പല രൂപത്തിലും ഭാവത്തിലും വേഷത്തിലുമെത്തിയ പ്രേതങ്ങളുണ്ടായിട്ടുണ്ട് മലയാള സിനിമയിൽ. ചില യക്ഷികൾ നമ്മളെ പേടിപ്പിച്ചപ്പോൾ ചില പ്രേതങ്ങളെ കണ്ട് മലയാളികൾ പൊട്ടിച്ചിരിച്ചു, ചില പ്രേതങ്ങളെയോർത്ത് നമ്മൾ നൊമ്പരപ്പെട്ടു. പ്രേതസിനിമ എന്ന് പറഞ്ഞാൽ മലയാളികളുടെ മനസിലേക്ക് ആദ്യമെത്തുക ഭാർഗവി നിലയം തന്നെയായിരിക്കും. ഇന്നും ആള്‍ത്താമസമില്ലാതെ കാടുപിടിച്ച് അടഞ്ഞു കിടക്കുന്ന ഒരു വീട് കണ്ടാല്‍ മലയാളി ആദ്യം പറയുന്നത് അതൊരു ഭാര്‍ഗവി നിലയമാണെന്നായിരിക്കും.
അത്രത്തോളം ഭാര്‍ഗവി നിലയം പ്രേക്ഷകരിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. പിന്നീട് പല കാലങ്ങളിലായി യക്ഷി, ലിസ, കള്ളിയങ്കാട്ട് നീലി, ആയുഷ്കാലം, എന്ന് സ്വന്തം ജാനകിക്കുട്ടി, ആകാശഗംഗ, ഇന്ദ്രിയം, അപരിചിതൻ, മേഘസന്ദേശം തുടങ്ങി നിരവധി സിനിമകളിലൂടെ പ്രേതങ്ങൾ ഗതികിട്ടാതെ മലയാളസിനിമയിൽ അലഞ്ഞുതിരിഞ്ഞു.
ഇന്നിപ്പോൾ വെറും ഹൊറർ ചിത്രമെന്ന ലേബലിൽ നിന്ന് മാറി ടെക്നോ ഹൊറർ ചിത്രത്തിൽ വരെ എത്തി നിൽക്കുന്നു മലയാള സിനിമ. രൂപത്തിലും ഭാവത്തിലുമെല്ലാം വ്യത്യസ്തത പുലർത്തി മലയാളികൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട ചില പ്രേതങ്ങളിലൂടെ...
ജീവനോടെ ചുട്ടെരിക്കപ്പെട്ട ഗര്‍ഭിണിയുടെ പ്രേതം പ്രതികാരത്തിനെത്തുന്നതായിരുന്നു ആകാശഗംഗയിൽ മലയാളി കണ്ടത്. മാണിക്യശ്ശേരി കുടുംബത്തിന്റെ ക്രൂരതയ്ക്ക് ഇരയായി കൊല്ലപ്പെടുന്ന അവിടുത്തെ ദാസിയായ ഗംഗ എന്ന പെൺകുട്ടി യക്ഷിയായി മാറുകയും അവളുടെ പക തലമുറകളായി ആ കുടുംബത്തിൽ വരുത്തുന്ന പ്രശ്നങ്ങളുമാണ് ചിത്രം പറഞ്ഞത്. മലയാളികളെ അത്യാവശ്യം പേടിപ്പിച്ച ഹൊറർ ചിത്രം കൂടിയായിരുന്നു ഇത്. വിനയൻ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥയൊരുക്കിയത് ബെന്നി പി. നായരമ്പലമാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗവും പുറത്തുവന്നിരുന്നു. മയൂരിയായിരുന്നു ചിത്രത്തിൽ യക്ഷിയായെത്തിയത്.
വാണി വിശ്വനാഥ് പ്രേതമായെത്തിയ ചിത്രമായിരുന്നു ഇന്ദ്രിയം. ജോർജ് കിത്തു സംവിധാനം ചെയ്ത് 2000 ൽ പുറത്തിറങ്ങിയ ഇന്ദ്രിയത്തിൽ വിക്രം, നിഷാന്ത് സാഗർ എന്നിവരും പ്രധാന വേഷത്തിലെത്തി. ഒരു കൂട്ടം കോളജ് സുഹൃത്തുക്കൾ മുതുവൻമല കാട്ടിലെത്തുകയും അവരെ ഒരു യക്ഷി ഉപദ്രവിക്കുകയും ചെയ്യുന്നതാണ് ചിത്രത്തിന്റെ പ്രമേയം. നീലി എന്ന കഥാപാത്രമായാണ് വാണി വിശ്വനാഥ് ചിത്രത്തിലെത്തിയത്.
നിരവധി ട്രോളുകൾക്കും പരിഹാസങ്ങളും ലഭിച്ച മലയാള സിനിമയിലെ പ്രേതമായിരുന്നു മേഘസന്ദേശത്തിലെ റോസി. വെള്ള സാരി മാറ്റി കളർ സാരിയിലേക്ക് മാറിയ പ്രേതമായിരുന്നു റോസിയെന്നാണ് പ്രധാന കളിയാക്കലുകൾ. രാജസേനൻ സംവിധാനം ചെയ്ത ചിത്രത്തിൽ സുരേഷ് ഗോപി, സംയുക്ത വർമ്മ, രാജശ്രീ നായർ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തിയത്.
വിനയൻ സംവിധാനം ചെയ്ത് മേഘ്ന രാജ്, ഗൗതം എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു യക്ഷിയും ഞാനും. ആതിര എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മേഘ്ന രാജായിരുന്നു ചിത്രത്തിലെ യക്ഷി. തിലകനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തി.
നവാഗതനായ ജോഫിൻ ടി ചാക്കോ കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ദ് പ്രീസ്റ്റ്. മഞ്ജു വാര്യരും മമ്മൂട്ടിയും ആദ്യമായി ഒന്നിച്ച് അഭിനയിച്ച ചിത്രം കൂടിയായിരുന്നു ഇത്. സൂസൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മഞ്ജു വാര്യർ അവതരിപ്പിച്ചത്. നിഖില വിമൽ, ബേബി മോണിക്ക എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ