തെന്നിന്ത്യയില്‍ തന്നെ ആവേശമായി മാറുകയാണ് ഫഹദ് ഫാസില്‍. ഓരോ സിനിമയിലും ഒന്നിനൊന്ന് മികച്ച പ്രകടനവുമായാണ് താരം ആരാധകരുടെ ഹൃദയം കവരുന്നത്. ഇപ്പോള്‍ തെന്നിന്ത്യയുടെ തന്നെ ഫാഫ ആയിരിക്കുകയാണ് താരം. ഇന്ന് 42ാം പിറന്നാള്‍ ആഘോഷിക്കുകയാണ് ഫഹദ് ഫാസില്‍. താരം ഗംഭീരമാക്കിയ കുറച്ച് വില്ലന്‍ കഥാപാത്രങ്ങള്‍ പരിചയപ്പെടാം.
മലയാള സിനിമയിലെ ഏറ്റവും വ്യത്യസ്തനായ വില്ലന്‍ കഥാപാത്രങ്ങളില്‍ ഒന്നാണ് കുമ്പളങ്ങി നൈറ്റ്‌സിലെ ഷമ്മി. പുരുഷാധികാരത്തിന്റെ പ്രതീകമായാണ് ചിത്രത്തില്‍ ഷമ്മിയെ കാണിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറ്റവും കയ്യടി നേടിയതും ഫഹദിന്റെ കഥാപാത്രമായിരുന്നു. ഷമ്മിയായുള്ള ഫഹദിന്റെ പ്രകടനം അതിശയിപ്പിക്കുന്നതായിരുന്നു. മധു സി നാരായണന്‍ സംവിധാനം ചെയ്ത ചിത്രത്തിലൂടെ മികച്ച സഹനടനുള്ള സംസ്ഥാന പുരസ്‌കാരവും താരത്തിന് ലഭിച്ചിരുന്നു.
ഫഹദ് ഫാസില്‍ ടൈറ്റില്‍ കഥാപാത്രമായി എത്തിയ ചിത്രമാണ് ജോജി. ദിലീഷ് പോത്തനാണ് ചിത്രം സംവിധാനം ചെയ്തത്. ഷേക്‌സ്പിയറിന്റെ മാക്ബത്തിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. ഒരു കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. പണത്തിനോടും അധികാരത്തോടുമുള്ള മനുഷ്യന്റെ ആര്‍ത്തി ജോജി എന്ന കഥാപാത്രത്തിലൂടെ കാണിച്ചു തരികയാണ് ദിലീഷ്. കുടുംബത്തിലെ ഏറ്റവും അശക്തനില്‍ നിന്ന് അധികാര സ്ഥാനത്തേക്കുള്ള വളര്‍ച്ച അതിമനോഹരമായാണ് താരം പ്രേക്ഷകരിലേക്ക് എത്തിച്ചത്.
റിമ കല്ലിങ്കല്‍ നായികയായി എത്തിയ ചിത്രത്തില്‍ സിറില്‍ സി മാത്യു എന്ന കഥാപാത്രമായാണ് ഫഹദ് എത്തിയത്. പെണ്‍ പ്രതികാരത്തെക്കുറിച്ച് പറഞ്ഞ ചിത്രത്തില്‍ ഗംഭീര വില്ലന്‍ വേഷത്തിലൂടെയാണ് താരം പ്രേക്ഷകരെ അമ്പരപ്പിച്ചത്. ആഷിഖ് അബു ആണ് ചിത്രം സംവിധാനം ചെയ്തത്.
തമിഴില്‍ ഫഹദ്ഫാസിലിന് ഏറെ കയ്യടി നേടിക്കൊടുത്ത ചിത്രമാണ് മാമന്നനിലെ രത്‌നവേല്‍. ദളിത് രാഷ്ട്രീയത്തെ ആസ്പദമാക്കിയാണ് മാരി ശെല്‍വരാജ് ചിത്രം ഒരുക്കിയത്. വടിവേലു, ഉദയനിധി സ്റ്റാലിന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വില്ലന്‍ കഥാപാത്രമായിട്ടാണ് ഫഹദ് എത്തുന്നതെങ്കിലും സിനിമ റിലീസ് ചെയ്തതിനു പിന്നാലെ ഏറ്റവും കൂടുതല്‍ വാഴ്ത്തപ്പെട്ടത് താരത്തിന്റെ രത്‌നവേല്‍ എന്ന കഥാപാത്രമായിരുന്നു. രത്‌നവേലിനെ നായകനാക്കി സിനിമ ഇറക്കണം എന്ന ആവശ്യം വരെ പ്രേക്ഷകരില്‍ നിന്ന് ഉയര്‍ന്നുവന്നു.
അല്ലു അര്‍ജുന്‍ നായകനായി എത്തിയ ചിത്രത്തിലെ ഏറ്റവും വലിയ ആകര്‍ഷണമായിരുന്നു ഫഹദ് ഫാസിലിന്റെ ബന്‍വാര്‍ സിങ് എന്ന പൊലീസ് കഥാപാത്രം. കൊടൂര വില്ലന്റെ വേഷത്തിലാണ് ഫഹദ് എത്തിയത്. മൊട്ടത്തലയില്‍ വ്യത്യസ്തമായ ലുക്കിലാണ് ചിത്രത്തില്‍ താരം എത്തിയത്. പുഷ്പയിലെ താരത്തിന്റെ പ്രകടനം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും ഫഹദ് എത്തുന്നുണ്ട്. ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ