ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന താരങ്ങളിലൊരാളാണ് മഹേഷ് ബാബു. ആരാധകർക്കിടയിൽ പ്രിൻസ് എന്നാണ് മഹേഷ് ബാബു അറിയപ്പെടുന്നത്. തന്റെ വരുമാനത്തിന്റെ ഏറിയ പങ്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പാവങ്ങളെ സഹായിക്കാനുമായി ചെലവഴിക്കുന്ന താരത്തെ രാജകുമാരൻ എന്നല്ലാതെ മറ്റെന്താണ് അവർ വിളിക്കുക. തെലുങ്ക് സിനിമയിലാണ് മഹേഷ് ബാബു തിളങ്ങിയതെങ്കിലും ജനനം കൊണ്ട് അദ്ദേഹം തമിഴനാണെന്ന കാര്യം അധികമാർക്കും അറിയില്ല.
ചെന്നൈയിലാണ് മഹേഷ് ജനിച്ചതും വളർന്നതുമെല്ലാം. തെലുങ്ക് സിനിമയിൽ തകർപ്പൻ ഡയലോഗുകൾ പറയുന്ന മഹേഷിന് തെലുങ്ക് വായിക്കാനും എഴുതാനും അറിയില്ല എന്നതും മറ്റൊരു കൗതുകം. താൻ ഒരിക്കലും റീമേക്ക് സിനിമകളിൽ അഭിനയിക്കില്ലെന്നും അങ്ങനെ ചെയ്ത് യഥാർഥ സിനിമയുടെ മഹത്വം നശിപ്പിക്കില്ലെന്നും മഹേഷ് ബാബു പരസ്യമായി പ്രഖ്യാപിച്ചതും ആരാധകരെ അത്ഭുതപ്പെടുത്തി.
ഇന്നും ചെറുപ്പം വിട്ടുമാറാത്ത താരത്തിന് പ്രായം അമ്പതോട് അടുക്കുന്നുവെന്ന് പറഞ്ഞാൽ പലർക്കും അത് വിശ്വസിക്കാൻ പ്രയാസമായിരിക്കും. ഇന്ന് അദ്ദേഹത്തിന്റെ 49-ാം ജന്മദിനമാണ്. ആരാധകരും താരങ്ങളുമടക്കം നിരവധി പേരാണ് താരത്തിന് ആശംസകൾ നേരുന്നത്. താരത്തിന്റെ ചില മികച്ച സിനിമകളെ പരിചയപ്പെടാം.
കൊരട്ടാല ശിവ സംവിധാനം ചെയ്ത് 2018 ലെത്തിയ ചിത്രമായിരുന്നു ഭാരത് അനെ നേനു. കിയാര അഡ്വാനിയായിരുന്നു ചിത്രത്തിൽ താരത്തിന്റെ നായികയായെത്തിയത്. ബോക്സോഫീസിൽ വൻ വിജയമായി മാറുകയും ചെയ്തു ചിത്രം. പ്രകാശ് രാജ്, ശരത് കുമാർ, സിതാര തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തി. ദേവിശ്രീ പ്രസാദായിരുന്നു സംഗീതമൊരുക്കിയത്.
പുരി ജഗന്നാഥ് സംവിധാനം ചെയ്ത ചിത്രം 2012 ലാണ് തിയറ്ററുകളിലെത്തിയത്. കാജൽ അഗർവാൾ, പ്രകാശ് രാജ്, നാസർ തുടങ്ങിയവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. എസ് തമനായിരുന്നു ചിത്രത്തിന് സംഗീതമൊരുക്കിയത്. 40 കോടി ബജറ്റിലൊരുക്കിയ ചിത്രം ഏകദേശം 90 കോടിക്ക് മുകളിൽ കളക്ഷൻ നേടിയിരുന്നു. ചിത്രത്തിനെതിരെ നിരവധി വിമർശനങ്ങളും വിവാദങ്ങളും ഉണ്ടായിരുന്നു. കഴിഞ്ഞ വർഷം മഹേഷ് ബാബുവിന്റെ പിറന്നാളിനോടനുബന്ധിച്ച് ചിത്രം റീ റിലീസ് ചെയ്തിരുന്നു.
ഗുണശേഖർ സംവിധാനം ചെയ്ത് 2003ൽ പുറത്തിറങ്ങിയ ചിത്രമാണ് ഒക്കഡു. ഭൂമിക ചൗള, പ്രകാശ് രാജ് തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങൾ. മഹേഷ് ബാബുവിന്റെ കരിയറിലെ ആദ്യ ബ്ലോക്ബസ്റ്റർ കൂടിയായിരുന്നു ഇത്. താരത്തിന്റെ കരിയറിന് തന്നെ വഴിത്തിരിവായി മാറി ഒക്കഡു.
പുരി ജഗന്നാഥ് സംവിധാനം ചെയ്ത ഈ ചിത്രത്തിലെ ഡയലോഗുകൾ ഇന്നും ഹിറ്റാണ്. 2006 ലായിരുന്നു ചിത്രമെത്തിയത്. ഇല്യാന ഡിക്രൂസ്, പ്രകാശ് രാജ്, നാസർ തുടങ്ങിയവരും ചിത്രത്തിലെത്തി. മഹേഷ് ബാബുവിനെ സൂപ്പർസ്റ്റാർ പദവിയിലേക്കുയർത്തിയ ചിത്രമായിരുന്നു ഇത്. മണി ശർമ്മയായിരുന്നു ചിത്രത്തിന് സംഗീതമൊരുക്കിയത്. 2022 ൽ മഹേഷ് ബാബുവിന്റെ ജന്മദിനത്തിൽ ചിത്രം റീ റിലീസ് ചെയ്തു.
മഹേഷ് ബാബു ആദ്യമായി ആർമി ഓഫീസറായെത്തിയ ചിത്രമായിരുന്നു സരിലേരു നീക്കെവരു. അനിൽ രവിപുഡിയായിരുന്നു സംവിധാനം. രശ്മിക മന്ദാന, വിജയശാന്തി, പ്രകാശ് രാജ്, രാജേന്ദ്ര പ്രസാദ് എന്നിവരായിരുന്നു പ്രധാന വേഷത്തിലെത്തിയത്. 75 കോടി ബജറ്റിലൊരുക്കിയ ചിത്രം 260 കോടിയാണ് ബോക്സോഫീസിൽ നേടിയത്. ദേവിശ്രീ പ്രസാദായിരുന്നു സംഗീതമൊരുക്കിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ