Manorathangal
മനോരഥങ്ങൾ

എംടിയുടെ മനോരഥങ്ങളിലൂടെ...

സീരിസിലെ ചില സിനിമയും കഥാപാത്രങ്ങളും തീരുമ്പോഴും മനസില്‍ ഏറെ നേരം തങ്ങി നില്‍ക്കും.
Published on
എംടിയുടെ മനോരഥങ്ങളിലൂടെ... (3 / 5)

മനുഷ്യ മനസിന്റെ, വികാരങ്ങളുടെ, ജീവിതസന്ധികളുടെ സത്യസന്ധമായ ആവിഷ്‌കാരം, അതാണ് എംടിയുടെ ഓരോ കഥയും നമ്മുടെ കഥയാണെന്ന് തോന്നിപ്പിക്കുന്നതെന്ന് മനോരഥങ്ങളുടെ ആമുഖത്തില്‍ കമല്‍ ഹാസന്‍ പറയുന്നുണ്ട്. അതുതന്നെയാണ് മനോരഥങ്ങളെക്കുറിച്ചും ഒറ്റവാക്കില്‍ പറയാനുള്ളത്. പല വികാരങ്ങളിലൂടെയാണ് മനോരഥങ്ങള്‍ ഓരോ പ്രേക്ഷകനെയും കൂട്ടിക്കൊണ്ടുപോകുന്നത്. കമല്‍ ഹാസന്റെ നറേഷനിലൂടെയാണ് ആന്തോളജിയിലെ ഓരോ എപ്പിസോഡും തുടങ്ങുന്നത്.

എംടിയുടെ 9 കഥകളെ അടിസ്ഥാനമാക്കി 8 സംവിധായകരാണ് മനോരഥങ്ങളെന്ന ആന്തോളജി ഒരുക്കിയിരിക്കുന്നത്. ഒന്‍പത് സിനിമകളില്‍ ഏറ്റവും മികച്ചത് ഏതാണെന്ന് കണ്ടെത്താന്‍ പ്രയാസമായിരിക്കും. ഓരോരുത്തര്‍ക്കും ഓരോന്നായിരിക്കും പ്രിയപ്പെട്ടതാവുക. പ്രണയം, സന്തോഷം, വിരഹം, മരണം തുടങ്ങി പല വികാരങ്ങളും മനോരഥങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നു.

സീരിസിലെ ചില സിനിമയും കഥാപാത്രങ്ങളും തീരുമ്പോഴും മനസില്‍ ഏറെ നേരം തങ്ങി നില്‍ക്കും. എന്നാല്‍ ചില സിനിമകള്‍ പ്രേക്ഷകരെ നിരാശപ്പെടുത്തിയിട്ടുമുണ്ടെന്ന് പറയാതെയും വയ്യ. സീ 5 ലാണ് സീരിസ് സ്ട്രീം ചെയ്യുന്നത്. ഓളവും തീരവുമെന്ന പ്രിയദര്‍ശന്‍ ചിത്രത്തിലൂടെയാണ് സീരിസ് തുടങ്ങുന്നത്.

Manorathangal
SM ONLINE

ഓളവും തീരവും (പ്രിയദര്‍ശന്‍)

മോഹന്‍ലാല്‍, ദുര്‍ഗകൃഷ്ണ, സുരഭി ലക്ഷ്മി, മാമുക്കോയ, ഹരീഷ് പേരടി എന്നിവരാണ് ഓളവും തീരവും എന്ന എപ്പിസോഡില്‍ പ്രധാനവേഷത്തിലെത്തുന്നത്. ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് ഓളവും തീരവും ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ഒരേ ഒരു ഷോട്ട് മാത്രമേ കളറില്‍ പ്രേക്ഷകന് കാണാനാകൂ. ബാപ്പുട്ടിയായി മോഹന്‍ലാലും നെബീസുവായി ദുര്‍ഗകൃഷ്ണയും എത്തിയിരിക്കുന്നു. തന്റെ സുഹൃത്തായ അബ്ദുവിന്റെ മരണ ശേഷം അയാളുടെ നാട്ടിലെത്തുകയാണ് ബാപ്പുട്ടി. അവിചാരിതമായി ബാപ്പുട്ടിയും അബ്ദുവിന്റെ സഹോദരി നെബീസുവും തമ്മില്‍ പ്രണയത്തിലാകുകയും തുടര്‍ന്ന് സംഭവിക്കുന്ന കാര്യങ്ങളുമാണ് ചിത്രം പറയുന്നത്.

മോഹന്‍ലാലിന്റെയും ദുര്‍ഗ കൃഷ്ണയുടെയും പ്രകടനം തന്നെയാണ് പ്രേക്ഷകരെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്നത്. ഇരുവരുടെയും ഇമോഷണല്‍ രംഗങ്ങളൊക്കെ പ്രേക്ഷകരിലേക്ക് ആഴ്ന്നിറങ്ങും. മേക്കിങ്ങിലും ഛായാഗ്രഹണത്തിലും ചിത്രം കൈയ്യടി നേടി. വൈഡ് ആംഗിള്‍ ഷോട്ടുകളും ക്ലോസ്അപ് ഷോട്ടുകളുമെല്ലാം മികച്ച രീതിയില്‍ തന്നെയാണ് ഒപ്പിയെടുത്തിരിക്കുന്നത്.

ചിത്രത്തിന്റെ അവസാനം ബാപ്പുട്ടിയും നെബീസുവും ഒരു നൊമ്പരമായി പ്രേക്ഷക മനസില്‍ തങ്ങി നില്‍ക്കും. ബാപ്പുട്ടിക്ക് നെബീസുവിനോടുള്ള കളങ്കമില്ലാത്ത സ്‌നേഹം ആദ്യാവസാനം വരെ പ്രേക്ഷകമനസിലും ഒരു വിങ്ങലായി മാറും. നിസഹായത, പ്രതീക്ഷ, പ്രണയം തുടങ്ങി ഒരുപാട് വികാരങ്ങളുടെ ഇടം കൂടിയാണ് ഓളവും തീരവും.

Manorathangal
SM ONLINE

കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ് (രഞ്ജിത്)

മമ്മൂട്ടി - രഞ്ജിത് കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രമാണ് കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ്. വേണുഗോപാല്‍ എന്ന പത്രപ്രവര്‍ത്തകനായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. അനുമോള്‍, വിനീത് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. സിനിമ തുടങ്ങുന്നതും അവസാനിക്കുന്നതും മമ്മൂട്ടിയുടെ ഫ്‌ലൈറ്റ് സീനിലൂടെയാണ്. രണ്ട് കാലഘട്ടങ്ങളിലൂടെയാണ് കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ് പ്രേക്ഷകരെ കൂട്ടികൊണ്ടുപോകുന്നത്.

അച്ഛനൊപ്പം സിലോണില്‍ നിന്ന് വന്ന ലീലയെന്ന പെണ്‍കുട്ടിയെ ചുറ്റിപ്പറ്റിയുള്ള വേണുഗോപാലിന്റെ സംശയങ്ങളും സത്യം തേടിയുള്ള യാത്രയുമാണ് ചിത്രത്തിന്റെ പ്രമേയം. ഫ്‌ലാഷ്ബാക്കിലൂടെയാണ് ചിത്രം മുന്നേറുന്നത്. കുളവാഴ വേവിച്ച് തിന്നുന്ന ശ്രീലങ്കന്‍ ജനതയുടെ അന്നത്തെക്കാലത്തെ ദാരിദ്ര്യവും ചിത്രം കാണിച്ചു തരുന്നുണ്ട്. ചിത്രത്തിന്റെ കളര്‍ ഷെയ്ഡിങ് എടുത്ത് പറയേണ്ടതാണ്. പശ്ചാത്തല സംഗീതവും കഥയോടും ദൃശ്യങ്ങളോടും ചേര്‍ന്നു നിന്നു.

Manorathangal
SM ONLINE

കാഴ്ച (ശ്യാമ പ്രസാദ്)

സ്ത്രീ കേന്ദ്രീകൃത സിനിമയായ കാഴ്ചയില്‍ പാര്‍വതി തിരുവോത്താണ് നായികയായെത്തിയിരിക്കുന്നത്. സുധയെന്ന കഥാപാത്രത്തെ വളരെ അടക്കത്തോടെയും തന്മയത്വത്തോടെയുമാണ് പാര്‍വതി സ്‌ക്രീനിലെത്തിച്ചത്. ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞ ശേഷം സുധ തന്റെ കുടുംബത്തിലേക്ക് മടങ്ങിയെത്തുന്നു. എന്നാല്‍ കുടുംബാംഗങ്ങളില്‍ നിന്നുള്‍പ്പെടെ സുധയ്ക്ക് കുറ്റപ്പെടുത്തലുകള്‍ മാത്രമാണ് നേരിടേണ്ടി വരുന്നത്. നരേന്‍, ഹരീഷ് ഉത്തമന്‍ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

ടോക്‌സിക്ക് ആയ ദാമ്പത്യ ജീവിതത്തില്‍ നിന്ന് വേര്‍പിരിഞ്ഞ് ജീവിക്കുന്ന ഒരു സ്ത്രീ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്‌നങ്ങളാണ് ചിത്രം പറയുന്നത്. സ്വന്തം ഇഷ്ടത്തിന് അനുസരിച്ച് ജീവിക്കാന്‍ പറ്റുന്നത് ഒരു ഭാഗ്യമാണെന്ന് സുധ ചിത്രത്തില്‍ പറയുന്നുണ്ട്. പലപ്പോഴായി നമ്മള്‍ കണ്ടിട്ടുള്ള അല്ലെങ്കില്‍ ഇന്നും കണ്ടുകൊണ്ടിരിക്കുന്ന ഒരുപാട് സ്ത്രീകളുടെ പ്രതിനിധിയാണ് സുധ.

ചുറ്റുമുള്ള എല്ലാവരും സുധയെ കുറ്റപ്പെടുത്തമ്പോള്‍ അവളെ ആഴത്തില്‍ മനസ്സിലാക്കി യാതൊരു മുന്‍വിധികളുമില്ലാതെ അവളോട് സംസാരിക്കുന്ന ഒരേയൊരാള്‍ അവളുടെ വലിയമ്മയാണ്. ഒഴിവാക്കിക്കോ എന്ന് ധൈര്യപൂര്‍വം വലിയമ്മ അവളോട് പറയുന്നുണ്ട്. പാടവും തറവാടും കുളവുമൊക്കെയായി മറ്റൊരു കാലഘട്ടത്തിലേക്ക് തന്നെ ദൃശ്യങ്ങളിലൂടെ കാഴ്ച പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോകുന്നുണ്ട്. ഛായാഗ്രഹണവും ചിത്രത്തെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്നു. ചിത്രത്തിലെ പാട്ടുകളും ഹൃദ്യമാണ്.

Manorathangal
SM ONLINE

ശിലാലിഖിതം (പ്രിയദര്‍ശന്‍)

മനോരഥങ്ങളിലെ പ്രിയദര്‍ശന്റെ രണ്ടാമത്തെ ചിത്രമാണ് ശിലാലിഖിതം. ബിജു മേനോന്‍, ശിവദ, ശാന്തികൃഷ്ണ, ജോയ് മാത്യു എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. പുരാവസ്തു ഗവേഷകനായ ഗോപാലന്‍കുട്ടി (ബിജു മേനോന്‍) മകള്‍ രേണുവിനൊപ്പം ഗ്രാമത്തിലെ തറവാട്ടിലേക്ക് നടത്തുന്ന യാത്രയില്‍ നിന്നാണ് ചിത്രം തുടങ്ങുന്നത്. നഗരത്തിലെ അയാളുടെ വീട്ടിലേക്കുള്ള മടക്കത്തോടെ ചിത്രം അവസാനിക്കുകയും ചെയ്യുന്നു.

അതിനിടയില്‍ അരങ്ങേറുന്ന ചില സംഭവങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. ശിലാലിഖിതം മുന്നോട്ട് പോകുന്തോറും സ്വാര്‍ഥതയുടെ പല മുഖങ്ങളെ നമ്മള്‍ കാണുന്നു. മരിക്കാന്‍ കിടക്കുന്ന ഒരു ജീവന് ഒരു തുള്ളി വെള്ളം പോലും കൊടുക്കാന്‍ മടിക്കുന്ന മനുഷ്യര്‍. അവിടെ കുറച്ചെങ്കിലും പ്രതീക്ഷയുടെ പുതുനാമ്പായി മാറുന്നത് രേണു മാത്രമാണ്. പലതരത്തിലുള്ള ആത്മസംഘര്‍ഷങ്ങളിലൂടെ കടന്നു പോകുന്ന ഗോപാലന്‍കുട്ടിയെ മികച്ച രീതിയില്‍ തന്നെയാണ് ബിജു മേനോന്‍ അവതരിപ്പിച്ചിരിക്കുന്നത്.

Manorathangal

വില്പന (അശ്വതി നായര്‍)

ആസിഫ് അലി, മാതു എന്നിവരാണ് വില്പനയില്‍ പ്രധാന വേഷത്തിലെത്തുന്നത്. സ്ത്രീ കേന്ദ്രീകൃതമായാണ് വില്പന ഒരുക്കിയിരിക്കുന്നത്. സമ്പന്നരായ മിസ്റ്റര്‍ ആന്‍ഡ് മിസിസ് പരേഖിന്റെ കഥയാണ് ചിത്രം പറയുന്നത്. കാലം മുന്നോട്ട് പോകുന്തോറും വിലയില്ലാതായി മാറുന്ന മനുഷ്യരെയും ബന്ധങ്ങളെയും വില്പനയില്‍ കാണാം. പുതിയ കാര്യങ്ങള്‍ ഇഷ്ടപ്പെടുന്ന ഭര്‍ത്താവിന് മുന്നില്‍ പഴകിയ ഒന്നായി മാറിയ മിസിസ് പരേഖിന്റെ ആത്മസംഘര്‍ഷവും ഒറ്റപ്പെടലുമെല്ലാം മനോഹരമായി മാതു പകര്‍ത്തിയിട്ടുണ്ട്.

നിരാശ, ഏകാന്തത, വിരഹം എല്ലാം വില്പനയില്‍ കടന്നുവരുന്നുണ്ട്. ബിജിബാലിന്റെ സംഗീതവും സിനിമയ്ക്ക് ജീവനേകി. സുനില്‍ ദാസ് എന്ന കഥാപാത്രമായി ചിത്രത്തിലെത്തുന്നത് ആസിഫ് അലിയാണ്. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്ത ഒരു കഥാപാത്രമാണ് വില്പനയിലെ ആസിഫിന്റേത്. പറയത്തക്ക അഭിനയ മുഹൂര്‍ത്തങ്ങളോ ഒന്നും ആസിഫിനില്ല.

Manorathangal
SM ONLINE

ഷെര്‍ലക് (മഹേഷ് നാരായണന്‍)

നദിയ മൊയ്തുവും ഫഹദ് ഫാസിലും ഷെര്‍ലക് എന്ന പൂച്ചയുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. അമേരിക്കയിലെ ശൈത്യകാലത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമയൊരുക്കിയിരിക്കുന്നത്. മനോരഥങ്ങളിലെ മറ്റു സിനിമകളില്‍ നിന്നെല്ലാം ഛായാഗ്രഹണത്തിലും മേക്കിങ്ങിലും വ്യത്യസ്തത പുലര്‍ത്തിയിട്ടുണ്ട് ഷെര്‍ലക്.

അമേരിക്കന്‍ മലയാളിയായുള്ള നദിയ മൊയ്തുവിന്റെ പ്രകടനം ശരിക്കും കൈയ്യടി നേടുന്നതാണ്. തന്റെ കഴിഞ്ഞ കാലത്തെ ഉപേക്ഷിച്ച് അമേരിക്കയിലുള്ള സഹോദരിയുടെ അടുത്തേക്ക് ജോലി് തേടി എത്തുകയാണ് ഫഹദ്. ചിത്രത്തില്‍ ആദ്യം മുതല്‍ അവസാനം വരെ ഷെര്‍ലേക് എന്ന പൂച്ചയുടെ സ്വാധീനം കാണാം.

കഥാപാത്രങ്ങളുടെ വൈകാരികതലങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. എല്ലാവർക്കും തങ്ങളുടെ കംഫർട്ട് സെപയ്സ് മറികടന്നു ജീവിക്കാൻ സാധിക്കില്ല, അത് മനുഷ്യനായാലും മൃഗമായാലും എന്നൊരു തിരിച്ചറിവ് കൂടി ചിത്രം പ്രേക്ഷകന് നൽകുന്നുണ്ട്.

Manorathangal
SM ONLINE

കടല്‍ക്കാറ്റ് (രതീഷ് അമ്പാട്ട്)

ഇന്ദ്രജിത്, അപര്‍ണ ബാലമുരളി, ആന്‍ അഗസ്റ്റിന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. ലോകനാഥന്റെ ഛായാഗ്രഹണം പ്രശംസനീയമാണ്. ഗര്‍ഭിണിയായ ഭാര്യയെ വിട്ട് മറ്റൊരു സ്ത്രീയുമായി അടുക്കുന്ന കേശവനെന്ന കഥാപാത്രമായാണ് ഇന്ദ്രജിത് ചിത്രത്തിലെത്തുന്നത്. ഇടയ്ക്കിടെ ഒരു കഥാപാത്രം പോലെ കടലും കടന്നുവരുന്നുണ്ട്.

ഒരേസമയം ധാര്‍ഷ്ട്യം പ്രകടിപ്പിക്കുന്നയാളും ദുര്‍ബലനുമാണ് കേശവ്. ചെയ്യുന്ന കാര്യങ്ങള്‍ക്ക് ഓരോ ന്യായീകരണങ്ങളും കേശവ് കണ്ടെത്തുന്നുണ്ട്. എന്നാല്‍ ചിത്രത്തിന്റെ അവസാനത്തോടടുക്കുമ്പോള്‍ കുറ്റബോധത്താല്‍ നീറുന്ന കേശവിനേയും കാണാം.

Manorathangal
SM ONLINE

അഭയം തേടി വീണ്ടും (സന്തോഷ് ശിവന്‍)

നിഗൂഡതയുടെ ഒരു മൂഡ് പിടിച്ചാണ് ചിത്രം സഞ്ചരിക്കുന്നത്. സിദ്ദിഖാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. വാടകയ്ക്ക് താമസിക്കാന്‍ ഒരു വീട് അന്വേഷിച്ചെത്തുന്ന ഒരാളുടെ കഥയാണ് ചിത്രം പറയുന്നത്. പല നിറങ്ങള്‍ കൊണ്ടും ലൈറ്റിങ് കൊണ്ടും വിഷ്വലി സമ്പന്നമാണ് അഭയം തേടി വീണ്ടും. ചിത്രത്തിലെ അതുല്‍ നറുകരയുടെ പാട്ടും ഹൃദ്യമാണ്. പേരില്ലാത്ത കഥാപാത്രമായി സിദ്ദിഖ് തന്റെ വേഷം മികച്ചതാക്കി. ജേക്‌സ് ബിജോയിയുടെ സംഗീതവും ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നു.

Manorathangal
SM ONLINE

സ്വര്‍ഗം തുറക്കുന്ന സമയം (ജയരാജ്)

ഇന്ദ്രന്‍സും നെടുമുടി വേണുവുമാണ് കേന്ദ്രകഥാപാത്രങ്ങളായെത്തുന്നത്. മരണത്തെ കുറിച്ചാണ് ചിത്രം പറയുന്നത്. ചിത്രത്തിലുടനീളം മരണത്തിന്റെ സാന്നിധ്യമായി ഡാര്‍ക്ക് ഷെയ്ഡ് നിലനിര്‍ത്തുന്നുണ്ട് സംവിധായകന്‍. കൈലാഷ്, സുരഭി ലക്ഷ്മി, രണ്‍ജി പണിക്കര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സമാധാനമായി മരിക്കാന്‍ എന്തൊക്കെയാണ് വേണ്ടതെന്ന് കുട്ടിനാരായണന് അറിയാം. ഇന്ദ്രന്‍സാണ് കുട്ടിനാരായണനായെത്തുന്നത്. മരണം കാത്ത് കിടക്കുന്ന വൃദ്ധനായാണ് നെടുമുടി വേണു ചിത്രത്തിലെത്തുന്നത്. വളരെ സ്ലോ പേസിലാണ് ചിത്രം സഞ്ചരിക്കുന്നത്. ഡാര്‍ക്ക് ഷെയ്ഡും ചിത്രത്തിന്റെ പതിഞ്ഞ താളത്തിലുള്ള സഞ്ചാരവും ആസ്വാദനത്തെ നന്നായി ബാധിക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

X
logo
Samakalika Malayalam
www.samakalikamalayalam.com