തൊട്ടതെല്ലാം സൂപ്പർ ഹിറ്റാക്കി മാറ്റിയ കൂട്ടുകെട്ടായിരുന്നു സിദ്ദിഖ് - ലാലിന്റേത്. കൊച്ചിൻ കലാഭവനിൽ മിമിക്രിയിലൂടെ ആരംഭിച്ച സൗഹൃദം മലയാള സിനിമയുടെ തലവര തന്നെ മാറ്റിയെഴുതി. സിദ്ദിഖ് ലാലിന് മുൻപോ ശേഷമോ മലയാളിയുടെ നർമബോധത്തെ ഇത്രത്തോളം സ്വാധീനിച്ച മറ്റൊരു കൂട്ടുകെട്ട് ഉണ്ടായിട്ടില്ല എന്ന് വേണം പറയാൻ. സിദ്ദിഖ് - ലാൽ കൂട്ടുകെട്ടിൽ ഒരു ചിത്രം വരുന്നുവെന്ന് പറയുമ്പോൾ തന്നെ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ ആ ചിരിക്കാനായി കാത്തിരുന്നു.
സിനിമ മാത്രമായിരുന്നില്ല അവരുടെ മലയാള സിനിമയ്ക്കുള്ള സംഭാവന. പലപ്പോഴും മികച്ച നടനെയും നടിയേയും കഥാപാത്രങ്ങളേയും ഹിറ്റ് ഡയലോഗുകൾ പോലും സമ്മാനിച്ചു. 1993 ലാണ് ഈ കൂട്ടുകെട്ട് പിരിയുന്നത്. തമ്മിൽ പിരിയാൻ എന്താണ് കാരണം എന്ന് ചോദിച്ച പലരോടും പല കാരണങ്ങളാണ് ഇരുവരും പറഞ്ഞിട്ടുള്ളത്.
മലയാള സിനിമ ലോകം കണ്ട എക്കാലത്തെയും മികച്ച സൗഹൃദമായിരുന്നു ഇവരുടേത്. സിദ്ദിഖിന്റെ മൃതദേഹത്തിന് മുന്നിൽ കലങ്ങിയ കണ്ണുകളോടെ നീണ്ട നേരം നിശ്ചലമായിരുന്ന ലാലിന്റെ മുഖം ഇന്നും മായാതെ നമ്മുടെ മനസിലുണ്ടാകും. ഓർത്തോർത്ത് ചിരിക്കാൻ ഒരുപാട് സിനിമകൾ സമ്മാനിച്ച ആ അതുല്യ പ്രതിഭ വിടപറഞ്ഞിട്ട് ഇന്ന് ഒരു വർഷം പൂർത്തിയായിരിക്കുകയാണ്. സിദ്ദിഖ് - ലാൽ കൂട്ടുകെട്ടിലെത്തിയ സിനിമകളിലൂടെ...
സിദ്ദിഖ് - ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ആദ്യ ചിത്രമാണ് റാംജി റാവു സ്പീക്കിങ്. 1989ല്‍ പുറത്തിറങ്ങിയ ചിത്രത്തിൽ സായ് കുമാർ, മുകേഷ്, ഇന്നസെന്‍റ്, രേഖ, വിജയരാഘവൻ, ദേവൻ, മാമുക്കോയ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തിയറ്ററില്‍ ആദ്യമൊന്നും ഈ ചിത്രം കാണാന്‍ ആളില്ലായിരുന്നു. പിന്നീട് പതിയെ പതിയെ ആണ് തിയറ്റര്‍ നിറഞ്ഞതും ചിത്രം ഹിറ്റാകുന്നതും. ചിത്രത്തിലെ ഓരോ ഡയലോഗും മലയാളികൾക്ക് ഇന്നും മന:പാഠമാണ്.
സിദ്ദിഖ് - ലാൽ രചനയും സംവിധാനവും നിർവഹിച്ച ചിത്രം 1991 ലാണ് പുറത്തിറങ്ങിയത്. എൻ.എൻ പിള്ള, മുകേഷ്, കനക, ഫിലോമിന, തിലകൻ, ഇന്നസെന്റ്, ജഗദീഷ് തുടങ്ങി വൻതാര നിരയാണ് ചിത്രത്തിൽ അണിനിരന്നത്. അന്നത്തെ ഏറ്റവും വലിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു ഗോഡ്ഫാദർ. അഞ്ഞൂറാനും ആനപ്പാറ അച്ചാമ്മയും ഇന്നും മലയാളികളുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളാണ്.
സിദ്ദിഖ് - ലാൽ കൂട്ടുകെട്ടിന്റെ രണ്ടാമത്തെ ചിത്രമായിരുന്നു 1990 ൽ പുറത്തിറങ്ങിയ ഇൻ ഹരിഹർ നഗർ. മുകേഷ്, ജഗദീഷ്, സിദ്ദിഖ്, അശോകൻ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങൾ. ചിത്രത്തിലെ നിരവധി ഡയലോഗുകൾ ഇന്നും പ്രേക്ഷകർക്കിടയിൽ സൂപ്പർ ഹിറ്റാണ്. ടു ഹരിഹർ നഗർ എന്ന പേരിൽ ചിത്രത്തിന് രണ്ടാം ഭാഗവും ഇൻ ഗോസ്റ്റ് ഹൗസ് ഇൻ എന്ന പേരിൽ മൂന്നാം ഭാഗവും ഒരുങ്ങിയിരുന്നു.
സിദ്ദിഖ് - ലാൽ രചനയും സംവിധാനവും നിർവഹിച്ച് 1992 ൽ പുറത്തിറങ്ങിയ ചിത്രമാണ് വിയറ്റ്നാം കോളനി. മോഹൻലാൽ, ഇന്നസെന്റ, കനക, കെപിഎസി ലളിത എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങൾ. തിയറ്ററിലും ചിത്രം സൂപ്പർ ഹിറ്റായി മാറി. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു.
ഈ കൂട്ടുകെട്ടിലെ അവസാന ചിത്രമായിരുന്നു കാബൂളിവാല. ഇന്നസെന്റ്, ജഗതി ശ്രീകുമാർ, വിനീത്, ചാർമിള എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ആ കാലഘട്ടത്തിലെ യുവതയെയും അവരുടെ പ്രശ്നങ്ങളെയും റിയലിസ്റ്റിക് ആയി അവതരിപ്പിച്ചതാണ് സിദ്ദിഖ് - ലാൽ സിനിമകളുടെ വിജയം. കൂട്ടുകെട്ട് പിരിഞ്ഞ ശേഷം സിദ്ദിഖ് ഒരുക്കിയ ഹിറ്റ്ലറും ഫ്രണ്ട്സും നിർമ്മിച്ചത് ലാൽ ആയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ