ജനകീയ സിനിമയുടെ പിതാവ്, മലയാളത്തിന്റെ ഋത്വിക് ഘട്ടക്ക്, ജോണിന് വിശേഷണങ്ങൾ ഏറെ...
നാലു ചിത്രങ്ങള്‍ മാത്രം സംവിധാനം ചെയ്തു. ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും മികച്ച 10 സംവിധായകരില്‍ ഒരാള്‍ എന്നാണ് സിനിമാ ചരിത്രം ജോണിനെ വിശേഷിപ്പിക്കുന്നത്. ജോണ്‍ തന്റെ സിനിമകളെക്കുറിച്ച് ഇങ്ങനെ പറഞ്ഞു; 'ഞാന്‍ ആത്മസാക്ഷാത്കാരത്തിന് വേണ്ടി സിനിമയെടുക്കാറില്ല. ജനങ്ങളോട് ചിലത് വിളിച്ച് പറയണമെന്ന് തോന്നുമ്പോഴാണ് ഞാന്‍ സ്രഷ്ടാവാകുന്നത്, സിനിമയെടുക്കുന്നത്. എന്റെ സിനിമ ജനങ്ങള്‍ കാണണമെന്നും അതിന്റെ എല്ലാ അര്‍ത്ഥത്തിലും മനസ്സിലാക്കണമെന്നും എനിക്ക് നിര്‍ബന്ധം ഉണ്ട്'
1937 ല്‍ കുട്ടനാട്ടിലെ ചേന്നംകരിയിലാണ് ജോണ്‍ എബ്രഹാം ജനിച്ചത്. കോട്ടയം സിഎംഎസ് സ്‌കളിലായിരുന്നു വിദ്യാഭ്യാസം. ഇക്കാലത്ത് മുത്തച്ഛനോടൊപ്പമായിരുന്നു ജോണിന്റെ താമസം. അദ്ദേഹമാണ് വായനയിലും സിനിമകളിലും ചിന്തളിലുമൊക്കെ ജോണിനെ രൂപപ്പെടുത്തുന്ന സ്വാധീനം. തുടര്‍ന്ന് തിരുവല്ല മാര്‍ത്തോമ കോളേജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദം നേടി.
കഴുതയെ കേന്ദ്രകഥാപാത്രമാക്കി 1977-ല്‍ 'അഗ്രഹാരത്തില്‍ കഴുതൈ' എന്ന തന്റെ രണ്ടാമത്തെ തമിഴ് സിനിമയിലൂടെ ലോക സിനിമയെ ഞെട്ടിച്ച പ്രതിഭാശാലിയാണ് ജോണ്‍. കഴുത കേന്ദ്ര കഥാപാത്രമായ ഈ ചിത്രം ബ്രാഹ്മണ അന്ധവിശ്വാസത്തെയും മതാന്ധതയേയും കടുത്ത ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിച്ച്, ഭാഷാപരമായ അതിര്‍ത്തികളെ മറികടന്ന് ഇന്ത്യന്‍ പ്രേക്ഷകരെയും ലോകത്തെയും ചിന്തിപ്പിച്ച സിനിമ.
അടൂര്‍ ഭാസിക്ക് സംസ്ഥാന ചലചിത്ര പുരസ്‌കാരം ലഭിച്ചത് 1979-ല്‍ പുറത്തിറങ്ങിയ 'ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍' എന്ന ജോണിന്റെ ചിത്രത്തിലൂടെയായിരുന്നു. അവറാച്ചന്‍ മുതലാളിയും അയാളുടെ ഗുണ്ടകളും ചേര്‍ന്ന് കര്‍ഷകത്തൊഴിലാളികളെ കായലില്‍ മുക്കികൊല്ലുന്ന ക്രൂരകൃത്യത്തിന് സാക്ഷിയാകേണ്ടിവരുന്ന ചെറിയാച്ചന്‍ എന്ന മധ്യവര്‍ഗ കര്‍ഷകന്റെ ആത്മസംഘര്‍ഷങ്ങളാണ് ചലച്ചിത്രം പിന്തുടരുന്നത്. ജോണ്‍ എബ്രഹാമിന് സംസ്ഥാന സര്‍ക്കാരിന്റെ ജൂറി പുരസ്‌കാരം ലഭിച്ചു
1972-ല്‍ സംവിധാനം ചെയ്ത 'വിദ്യാര്‍ഥികളേ ഇതിലേ ഇതിലേ' ആയിരുന്നു ആദ്യ സിനിമ. തുടര്‍ന്നാണ് 1977-ലെ 'അഗ്രഹാരത്തിലെ കഴുതൈ എന്ന തമിഴ് സിനിമയും' 1979-ലെ 'ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങളും', 1986-ല്‍ 'അമ്മ അറിയാന്‍' എന്ന മലയാളചിത്രവും ജോണിനെ ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ തങ്കലിപികളാല്‍ രേഖപ്പെടുത്താന്‍ കാരണമായി.
1987 മേയ് 30നാണ് ജോണ്‍, കോഴിക്കോട് നഗരഹൃദയത്തിലുള്ള ഒയാസിസ് കെട്ടിടത്തിന്റ മുകളില്‍ നിന്ന് വീണതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് മരണപ്പെടുന്നത്. മലബാറിന്റെ ആസ്ഥാനമായ കോഴിക്കോട് വെച്ച് ജോണ്‍ നമ്മോട് യാത്രപറയുമ്പോള്‍ അദ്ദേഹത്തിന് വെറും 49 വയസായിരുന്നു പ്രായം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ