ഈ വർഷത്തെ ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനുള്ള പുരസ്കാരം ആര് നേടുമെന്നാണ് സിനിമ പ്രേക്ഷകർ ഒന്നടങ്കം ഉറ്റുനോക്കിയിരുന്നത്. ഒടുവിൽ കാത്തിരിപ്പുകൾക്കും ഊഹാപോഹങ്ങൾക്കും വിരാമമിട്ട് ആ പേര് പുറത്തു വന്നു, ഋഷഭ് ഷെട്ടി. ഇത് ഞങ്ങൾ അന്നേ പറഞ്ഞിരുന്നതല്ലേ, അർഹിക്കുന്ന അംഗീകാരം, ഇതിന് കിട്ടിയില്ലെങ്കിൽ പിന്നെ എന്തിനാണ് കൊടുക്കാനുള്ളത് എന്നിങ്ങനെ ആ പേര് കേട്ടതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ നിറഞ്ഞു.
അതേ കാന്താര എന്ന ഒറ്റ ചിത്രത്തിലൂടെ ഋഷഭ് ഷെട്ടി അക്ഷരാർഥത്തിൽ പ്രേക്ഷകരെ ഞെട്ടിച്ചുകളഞ്ഞു. ക്ലൈമാക്സിലെ പ്രകടനം ഇന്ത്യൻ സിനിമയിലെ തന്നെ ഒരു നടന്റെ എക്കാലത്തെയും പീക്ക് ലെവൽ പെർഫോമൻസുകളിൽ ഒന്നായിരുന്നു. എന്നാൽ കാന്താരയ്ക്ക് മുൻപ് ഋഷഭ് ഷെട്ടി പ്രേക്ഷകരെ വിസ്മയിപ്പിച്ച ചില സിനിമകൾ കൂടിയുണ്ട്. അതിൽ അദ്ദേഹം സംവിധാനം ചെയ്ത സിനിമകളും ഉൾപ്പെടും.
റിക്കി എന്ന ക്രൈം ത്രില്ലറിലൂടെയാണ് ഋഷഭ് ഷെട്ടി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. രക്ഷിത് ഷെട്ടിയും ഹരിപ്രിയയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രത്തിന് തിരക്കഥയൊരുക്കിയതും ഋഷഭ് ആയിരുന്നു. ഇന്ത്യയിലെ നക്‌സലിസത്തിൻ്റെ വ്യാപനമാണ് ചിത്രം കൈകാര്യം ചെയ്തത്. 2016 ലാണ് ചിത്രം പുറത്തിറങ്ങിയത്.
2016 ൽ തന്നെ മറ്റൊരു കിടിലൻ ചിത്രവുമായി ഋഷഭ് ഷെട്ടി പ്രേക്ഷകർക്ക് മുന്നിലെത്തി. രക്ഷിത് ഷെട്ടി, രശ്മിക മന്ദാന, സംയുക്ത ഹെഗ്‌ഡെ തുടങ്ങിയവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. രക്ഷിത് ഷെട്ടി, ഋഷഭ് ഷെട്ടി, അഭിജിത് മഹേഷ് എന്നിവർ ചേർന്നായിരുന്നു ചിത്രത്തിന് കഥയൊരുക്കിയത്. രശ്മിക മന്ദാനയുടെയും സംയുക്ത ഹെഗ്‌ഡെയുടെയും അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇത്. എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ കന്നഡ സിനിമകളിൽ ഒന്നായി കിരിക് പാർട്ടി മാറി. മൾട്ടിപ്ലെക്സുകളിൽ 365 ദിവസത്തോളം ചിത്രം പ്രദർശിപ്പിച്ചു.
2018 ൽ പുറത്തിറങ്ങിയ ചിത്രത്തിന് കഥയൊരുക്കിയത് ഋഷഭ് ഷെട്ടി, അഭിജിത് മഹേഷ്, രാജ് ബി ഷെട്ടി എന്നിവർ ചേർന്നായിരുന്നു. അത്യാഗ്രഹികളായ സർക്കാർ ഉദ്യോഗസ്ഥർ ഒരു സ്കൂൾ അടച്ചുപൂട്ടാൻ ശ്രമിക്കുന്നതും എന്നാൽ സ്കൂളിലെ വിദ്യാർത്ഥികൾ ഒരുമിച്ച് അവരുടെ സ്കൂളിനെ രക്ഷിക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. അനന്ത് നാഗ്, പ്രമോദ് ഷെട്ടി എന്നിവരായിരുന്നു പ്രധാന താരങ്ങൾ. ചിത്രം ബോക്‌സ് ഓഫീസിൽ സൂപ്പർ ഹിറ്റായി എന്നു മാത്രമല്ല 2019 ലെ മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര അവാർഡും നേടി.
ഋഷഭ് ഷെട്ടി നായകനായി അരങ്ങേറ്റം കുറിച്ച ചിത്രമാണ് ബെൽ ബോട്ടം. 2019 ൽ പുറത്തിറങ്ങിയ ഈ ചിത്രം ആ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്നായി മാറി. അഭിനയത്തിലും താനൊരു പുലിയാണെന്ന് ആരാധകർക്ക് മുന്നിൽ ഋഷഭ് കാണിച്ചു കൊടുത്ത ചിത്രം കൂടിയായിരുന്നു ഇത്. ജയതീർത്ഥ ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. ജപ്പാനിൽ നടന്ന ഇന്ത്യൻ ഫിലിം വീക്കിലും ചിത്രം പ്രദർശിപ്പിച്ചിരുന്നു.
രാജ് ബി ഷെട്ടി സംവിധാനം ചെയ്ത് 2021 ൽ പുറത്തുവന്ന ചിത്രമാണ് ഗരുഡ ഗമന വൃഷഭ വാഹന. രാജ് ബി ഷെട്ടിയും ഋഷഭ് ഷെട്ടിയുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. രണ്ട് സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറഞ്ഞത്. മികച്ച ജനപ്രീതിയാണ് ചിത്രത്തിന് വിവിധ ഭാഷകളിൽ നിന്ന് ലഭിച്ചത്. ഋഷഭ് ഷെട്ടിക്കൊപ്പം രാജ് ബി ഷെട്ടിയുടെ കരിയറിലും വഴിത്തിരിവായിരുന്നു ചിത്രം. ചിത്രത്തിലെ രാജ് ബി ഷെട്ടിയുടെ അഭിനയം കൈയ്യടി നേടി. ബോക്സ്ഫോസീലും മിന്നും പ്രകടനമാണ് ചിത്രം നടത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ