ഇന്ദ്രന്‍സ് വീണ്ടും സ്‌കൂളിലേക്ക്; പത്താം ക്ലാസ് വിദ്യാര്‍ഥി

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഹൈസ്‌കൂളില്‍ എല്ലാ ഞായറാഴ്ചയുമാണ് ക്ലാസ്.
ഇന്ദ്രന്‍സ്
ഇന്ദ്രന്‍സ്

തിരുവനന്തപുരം: മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഇന്ദ്രന്‍സ്. ചെറിയ ചെറിയ കോമഡി വേഷങ്ങളിലൂടെയെത്തി, പിന്നീട് അഭിനയത്തിന്റെ പലതലങ്ങളിലൂടെ പ്രേക്ഷകരെ അമ്പരപ്പിച്ച നടന്‍ കൂടിയാണ് ഇന്ദ്രന്‍സ്. ഹോം എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിന് ദേശീയ പുരസ്‌കാരവും ഇന്ദ്രന്‍സിനെ തേടിയെത്തിയിരുന്നു. 

ഇപ്പോള്‍ വീണ്ടും വിദ്യാര്‍ഥിയായാണ് ഇന്ദ്രന്‍സ് മലയാളികളെ വിസ്മയിപ്പിക്കുന്നത്. പത്താംക്ലാസ് തുല്യത ക്ലാസിന് ചേര്‍ന്നിരിക്കുകയാണ് താരം. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഹൈസ്‌കൂളില്‍ എല്ലാ ഞായറാഴ്ചയുമാണ് ക്ലാസ്. 10 മാസമാണ് പഠന കാലയളവ്. ഏഴാം ക്ലാസില്‍ പഠനം അവസാനിപ്പിച്ചയാളാണ് ഇന്ദ്രന്‍സ്. അതിന്റെ രേഖകള്‍ എല്ലാ സമര്‍പ്പിച്ച ശേഷമാണ് പത്താംക്ലാസ് തുല്യത ക്ലാസിന് ചേര്‍ന്നത്. 

ആവശ്യത്തിന് പഠിത്തം ഇല്ലാത്തതിനാല്‍ ദേശീയ സംസ്ഥാന അംഗീകാരം ലഭിച്ചിട്ടും പലയിടത്തും ഒരു പേടിയോടെ പിന്നോട്ട് വലിയുന്നു. ഇത്തരം അവസരങ്ങള്‍ ഇല്ലാതാക്കാന്‍ കൂടിയാണ് ഇത്തരം ഒരു ശ്രമം എന്നാണ് ഇന്ദ്രന്‍സ് പുതിയ ദൗത്യത്തെക്കുറിച്ച് പറയുന്നത്. അന്ന് ദാരിദ്ര്യം കാരണമാണ് പഠിത്തം നിര്‍ത്തിയത്. ഇപ്പോള്‍ ഒരവസരം വന്നിരിക്കുകയാണ്. എന്നെ സമാധാനിപ്പിക്കാനായെങ്കിലും എനിക്ക് പഠിച്ചേ തീരുവെന്ന് ഇന്ദ്രന്‍സ് പറയുന്നു.

തിരുവനന്തപുരം കുമാരപുരം സ്‌കൂളിലാണ് ഏഴാം ക്ലാസ് വരെ വിദ്യാഭ്യാസം ഇന്ദ്രന്‍സ് പൂര്‍ത്തിയാക്കിയത്. 'വിശപ്പ് എങ്ങനെയും സഹിക്കാമെന്നു വച്ചു, പക്ഷേ പുസ്തകങ്ങളും വസ്ത്രങ്ങളും കിട്ടാക്കനിയായിരുന്നു. പതിയെ തയ്യല്‍പണിയിലേക്കു തിരിഞ്ഞു. പിന്നീട് വായനാശീലം സ്വന്തമാക്കി. ആ വായനയാണു ജീവിതത്തെക്കുറിച്ച് ഉള്‍ക്കാഴ്ചയുണ്ടാക്കിയത്' അദ്ദേഹം പറയുന്നു.

2018-ല്‍ പുറത്തിറങ്ങിയ ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ഇന്ദ്രന്‍സ് നേടിയിരുന്നു. 2019-ല്‍ വെയില്‍മരങ്ങള്‍ എന്ന ചിത്രത്തിലൂടെ സിംഗപ്പൂര്‍ സൗത്ത് ഏഷ്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്‌കാരം നേടി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com