ദേശത്തിനും ഭാഷയ്ക്കുമപ്പുറം എല്ലാ സിനിമ പ്രേക്ഷകരെയും തന്‍റെ സൗന്ദര്യത്താലും നൃത്തപാടവത്താലും അഭിനയ ചാതുരയാലും വിസ്മയിപ്പിച്ച നടി. ഇന്ത്യൻ സിനിമയിലെ ആദ്യ ലേഡി സൂപ്പർ സ്റ്റാർ എന്ന വിശേഷണത്തിന് ഏറ്റവും അർഹ. ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങിയ ആദ്യ നടി. അങ്ങനെ പറയാനാണെങ്കിൽ ഒരുപാടുണ്ട് ശ്രീദേവിയെക്കുറിച്ച്.
ഇന്ന് ശ്രീദേവിയുടെ 61-ാം പിറന്നാൾ കൂടിയാണ്. നാലാം വയസിൽ ബാലതാരമായി അഭിനയം തുടങ്ങിയ അവർ 50 വർഷം സിനിമയ്ക്കൊപ്പം ജീവിച്ചു. 54 -ാം വയസിൽ അവർ മരണമടഞ്ഞുവെന്ന വാർത്തയെത്തിയപ്പോൾ ശ്രീദേവിക്ക് പകരം ഇനിയാര് എന്ന ചിന്ത ഓരോ സിനിമ പ്രേക്ഷകന്റെയും ഉള്ളിലൂടെ കടന്നുപോയി.
ഇന്നോളം ആ സ്ഥാനം നികത്താൻ മറ്റാർക്കുമായിട്ടില്ല എന്നത് യാഥാർഥ്യം. ശ്രീദേവിക്ക് തുല്യം എന്നും ശ്രീദേവി മാത്രം. മലയാളത്തിനും ശ്രീദേവി സമ്മാനിച്ചിട്ടുണ്ട് എക്കാലത്തും ഓര്‍ത്തുവെക്കാവുന്ന ചില കഥാപാത്രങ്ങള്‍. മലയാളത്തിൽ ശ്രീദേവി അഭിനയിച്ച മലയാള സിനിമകളിലൂടെ.
1996 ൽ ഭരതൻ സംവിധാനം ചെയ്ത ചിത്രമാണ് ദേവരാഗം. അരവിന്ദ് സ്വാമി, ശ്രീദേവി എന്നിവരായിരുന്നു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എം.എം കീരവാണിയാണ് ചിത്രത്തിന് സംഗീതമൊരുക്കിയത്. ചിത്രത്തിലെ പാട്ടുകൾ ഇന്നും സൂപ്പർ ഹിറ്റാണ്. ഭാഗ്യലക്ഷ്മി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ശ്രീദേവിയെത്തിയത്.
ആലിംഗനം, അഭിനന്ദനം, അംഗീകാരം, ആശിർവാദം, അന്തർദാഹം, ആ നിമിഷം, അകലെ ആകാശം തുടങ്ങി ഐ വി ശശിയുടെ പത്തിലേറെ സിനിമകളിൽ ശ്രീദേവി നായികയായിരുന്നു. 1976ൽ പുറത്തിറങ്ങിയ ‘ആലിംഗന’മാണ് അതിലാദ്യത്തേത്. വിൻസന്റും രാഘവനുമായിരുന്നു നായകന്മാർ. ആലപ്പി ഷരീഫിന്റേതായിരുന്നു തിരക്കഥ.
ഐ വി ശശി സംവിധാനം ചെയ്ത് ആലപ്പി ഷരീഫ് തിരക്കഥയൊരുക്കി 1977 ൽ പുറത്തിറങ്ങിയ ചിത്രമാണ് അകലെ ആകാശം. മധു, അടൂർ ഭാസി, ശ്രീലത നമ്പൂതിരി എന്നിവരായിരുന്നു ശ്രീദേവിക്കൊപ്പം ചിത്രത്തിലഭിനയിച്ചത്. ജി ദേവരാജൻ ആയിരുന്നു സംഗീതമൊരുക്കിയത്. 1977 ശ്രീദേവിയുടെ മലയാള സിനിമാ ജീവിതത്തില്‍ ഒരു നാഴികക്കല്ലായിരുന്നു. മലയാളത്തില്‍ ശ്രീദേവി ആദ്യമായി ഇരട്ടവേഷത്തില്‍ അഭിനയിച്ച സത്യവാന്‍ സാവിത്രി പുറത്തിറങ്ങുന്നതും 1977 ലാണ്.
പി ജി വിശ്വംഭരൻ സംവിധാനം ചെയ്ത് 1977 ൽ പുറത്തിറങ്ങിയ ചിത്രമാണ് സത്യവാൻ സാവിത്രി. കമൽ ഹാസൻ, ശ്രീദേവി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. ജി ദേവരാജനായിരുന്നു സംഗീതമൊരുക്കിയത്.
കുമാരസംഭവം എന്ന ചിത്രത്തില്‍ സുബ്രഹ്മണ്യനായി അഭിനയിച്ചുകൊണ്ടായിരുന്നു ശ്രീദേവിയുടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം. തമിഴില്‍ അരങ്ങേറ്റം കുറിച്ച 1969 ല്‍ തന്നെയായിരുന്നു ശ്രീദേവിയുടെ മലയാളത്തിലേക്കുള്ള ചുവടുവയ്പ്പും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ