ചൊടിപ്പിച്ചിരിക്കുന്നത്. ഇടതുപക്ഷക്കാര്‍ വിക്കിപീഡിയ ഹൈജാക്ക് ചെയ്ത് തന്റെ വിവരങ്ങള്‍ തെറ്റായി നല്‍കി എന്നാണ് താരം ആരോപിക്കുന്നത്. തന്റെ പിറന്നാള്‍ മാര്‍ച്ച് 20ന് അല്ലെന്നും മാര്‍ച്ച് 23ന് ആണെന്നും താരം വ്യക്തമാക്കുന്നുണ്ട്. 

വിക്കിപീഡിയ ഇടതുപക്ഷക്കാര്‍ ഹൈജാക്ക് ചെയ്തിരിക്കുകയാണ്. എന്റെ ജന്മദിനം, ഉയരം ഉള്‍പ്പടെയുള്ള പല വിവരങ്ങളും തെറ്റായാണ് നല്‍കിയിരിക്കുന്നത്. എത്ര പ്രാവശ്യം കൃത്യമാക്കാന്‍ ശ്രമിച്ചിട്ടും ശരിയാവുന്നില്ല. ആരാധകരും റെഡിയോ ചാനലുകളും ഉള്‍പ്പടെ നിരവധി പേരാണ് പിറന്നാള്‍ ആശംസകള്‍ അറിയിക്കുന്നത്. ഞാന്‍ അത് കാര്യമാക്കുന്നില്ല. വിക്കിപീഡിയയില്‍ 20 എന്ന് പറയുമ്പോള്‍ ഞാന്‍ 23ന് പിറന്നാള്‍ ആഘോഷിക്കുന്നത് പലരിലും സംശയമുണ്ടാക്കുന്നുണ്ട്. ദയവു ചെയ്ത് വിക്കിപീഡിയയിലേക്ക് തിരിച്ചുപോകാതെ ഇരിക്കൂ. അത് മുഴുവന്‍ തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങളുമാണ്. - കങ്കണ കുറിച്ചു. അടുത്ത ആഴ്ച താരം 36ാം പിറന്നാള്‍ ആഘോഷിക്കാനിരിക്കുകയാണ്. 

നിരവധി സിനിമകളാണ് താരത്തിന്റേതായി ഒരുങ്ങുന്നത്. ഇന്ദിര ഗാന്ധിയായി എത്തുന്ന എമര്‍ജന്‍സിയാണ് പുതിയ ചിത്രം. തമിഴ് ചിത്രം ചന്ദ്രമുഖി 2 വിലും താരം പ്രധാന വേഷത്തിലെത്തുന്നുണ്ട്. രാഘവ ലോറന്‍സാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഇനി എഴുത്തുകാരിയുടെ മകൾ; സന്തോഷ വാർത്തയുമായി മഞ്ജു വാര്യർ​

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ