പ്രേക്ഷകരെ ചിരിക്കുഴിയിൽ വീഴ്ത്തി ബേസിലും കൂട്ടരും; 'നുണക്കുഴി' റിവ്യൂ
പ്രേക്ഷകരെ ചിരിക്കുഴിയിൽ വീഴ്ത്തി ബേസിലും കൂട്ടരും(3 / 5)
നുണകൾ കൊണ്ടൊരു കൊട്ടാരം സൃഷ്ടിച്ച് പിന്നെ കുടുക്കിൽ നിന്ന് ഊരാക്കുടുക്കുകളിലേക്ക് ചെന്ന് വീഴുന്ന നായകന്റെയും സഹതാരങ്ങളുടെയും കഥ പലപ്പോഴായി നമ്മൾ മലയാള സിനിമയിൽ കണ്ടിട്ടുണ്ട്. ഇതേ ഫോർമുലയിൽ തന്നെയാണ് ജീത്തു ജോസഫിന്റെ നുണക്കുഴിയും പ്രേക്ഷകനെ കൂട്ടിക്കൊണ്ടു പോകുന്നത്.
സമ്പന്നനായ കുടുംബത്തിൽ ജനിച്ചു വളർന്ന എബി എന്ന കഥാപാത്രമായാണ് ബേസിൽ ചിത്രത്തിലെത്തുന്നത്. അച്ഛൻ മരിക്കുന്നതോടെ കുടുംബത്തിന്റെ ബിസിനസുകളെല്ലാം അമ്മ എബിയെ ഏൽപ്പിക്കുകയാണ്. മൂന്ന് മാസമേ ആയിട്ടുള്ളു എബിയുടെ വിവാഹം കഴിഞ്ഞിട്ട്. അതുകൊണ്ട് തന്നെ ഭാര്യയുമായി സല്ലപിക്കലാണ് എബിയ്ക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യം.
എബിയുടെയും ഭാര്യയുടെയും ഇടയിലുണ്ടായ ഒരു സംഭവത്തെ ചുറ്റിപ്പറ്റിയാണ് നുണക്കുഴി സഞ്ചരിക്കുന്നത്. കുറച്ച് ആളുകളുടെ ജീവിതത്തിൽ ഒറ്റ ദിവസം നടക്കുന്ന സംഭവങ്ങളെയാണ് ജീത്തു ജോസഫ് സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. യാതൊരു പരിചയവുമില്ലാത്ത ആളുകൾ ഒരു സംഭവത്തിന്റെ കണ്ണികളാവുകയും പിന്നീട് അത് പരിഹരിക്കാൻ ശ്രമിക്കുന്നതുമാണ് കഥ.
നുണക്കുഴിയുടെ ഏറ്റവും വലിയ ഹൈലൈറ്റ് ബേസിലിന്റെ അഭിനയം തന്നെയാണ്. എക്സ്പ്രഷനിലൂടെ തന്നെ പ്രേക്ഷകരെ ചിരിപ്പിക്കാൻ ബേസിലിനായി. ബൈജു സന്തോഷ്, ഗ്രേസ് ആന്റണി, സൈജു കുറുപ്പ്, അജു വർഗീസ്, സിദ്ദിഖ്, ബിനു പപ്പു തുടങ്ങിയവരുടെ പ്രകടനവും സിനിമയുടെ രസം കൂട്ടി. മനോജ് കെ ജയൻ, അൽത്താഫ് സലിം, നിഖില വിമൽ തുടങ്ങിയവർ പതിവ് ശൈലി തന്നെയായിരുന്നു എന്നു മാത്രമല്ല ചിലയിടങ്ങളിൽ പ്രേക്ഷകരെ നന്നായി വെറുപ്പിക്കുകയും ചെയ്തു.
കെ ആർ കൃഷ്ണകുമാറാണ് ചിത്രത്തിന് കഥയൊരുക്കിയിരിക്കുന്നത്. പാളി പോകാവുന്ന രംഗങ്ങളെ കറക്ടായി പിടിച്ച് രസച്ചരട് പൊട്ടാതെ നിലനിർത്താൻ സംവിധായകൻ ജീത്തു ജോസഫിനായിട്ടുണ്ട്. ആദ്യ പകുതിയിലാണ് കോമഡി രംഗങ്ങൾ നന്നായി വർക്കൗട്ട് ആയത്.
ബേസിലും ഗ്രേസും തമ്മിലുള്ള കോമ്പിനേഷനാണ് ആദ്യ പകുതിയെ കൂടുതൽ എൻഗേജിങ് ആക്കിയതെങ്കിൽ രണ്ടാം പകുതിയിൽ ബേസിലിന്റെയും ബൈജു സന്തോഷിന്റെയും അഴിഞ്ഞാട്ടമാണ് കാണാനാവുക. രണ്ടാം പകുതിയിലേക്കെത്തുമ്പോൾ ചിത്രം പ്രേക്ഷകനെ നന്നായി മുഷിപ്പിക്കുന്നുണ്ട്.
രണ്ടാം പകുതിയിലെ വലിച്ചു നീട്ടൽ തന്നെയാണ് പ്രധാന കല്ലുകടിയാകുന്നത്. താരങ്ങളുടെ കോമ്പിനേഷൻ രംഗങ്ങളും കാര്യമായ രീതിയിൽ വർക്കായില്ല രണ്ടാം പകുതിയിൽ. പ്രത്യേകിച്ച് കഥയൊന്നുമില്ലാതെ ഇഴഞ്ഞു നീങ്ങുന്ന ഒരവസ്ഥയാണ് രണ്ടാം പകുതിയിൽ അനുഭവപ്പെടുക.
വിഷ്ണു ശ്യാം ആണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. കളിക്കളം ഇത് കളിക്കളം എന്ന റാംജി റാവു സ്പീക്കിങ്ങിലെ പാട്ടിനെ അനുസ്മരിപ്പിക്കുന്ന സംഗീതവും ചിത്രത്തെ കൂടുതൽ ആസ്വാദ്യകരമാക്കി. സതീഷ് കുറുപ്പിന്റെ ഛായാഗ്രഹണവും മികവ് പുലർത്തി. വലിയ കടുംപിടുത്തമൊന്നുമില്ലാതെ കുറച്ചു നേരം സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമൊപ്പമിരുന്ന് ചിരിക്കാനാഗ്രഹിക്കുന്നവർക്ക് ചിത്രം കണ്ടിരിക്കാം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ