മലയാളത്തിലെ ഏറ്റവും മികച്ച നടിയാണ് ഉർവശി. താരം നേടിയെടുത്ത പുരസ്കാരങ്ങൾ തന്നെ ഇതിനു തെളിവാണ്. ഇതിനോടകം ആറ് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളാണ് ഉർവശി സ്വന്തമാക്കിയത്. ഇതോടെ ഏറ്റവും കൂടുതൽ സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടുന്ന നടിയെന്ന സ്വന്തം റെക്കോർഡ് തന്നെ ഉർവശി തിരുത്തിയെഴുതി. 1989 മുതൽ 1991 വരെ ഇതിൽ തുടർച്ചയായ മൂന്നു വർഷങ്ങളിലാണ് താരം അവാർഡ് സ്വന്തമാക്കിയത്.
ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ ലീലാമ്മ എന്ന കഥാപാത്രത്തിനാണ് ആറാമത്തെ പുരസ്കാരം ഉർവശിയെ തേടിയെത്തിയത്. ഏറെ സ്നേഹിക്കുന്ന മകന്റെ അപ്രതീക്ഷിത വിയോഗത്തിനിടെ മരുമകളുടെ അവിഹിത ബന്ധത്തെക്കുറിച്ച് അറിയുന്നതും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. ഒറ്റപ്പെട്ട് പോയ ഒരു സ്ത്രീയുടെ മാനസിക വ്യഥകളെ കയ്യടക്കത്തോടെയാണ് ഉർവശി പ്രേക്ഷകരിലേക്ക് എത്തിച്ചത്.
1979ല്‍ കതിര്‍മണ്ഡപം എന്ന ചിത്രത്തില്‍ ബാലതാരമായിട്ടാണ് ഉര്‍വശി അരങ്ങേറ്റം കുറിക്കുന്നത്. അന്ന് 10 വയസായിരുന്നു ഉര്‍വശിക്ക്. തമിഴില്‍ മുന്താണെ മുടിച്ച് എന്ന ചിത്രത്തിലൂടെയാണ് നായിക നിരയിലേക്ക് എത്തുന്നത്. മലയാളത്തില്‍ നായികയായി ചുവടുവെക്കുന്നത് 1984ലാണ്.
ഉര്‍വശിക്ക് ആദ്യത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിക്കുന്നത് 1989ലാണ്. മഴവില്‍ക്കാവടി, വര്‍ത്തമാനകാലം എന്നീ സിനിമകളിലെ പ്രകടനത്തിനായിരുന്നു പുരസ്‌കാരം. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മഴവില്‍ക്കാവടിയില്‍ ആനന്ദവല്ലി എന്ന കഥാപാത്രത്തെയാണ് ഉര്‍വശി അവതരിപ്പിച്ചത്. ഐവി ശശിയാണ് വര്‍ത്തമാനകാലം സംവിധാനം ചെയ്തത്. സുരേഷ് ഗോപിയും ജയറാമും പ്രധാന വേഷത്തിലെത്തിയ ചിത്രത്തില്‍ അരുന്ധതി മേനോന്‍ എന്ന കഥാപാത്രമായാണ് താരം എത്തിയത്.
ആദ്യ സംസ്ഥാന പുരസ്‌കാരം നേടി അടുത്ത വര്‍ഷം തന്നെയാണ് ഉര്‍വശിയെ തേടി വീണ്ടും അവാര്‍ഡ് എത്തുന്നത്. തലയണ മന്ത്രം എന്ന ചിത്രത്തിലെ പ്രകടനത്തിനായിരുന്നു പുരസ്‌കാരം. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തില്‍ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാണ് ഉര്‍വശി അവതരിപ്പിച്ചത്. ചിത്രത്തിലെ നെടുന്തൂണും കാഞ്ചന എന്ന കഥാപാത്രമായിരുന്നു.
നാല് സിനിമകളിലെ മിന്നും പ്രകടനം കണക്കിലെടുത്താണ് ഉര്‍വശിക്ക് മൂന്നാമത്തെ സംസ്ഥാന പുരസ്‌കാരം ലഭിക്കുന്നത്. കടിഞ്ഞൂല്‍ കല്യാണം, കാക്കത്തൊള്ളായിരം, ഭരതം, മുഖചിത്രം എന്നീ സിനിമകളാണ് അവാര്‍ഡിനായി പരിഗണിച്ചത്. രാജസേനനാണ് കടിഞ്ഞൂല്‍ കല്യാണം സംവിധാനം ചെയ്തത്. ചിത്രത്തിലെ ഹൃദയകുമാരി എന്ന കഥാപാത്രം ഇന്നും ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. വിആര്‍ ഗോപാലകൃഷ്ണനാണ് കാക്കത്തൊള്ളായിരം എന്ന ചിത്രം സംവിധാനം ചെയ്തത്. മാനസിക വെല്ലുവിളി നേരിടുന്ന രേവതി എന്ന പെണ്‍കുട്ടിയുടെ വേഷത്തിലാണ് താരം എത്തിയത്. മോഹൻലാലിനെ നായകനാക്കി സിബി മലയില്‍ സംവിധാനം ചെയ്ത ഭരതത്തില്‍ ദേവി എന്ന കഥാപാത്രമായാണ് ഉര്‍വശി എത്തിയത്. സുരേഷ് ഉണ്ണിത്താന്‍ സംവിധാനം ചെയ്ത മുഖ ചിത്രത്തില്‍ സാവിത്രിക്കുട്ടി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.
എംപി സുകുമാരന്‍ നായര്‍ സംവിധാനം ചെയ്ത കഴകം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ഉര്‍വശി മികച്ച നടിയായത്. രാധ എന്ന കഥാപാത്രമായുള്ള ഉര്‍വശിയുടെ പ്രകടനം അതിഗംഭീരമായിരുന്നു. അവിവാഹിതയായ രാധയുടെ മാതൃസ്‌നേഹമാണ് ചിത്രത്തില്‍ പറയുന്നത്.
മധുചന്ദ്രലേഖ എന്ന ചിത്രത്തിലെ അഭിനയമാണ് ഉര്‍വശിയെ അഞ്ചാമത്തെ സംസ്ഥാന പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. അച്ചുവിന്റെ അമ്മയിലൂടെ സിനിമയിലേക്ക് തിരിച്ചെത്തിയ ഉര്‍വശിയുടെ രണ്ടാം ചിത്രമായിരുന്നു ഇത്. പ്രമുഖ പിന്നണി ഗായകന്റെ ഭാര്യയുടെ വേഷത്തിലാണ് ഉര്‍വശി അഭിനയിച്ചത്. രാജസേനനാണ് ചിത്രം സംവിധാനം ചെയ്തത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ