കഴുത്തിൽ കൊലക്കയർ, "ഇത് ഇറാൻ ജനതയ്ക്കുവേണ്ടി"; കാൻ റെഡ് കാർപ്പറ്റിൽ മോഡലിന്റെ പ്രതിഷേധം

By സമകാലിക മലയാളം ഡെസ്ക്   |   Published: 30th May 2023 12:04 PM  |  

Last Updated: 30th May 2023 01:02 PM  |   A+A-   |  

Mahlagha_Jaberi

മഹ്ലാ​ഗ ജബേരി/ചിത്രം: ഇൻസ്റ്റാ​ഗ്രാം

 

കാൻ ഫിലിം ഫെസ്റ്റിവലിന്റെ റെഡ് കാർപ്പറ്റ് 33കാരിയായ ഇറാനിയൻ മോഡൽ മഹ്ലാ​ഗ ജബേരിക്ക് തന്റെ ഫാഷൻ പ്രദർശിപ്പിക്കാനുള്ള ഒരു വേദി മാത്രമായിരുന്നില്ല, മറിച്ച് സ്വന്തം നാടായ ഇറാനിലെ ഭരണകൂട കൊലപാതകങ്ങൾക്ക് എതിരെയുള്ള നിലപാട് വ്യക്തമാക്കുകയ കൂടിയായിരുന്നു അവർ. കറുപ്പ് ​ഗൗൺ ധരിച്ച് മഹ്ലാ​ഗ ചുവന്ന പരവതാനിയിൽ ചുവടുവച്ചപ്പോൾ ആദ്യം നോട്ടം പോയത് കഴുത്തിൽ നിന്ന് ​ഗൗണിലേക്ക് ഘടിപ്പിച്ചിട്ടുള്ള കുരുക്കിലേക്കാണ്. ബീജ് നിറത്തിൽ കൊലക്കയറിനെ ഓർമ്മിപ്പിക്കുന്നതായിരുന്നു അത്. 

"കാൻ ഫിലിം ഫെസ്റ്റിവലിൽ ചുവടുവച്ചു, ഇത് ഇറാൻ ജനതയ്ക്കായി സമർപ്പിക്കുന്നു", റെഡ് കാർപ്പറ്റിൽ നിന്നുള്ള വിഡിയോ പങ്കുവച്ച് മഹ്ലാ​ഗ തന്റെ ഇൻസ്റ്റ​ഗ്രാം പേജിൽ കുറിച്ചു. "ഇറാനിലെ വധശിക്ഷ അവസാനിപ്പിക്കുക" എന്ന ഹാഷ്ടാ​ഗും ഒപ്പം ചേർത്തിട്ടുണ്ട്. കഴിഞ്ഞ ആഴ്ച്ചകളിൽ നിരവധി പൗരന്മാരെയാണ് ഇറാൻ തൂക്കിലേറ്റിയത്. നോർവേ ആസ്ഥാനമായുള്ള ഇറാൻ മനുഷ്യാവകാശ ഗ്രൂപ്പിന്റെ കണക്കനുസരിച്ച് കഴിഞ്ഞ 18 ദിവസത്തിനുള്ളിൽ രാജ്യം കുറഞ്ഞത് 90 വധശിക്ഷകളെങ്കിലും നടപ്പാക്കിയിട്ടുണ്ട്. ഇതിനിടെയാണ് മഹ്ലാ​ഗയുടെ കാൻ ഔട്ട്ഫിറ്റ് ചർച്ചയാകുന്നത്. ചിലർ മോഡലിനെ പ്രശംസിച്ച് പിന്തുണയുമായി രംഗത്തെത്തിയപ്പോൾ മറ്റു ചിലർ ഈ പ്രവർത്തിയെ "അപമാനകരം" എന്നാണ് വിശേഷിപ്പിച്ചത്. 

ഇത്തരം ഒരു വിഷയം അവതരിപ്പിച്ച് ആളുകളെ മയക്കുന്നതരത്തിലുള്ള വിഡിയോ ചിത്രീകരിച്ചതിലുള്ള എതിർപ്പ് ഇടതുപക്ഷ മാധ്യമപ്രവർത്തകനായ യാഷർ അലി പ്രകടിപ്പിച്ചു. വിഷയത്തെക്കുറിച്ച് കൂടുതൽ വ്യക്തമാക്കാതെയുള്ള ഈ പ്രകടനത്തെ അദ്ദേഹം അപമാനകരം എന്നാണ് വിശേഷിപ്പിച്ചത്. അതേസമയം മഹ്ലാ​ഗയുടെ വസ്ത്രം ആരുടെയും ശ്രദ്ധ ആകർഷിക്കുന്ന പ്രതിഷേധ മാർഗ്ഗമായിരുന്നെന്നും അവൾ ധീരയാണെന്നതിന്റെ തെളിവാണ് ഇതെന്നുമാണ് അനുകൂലിക്കുന്നവരുടെ പക്ഷം. 

എതിർപ്പുകൾക്ക് പിന്നാലെ തന്റെ വസ്ത്രത്തെക്കുറിച്ചും അതിന്റെ പശ്ചാത്തലത്തെക്കുറിച്ചും കൂടുതൽ വ്യക്തത നൽകിക്കൊണ്ട് മഹ്ലാ​ഗ വീണ്ടും രംഗത്തെത്തി. "ഇറാനിയൻ ജനതയ്ക്ക് നേരെയുള്ള തെറ്റായ വധശിക്ഷാ നടപടികളിലേക്ക് മാധ്യമശ്രദ്ധ കൊണ്ടുവരാനാണ് പ്രധാനമായും ശ്രമിച്ചത്. നിർഭാഗ്യവശാൽ ചലച്ചിത്രമേളയിൽ രാഷ്ട്രീയ പ്രസ്താവനകൾ അനുവദിക്കില്ല. അതുകൊണ്ട് എന്റെ ഗൗണിന്റെ പിൻഭാഗം കാണിക്കുന്നതിൽ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥർ എന്നെ തടഞ്ഞു. പക്ഷെ മുൻവശത്തെ കൊലക്കയറിന്റെ അർത്ഥം എല്ലാവർക്കും കൃത്യമായി മനസ്സിലായി", മഹ്ലാ​ഗ കുറിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'ഒരു മാറ്റവുമില്ല', മകളുടെ നൃത്ത അരങ്ങേറ്റത്തിൽ നിറസാന്നിധ്യമായി ജോമോൾ; വിഡിയോ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ